കെ.വി. തോമസ് സോണിയയെ കണ്ടു
ദില്ലി: കെപിസിസി വൈസ് പ്രസിഡന്റായി പി.സി. ചാക്കോയെ നിയമിക്കരുതെന്ന് ഹൈക്കമാന്റിനോട് ആവശ്യപ്പെടാന്‍ കെ. കരുണാകരന്റെ പ്രത്യേക ദൂതനായി ദില്ലിയിലെത്തിയ ടൂറിസം മന്ത്രി പ്രഫ. കെ.വി. തോമസ് സോണിയാഗാന്ധിയെ കണ്ട് ചര്‍ച്ച നടത്തി. അദ്ദേഹം ഇനി കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ഗുലാംനബി ആസാദുമായും ചര്‍ച്ച നടത്തും.
മുരളീധരനാണ് കെപിസിസി വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് പി.സി. ചാക്കോയുടെ പേര് നിര്‍ദ്ദേശിച്ചത്. എന്നാല്‍ ചാക്കോയ്ക്ക് പകരം പി.പി. തങ്കച്ചനെ വൈസ് പ്രസിഡന്റാക്കണമെന്നാണ് കരുണാകരന്റെ ആവശ്യം.
ഒരാഴ്ച നീണ്ടു നിന്ന ദില്ലിയിലെ ചര്‍ച്ചയ്ക്കൊടുവില്‍ ഐ ഗ്രൂപ്പ് പി.സി. ചാക്കോയുടെയും എ ഗ്രൂപ്പ് എം.ഐ. ഷാനവാസിന്റെയും പേരുകളാണ് വൈസ് പ്രസിഡന്റുസ്ഥാനത്തേക്ക് നിര്‍ദേശിച്ചിരുന്നത്. എന്നാല്‍ ഐ ഗ്രൂപ്പ് പ്രതിനിധിയായി പി.സി. ചാക്കോയെ ഒരു കാരണവശാലും അംഗീകരിക്കില്ലെന്നാണ് കരുണാകരന്റെ നിലപാട്.
ഇതിനിടെ ചാക്കോയെ പിന്‍വലിച്ചാല്‍ താന്‍ കെപിസിസി പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കുമെന്ന് മുരളീധരന്‍ ഭീഷണി മുഴക്കിയതായി അറിയുന്നു. കരുണാകരന്റെ അഭിപ്രായം സ്വീകരിക്കണോ അതോ മുരളിയുടെ അഭിപ്രായം സ്വീകരിക്കണമോ എന്നറിയാതെ ഹൈക്കമാന്റും പ്രതിസന്ധിയിലാണ്.
പാര്‍ടി നേതൃയോഗത്തില്‍ പത്മജയുടെ രാഷ്ട്രീയപ്രവേശനത്തെ ചാക്കോ ശക്തമായി എതിര്‍ത്തതിനാലാണ് കരുണാകരന്‍ ഇപ്പോള്‍ ചാക്കോയ്ക്കെതിരെ നീങ്ങുന്നതെന്നറിയുന്നു. ഐ ഗ്രൂപ്പില്‍ ഇതോടെ മറ്റൊരു ചേരി കൂടി രൂപപ്പെടുകയാണെന്നും പറയുന്നു. കരുണാകരനും പത്മജയും നേതൃത്വം നല്കുന്ന ഒരു വിഭാഗവും മുരളീധരനും ചാക്കോയും നേതൃത്വം നല്കുന്ന മറ്റൊരു വിഭാഗവും.












Click it and Unblock the Notifications