വാദം കേള്‍ക്കല്‍: ജയയുടെ അപേക്ഷ തള്ളി
ദില്ലി: താന്‍ മുഖ്യമന്ത്രിയായതിനെതിരെ സമര്‍പ്പിച്ച പൊതുതാല്പര്യ ഹര്‍ജികളിന്മേലുള്ള വാദം കേള്‍ക്കല്‍ മാറ്റിവെക്കണമെന്ന തമിഴ്നാട് മുഖ്യമന്ത്രി ജെ. ജയലളിതയുടെ അപേക്ഷ സുപ്രീം കോടതി തള്ളി.
ജസ്റിസ് എസ്.പി. ബറൂച്ചയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ ഡിവിഷന്‍ ബഞ്ച് സപ്തംബര്‍ നാല് ചൊവാഴ്ച മുതല്‍ ഹര്‍ജികളിന്മേല്‍ വാദം കേള്‍ക്കാന്‍ തുടങ്ങി. ക്രിമിനല്‍ കേസില്‍ മൂന്നു വര്‍ഷത്തില്‍ കൂടുതല്‍ ശിക്ഷിക്കപ്പെടുകയും തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ വിലക്ക് കല്പിക്കപ്പെടുകയും ചെയ്ത ജയലളിതയെ ഗവര്‍ണര്‍ ഫാത്തിമാ ബീവി മുഖ്യമന്ത്രിയായി നിയമിച്ച നടപടിക്കെതിരെയാണ് പൊതുതാല്പര്യ ഹര്‍ജികള്‍ സമര്‍പ്പിച്ചിട്ടുള്ളത്.
ജയലളിതക്കെതിരായ ഝാന്‍സി കേസ് ചെന്നൈ ഹൈക്കോടതിയില്‍ നടക്കുന്നുണ്ടെന്നതിനാല്‍ പൊതുതാല്പര്യഹര്‍ജികളിന്മേലുള്ള വാദം കേള്‍ക്കല്‍ മാറ്റിവക്കണമെന്നാണ് ജയലളിതയുടെ അഭിഭാഷകര്‍ ആവശ്യപ്പെട്ടത്. എന്നാല്‍ ഈ വാദം സുപ്രീം കോടതി നിരാകരിക്കുകയായിരുന്നു.
കഴിഞ്ഞ മെയ് 10ന് നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്നും ജയലളിതയെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിലക്കിയിരുന്നു. ഝാന്‍സി ഭൂമിയിടപാട് കേസില്‍ അവര്‍ ശിക്ഷിക്കപ്പെട്ടതിനാലായിരുന്നു ഇത്. എന്നാല്‍ ജയലളിത നേതൃത്വം നല്‍കിയ എഐഎഡിഎംകെ വന്‍ ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തി. തുടര്‍ന്ന് ഏതൊരു പൗരനും നിയസഭാംഗമാകാതെ തന്നെ ആറ് മാസം മന്ത്രിസ്ഥാനമോ മുഖ്യമന്ത്രിസ്ഥാനമോ വഹിക്കാമെന്ന ഭരണഘടനാ വ്യവസ്ഥയിന്മേല്‍ ജയലളിതയെ മുഖ്യമന്ത്രിയായി ഗവര്‍ണര്‍ അവരോധിക്കുകയായിരുന്നു.












Click it and Unblock the Notifications