ആദിവാസി പ്രശ്നം: മുഖ്യമന്ത്രി ചര്‍ച്ച നടത്തും
തിരുവനന്തപുരം: കേരളത്തിലെ ആദിവാസികളുടെ പ്രശ്നങ്ങള്‍ ആദിവാസി നേതാക്കളുമായി ചര്‍ച്ച ചെയ്യാന്‍ സപ്തംബര്‍ ആറ് വ്യാഴാഴ്ച മുഖ്യമന്ത്രി യോഗം വിളിച്ചു. കേരളത്തിലെ ആദിവാസികള്‍ നേരിടുന്ന പട്ടിണിയായിരിക്കും യോഗത്തിലെ മുഖ്യ ചര്‍ച്ചാ വിഷയം.
എന്നാല്‍ ഓണാഘോഷ പരിപാടികള്‍ തടസ്സം കൂടാതെ നടക്കാന്‍ വേണ്ടിയാണ് സംസ്ഥാന സര്‍ക്കാര്‍ പെട്ടെന്നൊരു ചര്‍ച്ചയ്ക്ക് തയ്യാറായതെന്ന് ആദിവാസി-ദളിത് സമരസമിതി അധ്യക്ഷ സി.കെ. ജാനു പറഞ്ഞു.
കേരള സര്‍ക്കാര്‍ നടത്തുന്ന ഓണാഘോഷ യാത്ര തടയാന്‍ ആദിവാസി-ദളിത് സമരസമിതി തീരുമാനിച്ചിട്ടുണ്ട്. കേരളത്തില്‍ ആദിവാസികള്‍ പട്ടിണി മൂലം മരിക്കുമ്പോള്‍ സര്‍ക്കാര്‍ ഓണാഘോഷങ്ങളുടെ പേരില്‍ പണം ധൂര്‍ത്തടിക്കുകയാണെന്ന് സമരസമിതി അധ്യക്ഷ സി.കെ. ജാനു ആരോപിച്ചു.
മുഖ്യമന്ത്രിയുടെ വീടിനും സെക്രട്ടേറിയറ്റിനും മുമ്പില്‍ സമരസമിതി ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നിട്ടുണ്ട്. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ 150ഓളം പേര്‍ അവിടെ താമസിച്ചുവരുന്നുമുണ്ട്. ഈ ക്യാമ്പുകളുടെ മുന്നിലൂടെ സര്‍ക്കാര്‍ പൊങ്ങച്ചത്തിന്റെ ഫ്ലോട്ടുകളും ആനന്ദനൃത്തവും കടന്നുപോവുകയാണെങ്കില്‍ അത് മനുഷ്യത്വത്തിനു നേര്‍ക്കുള്ള കൊഞ്ഞനം കുത്തലായിരിക്കുമെന്ന് സി.കെ. ജാനു പറഞ്ഞു.












Click it and Unblock the Notifications