ജയകേസ് വഴിത്തിരിവിലേക്ക്
ദില്ലി: ജയലളിതയെ മുഖ്യമന്ത്രിയായി നിയമിച്ചത് നിയമവിരുദ്ധമാണെന്ന് സുപ്രീംകോടതി പ്രഖ്യാപിച്ചാല്‍ എന്ത് പ്രത്യാഘാതമാണുണ്ടാവുകയെന്നത് സംബന്ധിച്ച് ഉടന്‍ വിവരം നല്കാന്‍ സുപ്രീംകോടതി അറ്റോര്‍ണി ജനറല്‍ സോളി സൊറാബ്ജിയോട് ആവശ്യപ്പെട്ടു. ജസ്റിസ് എസ്.പി. ബറൂച്ചയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ സുപ്രീംകോടതി ബഞ്ച് സപ്തംബര്‍ അഞ്ച് ബുധനാഴ്ച ജയലളിതയുടെ കേസ് പരിശോധിക്കുന്നതിനിടയിലാണ് ഈ ചോദ്യം ഉന്നയിച്ചത്.
ജയലളിതയ്ക്ക് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞചെയ്യാന്‍ കഴിയില്ലെന്നും ഇനി മുഖ്യമന്ത്രിയായി തുടരരുതെന്നും കോടതി പറഞ്ഞാല്‍ എന്തൊക്കെ പ്രത്യാഘാതങ്ങളാണുണ്ടാവുക?- ജസ്റിസ് എസ്.പി. ബറൂച്ച ചോദിച്ചു. മുഖ്യമന്ത്രിയെന്ന നിലയ്ക്ക് മറ്റ് മന്ത്രിമാരെ നിയമിച്ചത് ജയലളിതയാണെന്നിരിക്കെ, ജയയ്ക്ക് അധികാരത്തില്‍ തുടരാന്‍ കഴിയില്ലെങ്കില്‍ മറ്റ് മന്ത്രിമാര്‍ക്ക് അധികാരത്തില്‍ തുടരാമോ? - ഈ ചോദ്യത്തിനും ഉടന്‍ മറുപടി നല്കാന്‍ എസ്.പി. ബറൂച്ച അറ്റോര്‍ണി ജനറല്‍ സോളി സൊറാബ്ജിയോട് ആവശ്യപ്പെട്ടു.
ഒരു മുഖ്യമന്ത്രിയില്ലാതാകുന്ന ഈ ഇടക്കാലത്ത് തമിഴ്നാട് സര്‍ക്കാരിന് എന്ത് സംഭവിക്കും? എന്തൊക്കെയായിരിക്കും ഇതിന്റെ പ്രത്യാഘാതങ്ങള്‍? ഞങ്ങള്‍ക്ക് ഇതിന്റെ പ്രത്യാഘാതങ്ങളെന്തൊക്കെയാണെന്നറിയണം. അതിനുള്ള പരിഹാരമാര്‍ങ്ങളും കണ്ടെത്തണം. - എസ്.പി. ബറൂച്ച പറഞ്ഞു.
ഈ ചോദ്യങ്ങള്‍ക്ക് മറുപടി നല്കാന്‍ തനിക്ക് അല്പം സമയം അനുവദിക്കണമെന്നായിരുന്നു അറ്റോര്‍ണി ജനറലിന്റെ മറുപടി. മറുപടിയ്ക്ക് വേണ്ടി കൂടുതല്‍ അവധി നല്കാന്‍ പറ്റില്ലെന്നും സുപ്രീംകോടതി പറഞ്ഞു. ഈ പ്രശ്നത്തിന്റെ പ്രത്യാഘാതങ്ങളെന്തൊക്കെയാണെന്നും അതിനുളള പ്രതിവിധിയെന്താണെന്നും ഉടനെ അറിയിക്കണമെന്നായിരുന്നു ബഞ്ചിന്റെ മറുപടി.












Click it and Unblock the Notifications