ഒറീസ്സയില്‍ പട്ടിണിമരണം 26 ആയി
ഭുവനേശ്വര്‍: ഒറീസയിലെ കാഷിപൂരില്‍ പട്ടിണിമൂലം മരിച്ചവരുടെ എണ്ണം 26 ആയി. ഒറീസയിലെ പട്ടിണിമരണം മൂലം കുപ്രസിദ്ധിയാര്‍ജ്ജിച്ച കെബികെ പ്രദേശത്തില്‍ (കോരാപുട്ട്, ബലാംഗിര്‍, കാലാഹന്ദി എന്നീ മൂന്ന് പ്രദേശങ്ങളെയും ചേര്‍ത്തുള്ള വിളിപ്പേര്) പെട്ടതാണ് കാഷിപൂര്‍.
പട്ടിണി സഹിക്കാന്‍ കഴിയാതെ മാങ്ങയണ്ടി അരച്ചു കഴിച്ചവരാണ് മരിച്ചതെന്ന് ഔദ്യോഗിക റിപ്പോര്‍ട്ടില്‍ പറയുന്നു. മാങ്ങയണ്ടി അരച്ചു കുഴമ്പുരൂപത്തിലാക്കി കഴിക്കുകയാണ് ഇപ്പോഴും ഇവിടുത്തെ ജനങ്ങളെന്ന് പറയപ്പെടുന്നു.
ആദ്യത്തെ പട്ടിണി മരണം റിപ്പോര്‍ട്ട് ചെയ്ത് നാലാഴ്ച കഴിഞ്ഞ് സപ്തംബര്‍ ആറ് വ്യാഴാഴ്ച മാത്രമാണ് ഒറീസ്സ മുഖ്യമന്ത്രി നവീന്‍ പട്നായിക്ക് കാഷിപൂര്‍ സന്ദര്‍ശിച്ചത്. എന്നാല്‍ ഇവിടുത്തെ ജനങ്ങള്‍ മരിച്ചത് പട്ടിണിമൂലമാണെന്നുള്ള വാര്‍ത്ത മുഖ്യമന്ത്രി നിഷേധിച്ചു. ഭക്ഷ്യവിഷബാധ മൂലമാണ് ഇവര്‍ മരിച്ചതെന്നാണ് മുഖ്യമന്ത്രിയുടെ വിശദീകരണം. ഇവിടെ പൊതുവിതരണ സംവിധാനം കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നുണ്ട്. ഇവിടെ ഭക്ഷ്യവിഷബാധ മൂലം മരിച്ച മുഴുവന്‍ പേരും അവരുടെ റേഷന്‍ വാങ്ങിയിട്ടുള്ളവരാണ്- മുഖ്യമന്ത്രി പറഞ്ഞു.
സപ്തംബര്‍ ഒന്ന് തിങ്കളാഴ്ച പട്നായിക് പ്രധാനമന്ത്രിവാജ്പേയിയെ കണ്ടിരുന്നു. കെബികെ പ്രദേശത്തെ പട്ടിണി തുടച്ചുനീക്കാന്‍ 200 കോടി അധികഫണ്ട് അനുവദിക്കണമെന്നും അദ്ദേഹം മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു.
റായഗഡ ജില്ലയിലെ കാഷിപൂരിലെ പട്ടിണിമരണങ്ങള്‍ക്ക് കാരണം സംസ്ഥാനസര്‍ക്കാരാണെന്ന് ഒറീസ ഗണപരിഷത്ത് പ്രസിഡന്റ് ബിജയ് മഹാപാത്ര ആരോപിച്ചു. കാഷിപൂരിലെ ദാരുണമായ അവസ്ഥയ്ക്ക് കാരണം സര്‍ക്കാരിന്റെ പിടിപ്പുകേടാണെന്നും അദ്ദേഹം പറഞ്ഞു. പട്ടിണിമരണം മൂലം കുപ്രസിദ്ധിയാര്‍ജ്ജിച്ച കെബികെ പ്രദേശത്തിന്റെ വികസനത്തിനായി കഴിഞ്ഞ മൂന്നുവര്‍ഷമായി പ്രധാനമന്ത്രി ഒന്നും ചെയ്തിട്ടില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.












Click it and Unblock the Notifications