മുഷാറഫിനെ കാണും: വാജ്പേയി
ദില്ലി: ന്യൂയോര്‍ക്കില്‍ വച്ച് താന്‍ പാക്പ്രസിഡന്റ് മുഷാറഫിനെ കാണുമെന്ന് പ്രധാനമന്ത്രി വാജ്പേയി വ്യക്തമാക്കി. സപ്തംബര്‍ ആറ് വ്യാഴാഴ്ച ദില്ലിയില്‍ ഡിജിപിമാരുടെ യോഗം ഉദ്ഘാടനം ചെയ്യുമ്പോഴാണ് വാജ്പേയി ഇക്കാര്യം പറഞ്ഞത്.
മുഷാറഫുമായുള്ള കൂടിക്കാഴ്ച അര്‍ത്ഥപൂര്‍ണ്ണമായ ഒരു സംഭാഷണത്തിനുള്ള അന്തരീക്ഷമൊരുക്കുമെന്നും അദ്ദേഹം പറഞ്ഞു. പാകിസ്ഥാന്‍ കശ്മീര്‍ പ്രശ്നം അന്താരാഷ്ട്രവേദികളില്‍ അവതരിപ്പിക്കുന്നതിനെ കഴിഞ്ഞ ദിവസം ഇന്ത്യ എതിര്‍ത്തിരുന്നു. ഇനിയും ഇത്തരം ശ്രമങ്ങള്‍ പാകിസ്ഥാന്റെ ഭാഗത്തുനിന്നുണ്ടായാല്‍ ന്യൂയോര്‍ക്കിലെ കൂടിക്കാഴ്ച റദ്ദാക്കേണ്ടിവരുമെന്നും ഇന്ത്യ അഭിപ്രായപ്പെട്ടിരുന്നു.
ഞങ്ങളുടെ ശ്രമങ്ങള്‍ ഇതുവരെ വിചാരിച്ച ഫലമുണ്ടാക്കിയിട്ടില്ല. എങ്കിലും സമാധാനത്തിന് വേണ്ടി കൂടുതല്‍ ഉറച്ച തീരുമാനങ്ങള്‍ എടുക്കേണ്ടിയിരിക്കുന്നു. ആഗ്രയില്‍ തുടങ്ങിവച്ച ശ്രമങ്ങള്‍ തുടരുകതന്നെചെയ്യും- പ്രധാനമന്ത്രി പറഞ്ഞു.
കശ്മീരില്‍ ആറുമാസത്തേക്ക് തീവ്രവാദികള്‍ക്കെതിരായ തിരച്ചില്‍ നിര്‍ത്തിവയ്ക്കാന്‍ സൈന്യത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. വിവിധ തീവ്രവാദി സംഘങ്ങള്‍ക്കും അവരെ പിന്താങ്ങുന്നവര്‍ക്കും അര്‍ത്ഥപൂര്‍ണ്ണമായ ചര്‍ച്ച തുടങ്ങിവയ്ക്കാനുള്ള സന്മനസ്സുണ്ടാകുമെന്ന പ്രതീക്ഷയിലാണ് സര്‍ക്കാരിന്റെ ഈ നടപടി. ചര്‍ച്ചയിലൂടെ മാത്രമാണ് പരസ്പരവിശ്വാസവും ധാരണയും വളര്‍ത്താന്‍ കഴിയൂ എന്നും ഞങ്ങള്‍ വിശ്വസിക്കുന്നു. - അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications