വിഭാഗീയ പ്രവര്‍ത്തനം നിര്‍ത്തണം: സുര്‍ജിത്
തിരുവനന്തപുരം: പാര്‍ട്ടിയിലെ വിഭാഗീയ പ്രവര്‍ത്തനം അവസാനിപ്പിച്ചില്ലെങ്കില്‍ സിപിഎമ്മിന് കേരളത്തില്‍ വളര്‍ച്ചയുണ്ടാകില്ലെന്ന കാര്യം സംസ്ഥാന നേതാക്കള്‍ മനസ്സിലാക്കണമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി ഹര്‍കിഷന്‍ സിംഹ് സുര്‍ജിത് .
തിരുവനന്തപുരത്ത് നടക്കുന്ന സിപിഎം സംസ്ഥാന സമിതി യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയുടെ തോല്വിക്ക് കാരണം വിഭാഗീയ പ്രവര്‍ത്തനമാണെന്ന് കേന്ദ്രസമിതി റിപ്പോര്‍ട്ടിലും പറഞ്ഞിട്ടുണ്ട്.
എന്നാല്‍ തിരഞ്ഞെടുപ്പ് പരാജയത്തെക്കുറിച്ച് സംസ്ഥാന സമിതി തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ ഇക്കാര്യം മറച്ചുവക്കുകയായിരുന്നു. ഇതിനെ കേന്ദ്രസമിതി റിപ്പോര്‍ട്ടില്‍ നിശിതമായി വിമര്‍ശിക്കുകയും ചെയ്തിട്ടുണ്ട്. കേന്ദ്രസമിതി റിപ്പോര്‍ട്ട് സപ്തംബര്‍ അഞ്ച് ബുധനാഴ്ച സമിതി യോഗത്തില്‍ അവതരിപ്പിച്ചു. സംസ്ഥാന നേതാക്കളുടെ വിശദീകരണം ഇന്ന് നല്‍കും.
സംസ്ഥാന നേതാക്കലുടെ ധിക്കാരപരമായ നിലപാടുകള്‍ക്കെതിരെയും സമിതിയില്‍ പൊളിറ്റ് ബ്യൂറോ അംഗങ്ങള്‍ നിശിതമായ വിമര്‍ശനം നടത്തിയിട്ടുണ്ട്.
സിഐടിയു നേതാവ് കെ.എന്‍. രവീന്ദ്രനാഥിനെ സംസ്ഥാന സമിതിയില്‍ ഉള്‍പ്പെടുത്തുന്ന കാര്യം അജണ്ടയിലില്ലായിരുന്നുവെങ്കിലും ചര്‍ച്ച ചെയ്തതായി അറിയുന്നു. രവീന്ദ്രനാഥിനെ സമിതിയില്‍ ഉള്‍പ്പെടുത്തുന്നതിനെ വിഎസ് വിഭാഗം ശക്തമായി എതിര്‍ക്കുകയാണ്.
വ്യാഴാഴ്ച ഉച്ചയോടെ സുര്‍ജിത് ദില്ലിയിലേക്ക് തിരിക്കും. പൊളിറ്റ് ബ്യൂറോ അംഗങ്ങളായ പ്രകാശ് കാരാട്ട്, എസ്. രാമചന്ദ്രന്‍പിള്ള എന്നിവര്‍ തുടര്‍ന്നുള്ള ചര്‍ച്ചയിലും പങ്കെടുക്കുന്നുണ്ട്. വെള്ളിയാഴ്ചയാണ് മൂന്നു ദിവസം നീണ്ടു നില്‍ക്കുന്ന സമിതിയോഗം അവസാനിക്കുന്നത്.












Click it and Unblock the Notifications