ഝാന്‍സി: പുതിയ ജഡ്ജി വേണം - സുപ്രീം കോടതി
ദില്ലി: തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയ്ക്കെതിരെയുള്ളഝാന്‍സി കേസില്‍ വാദം കേള്‍ക്കാന്‍ പുതിയ ജഡ്ജിയെ നിയമിക്കണമെന്ന് സുപ്രീം കോടതി ആവശ്യപ്പെട്ടു. പുതിയ ജഡ്ജിയെ നിയമിക്കാന്‍ ചൈന്നൈ ഹൈക്കോടതി ചീഫ് ജസ്റിസിനോട് സുപ്രീം കോടതി ജസ്റിസുമാരായ എസ്.പി. ബറൂച്ച, ബ്രിജേഷ് കുമാര്‍, അശോക് ഭാന്‍ എന്നിവര്‍ സപ്തംബര്‍ ഏഴ് വെള്ളിയാഴ്ച ആവശ്യപ്പെട്ടു.
എന്നാല്‍ ചെന്നൈ ഹൈക്കോടതിയില്‍ ഇപ്പോഴുള്ള ആക്ടിംഗ് ചീഫ് ജസ്റിസിന് ജഡ്ജിയെ നിയമിക്കാനാവില്ല. പുതുതായി വരുന്ന ചീഫ് ജസ്റിസിനോടാണ് ജഡ്ജിയെ നിയമിക്കാന്‍ സുപ്രീം കോടതി ആവശ്യപ്പെട്ടിരിക്കുന്നത്.
ജയലളിതയ്ക്ക് സുപ്രീം കോടതിയില്‍ നിന്ന് തുടര്‍ച്ചയായി ഏല്‍ക്കുന്ന തിരിച്ചടികളിലൊന്നാണ് ഈ വിധി. ഝാന്‍സി കേസില്‍ ചെന്നൈ ഹൈക്കോടതിയില്‍ നടക്കുന്ന വിചാരണകള്‍ സുപ്രീംകോടതി ആഗസ്ത് 30ന് സ്റേ ചെയ്തിരുന്നു. കേസ് മറ്റേതെങ്കിലും കോടതിയിലേക്ക് മാറ്റണമെന്ന് സ്പെഷ്യല്‍ പ്രൊസിക്യൂട്ടര്‍ കെ.വി. വെങ്കടപതി ആവശ്യപ്പെട്ടിരുന്നു. കേസുമായി ബന്ധപ്പെട്ട എല്ലാ രേഖകളും വെങ്കടപതിക്ക് നല്‍കാന്‍ മദ്രാസ് ഹൈക്കോടതി രജിസ്ട്രാറോട് സുപ്രീം കോടതി നിര്‍ദേശിച്ചു.
ഝാന്‍സി കേസ് വാദം കേള്‍ക്കല്‍ നേരത്തെയാക്കണമെന്ന ജയലളിതയുടെ അപേക്ഷയും സുപ്രീം കോടതി നിരസിച്ചു. ഒക്ടോബര്‍ ഒന്നിനു മുമ്പ് ഈ കേസില്‍ വാദം തുടങ്ങരുതെന്നാണ് കോടതി പറഞ്ഞിരിക്കുന്നത്.












Click it and Unblock the Notifications