ജയലളിത രാജിവച്ചെന്ന് അഭ്യൂഹം
ചെന്നൈ: തനിക്കെതിരായ ഹര്‍ജികളില്‍ സുപ്രീംകോടതി വാദം കേള്‍ക്കുന്നതിനിടെ തമിഴ്നാട് മുഖ്യമന്ത്രി ജെ. ജയലളിത രാജിവച്ചെന്ന അഭ്യൂഹം ചെന്നൈയില്‍ ശക്തമായി. ജയലളിതയെ മുഖ്യമന്ത്രിയായി നിയമിച്ച നടപടിക്കെതിരെ സമര്‍പ്പിച്ച പൊതുതാല്പര്യഹര്‍ജികളിന്മേല്‍ സുപ്രീംകോടതി ഇതിനകം തന്നെ മൂന്നു ദിവസം വാദം കേട്ടുകഴിഞ്ഞു.
വാദം കേള്‍ക്കലിനിടയ്ക്ക് കോടതി നടത്തിയ പരാമര്‍ശങ്ങളെല്ലാം ജയലളിതയ്ക്കെതിരായിരുന്നു. തമിഴ്നാട്ടിലെ ജനങ്ങള്‍ ജയലളിതയുടെ പാര്‍ട്ടിയെ തിരഞ്ഞെടുത്തതിനാല്‍ അവര്‍ക്ക് മുഖ്യമന്ത്രിയാകാമെന്ന ജയലളിതയുടെ അഭിഭാഷകന്റെ വാദത്തെ കോടതി നിശിതമായി വിമര്‍ശിക്കുകയും ചെയ്തു. ജനവിധി ഒരിക്കലും ഭരണഘടനയേക്കാള്‍ മുകളിലല്ലെന്നായിരുന്നു കോടതിയുടെ വിലയിരുത്തല്‍. ജയലളിതയെ അയോഗ്യയായി പ്രഖ്യാപിച്ചാല്‍ ഉണ്ടാകുന്ന അനന്തരഫലങ്ങളെക്കുറിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ കോടതി അറ്റോര്‍ണി ജനറലിനോട് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.
കോടതിയുടെ വിലയിരുത്തലുകള്‍ ജയലളിതയെ മുമ്പെങ്ങുമില്ലാത്തവിധം ഉലച്ചിട്ടുണ്ടെന്നാണ് പൊതുവെ കരുതുന്നത്. കഴിഞ്ഞ മൂന്നു ദിവസമായി ജയലളിത നിയമസഭയില്‍ വന്നിട്ടില്ല. കൂടാതെ ബുധനാഴ്ച നടക്കാനിരുന്ന മന്ത്രിസഭായോഗവും അവര്‍ മാറ്റിവച്ചിരുന്നു.
തുടര്‍ന്നാണ് ജയലളിതയുടെ രാജിയെക്കുറിച്ച് അഭ്യൂഹങ്ങള്‍ പരക്കാന്‍ തുടങ്ങിയത്. രാജിവക്കുകയാണെങ്കില്‍ ജനങ്ങളുടെ സഹതാപം നേടാമെന്ന് അവരെ അഭിഭാഷകന്‍ ഉപദേശിച്ചിട്ടുണ്ടെന്നുപോലും അഭ്യൂഹം പരന്നു. എന്നാല്‍ ജയലളിതയുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ ഇത് നിഷേധിച്ചിട്ടുണ്ട്.
അതിനിടെ സംസ്ഥാന വിദ്യാഭ്യാസമന്ത്രി തമ്പിദുരൈയും ചീഫ് സെക്രട്ടറിയും കൂടി ദില്ലിക്ക് തിരിച്ചത് ജയലളിതയുടെ ഭാവി അപകടത്തിലാണെന്ന് വ്യക്തമായ സൂചനകള്‍ നല്‍കിയിട്ടുണ്ട്. എന്നാല്‍ ഒരു ഭാഷാസമിതി യോഗത്തില്‍ പങ്കെടുക്കാനാണ് താന്‍ ദില്ലിയില്‍ വന്നതെന്നാണ് തമ്പിദുരൈയുടെ വിശദീകരണം.
ജയലളിതയുടെ രാജിയെപ്പോലെ തന്നെ പിന്‍ഗാമിയെക്കുറിച്ചും അഭ്യൂഹം പരക്കുന്നുണ്ട്. മുതിര്‍ന്ന നേതാവും ധനമന്ത്രിയുമായ സി. പൊന്നിയന്‍ അടുത്ത മുഖ്യമന്ത്രിയാകുമെന്ന് ചിലര്‍ പറയുമ്പോള്‍ മറ്റു ചിലര്‍ ജയലളിതയുടെ ഉറ്റസുഹൃത്തായ ശശികല നടരാജന് നറുക്കുവീഴുമെന്ന് കരുതുന്നു.












Click it and Unblock the Notifications