രവീന്ദ്രനാഥ് സംസ്ഥാന സമിതിയിലേക്ക്
തിരുവനന്തപുരം: അച്ചടക്ക നടപടിയുടെ പേരില്‍ സിപിഎം സംസ്ഥാന സമിതിയില്‍ നിന്നും പുറത്താക്കപ്പെട്ട കെ. എന്‍. രവീന്ദ്രനാഥിനെ സമിതിയിലേക്ക് തിരിച്ചെടുക്കാന്‍ തീരുമാനമായി.
സപ്തംബര്‍ ഏഴ് വെള്ളിയാഴ്ച അവസാനിച്ച സിപിഎം സംസ്ഥാന സമിതി യോഗമാണ് കേന്ദ്ര സമിതി നിര്‍ദേശമനുസരിച്ച് രവീന്ദ്രനാഥിനെ തിരിച്ചെടുക്കാന്‍ തീരുമാനിച്ചത്.മൂന്ന് വര്‍ഷമായി സമിതിക്ക് പുറത്തായിരുന്ന രവീന്ദ്രനാഥ് സിഐടിയു സംസ്ഥാന പ്രസിഡന്റാണ്.
സേവ് സിപിഎം ഫോറത്തെ പറ്റിയുള്ള അന്വേഷണ റിപ്പോര്‍ട്ട് ചോര്‍ന്നതിനെ പറ്റിയുള്ള അന്വേഷണം പൂര്‍ത്തിയായാലുടന്‍ ഉചിതമായ വിഭാഗത്തില്‍ രവീന്ദ്രനാഥിനെ നിയോഗിക്കാനാണ് തീരുമാനം. ബുധനാഴ്ചയും വ്യാഴാഴ്ചയും രവീന്ദ്രനാഥിനെ തിരിച്ചെടുക്കുന്നതിനെ പറ്റി ചര്‍ച്ച നടന്നിരുന്നില്ല. രവീന്ദ്രനാഥിനെ തിരിച്ചെടുക്കുന്നതിനെ വിഎസും സംഘവും ശക്തിയായി എതിര്‍ത്തിരുന്നെങ്കിലും കേന്ദ്രസമിതി നിര്‍ദേശത്തിന് മുന്നില്‍ സംസ്ഥാന സമിതിക്ക് വഴങ്ങാതെ നിര്‍വാഹമില്ലായിരുന്നു.
തിരഞ്ഞെടുപ്പ് പരാജയത്തെ പറ്റിയുള്ള കേന്ദ്രസമിതിയുടെ വിലയിരുത്തലുകളോട് സംസ്ഥാന സമിതിയില്‍ കാര്യമായ വിയോജിപ്പൊന്നും ഉണ്ടായില്ല. കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഭരണപരാജയം തന്നെയാണ് തോല്‍വിയിലേക്ക് നയിച്ചതെന്ന് ഭരണത്തിലിരുന്ന നേതാക്കള്‍ക്ക് പോലും സമ്മതിക്കേണ്ടി വന്നു.
പാര്‍ട്ടി രേഖകളും തീരുമാനങ്ങളും മറ്റും മാധ്യമങ്ങള്‍ക്ക് ലഭിക്കുന്നതിനെ പറ്റിയും സംസ്ഥാന സമിതി ചര്‍ച്ച ചെയ്തതായി അറിയുന്നു. എന്നാല്‍ കഴിഞ്ഞ തവണ ഇതിന്റെ പേരില്‍ ചില നേതാക്കള്‍ക്കെതിരായി തുടങ്ങിയ നടപടികള്‍ നിര്‍ത്തിവയ്ക്കാന്‍ നേരത്തെ തീരുമാനമായിരുന്നു.












Click it and Unblock the Notifications