കുഴിബോംബ് ആക്രമണം: അഞ്ച് മരണം
ഹൈദരാബാദ്: നക്സലൈറ്റുകള്‍ നടത്തിയ കുഴിബോംബ് ആക്രമണത്തില്‍ അഞ്ച് പൊലീസുകാര്‍ കൊല്ലപ്പെട്ടു. ഒമ്പത് പേര്‍ക്ക് പരിക്കേറ്റു. സപ്തംബര്‍ ഒമ്പത് ഞായറാഴ്ചയായിരുന്നു സ്ഫോടനം.
പീപ്പിള്‍സ് വാര്‍ ഗ്രൂപ്പില്‍ പെട്ട നക്സലൈറ്റുകള്‍ ആണ് ആക്രമണം അഴിച്ചുവിട്ടത്. കിഴക്കന്‍ ഗോദാവരി ജില്ലയിലെ രാംപോചൊദവാരം പൊലീസ് ഡിവിഷനിലാണ് നക്സലൈറ്റുകള്‍ സ്ഫോടനം നടത്തിയത്.
സ്ഫോടനത്തില്‍ നാല് കേന്ദ്രറിസര്‍വ് പൊലീസ് സേനയില്‍ പെട്ട നാലുപേര്‍ തല്‍ക്ഷണം മരിച്ചു. മറ്റൊരു പൊലീസുകാരന്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി മരിച്ചു. പരിക്കേറ്റ മറ്റ് ഒമ്പതുപൊലീസുകാര്‍ അപകടനില തരണം ചെയ്തിട്ടുണ്ട്.
കഴിഞ്ഞ രാത്രി നക്സലൈറ്റുകള്‍ ഇവിടുത്തെ ഒരു ട്രാന്‍സ്പോര്‍ട്ട് ബസ് മോഷ്ടിച്ചതിനെ തുടര്‍ന്ന് അതിന്റെ അന്വേഷണത്തിനായി വനത്തിലേക്ക് പോകുകയായിരുന്നു പൊലീസ് വാന്‍. രാജമണ്ഡ്രിയില്‍ നിന്ന് 90 കിലോമീറ്റര്‍ അകലെയുള്ള മാറെദുമില്ലി ഗ്രാമത്തില്‍ വച്ചാണ് സ്ഫോടനം നടന്നത്. സ്ഫോടനത്തില്‍ പരിക്കേറ്റ ഒമ്പതു പൊലീസുകാര്‍ നക്സലൈറ്റുകള്‍ക്കെതിരെ വെടിയുതിര്‍ത്തെങ്കിലും നക്സലൈറ്റുകള്‍ ബസുമായി വനത്തിനുള്ളിലേക്ക് രക്ഷപ്പെടുകയായിരുന്നു.












Click it and Unblock the Notifications