ദുരിതാശ്വാസം: കണക്കുകള്‍ നല്‍കിയെന്ന് മാണി
തിരുവനന്തപുരം: സംസ്ഥാനത്തെ കാലവര്‍ഷക്കെടുതികള്‍ മൂലമുണ്ടായ നഷ്ടങ്ങളെ കുറിച്ച് കേന്ദ്രത്തെ അറിയിച്ചിരുന്നെന്ന് റവന്യു മന്ത്രി കെ. എം. മാണി.
കേന്ദ്രത്തെ യഥാസമയം നാശനഷ്ടങ്ങളുടെ കണക്ക് അറിയിക്കാതിരുന്നതിനാലാണ് ദുരിതാശ്വാസ സഹായം ലഭിക്കാത്തതെന്ന ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് സപ്തംബര്‍ ഒമ്പത് ഞായറാഴ്ച മാണി വ്യക്തമാക്കി. ദുരിതാശ്വാസ സഹായം നല്‍കാതിരുന്നതിന് യാതൊരു നീതികരണവുമില്ലെന്ന് മാണി പറഞ്ഞു.
552 കോടി രൂപയുടെ സഹായമാണ് സംസ്ഥാനം ചോദിച്ചിരുന്നതെങ്കിലും നല്‍കാനാവില്ലെന്നാണ് കേന്ദ്ര മന്ത്രിസഭാ സമിതിയുടെ നിലപാട്. കേന്ദ്ര പ്രകൃതിദുരന്ത ഫണ്ടില്‍(എന്‍സിസിഎഫ്) നിന്നും സംസ്ഥാനത്തിന് ധനസഹായം കിട്ടാന്‍ അര്‍ഹതയില്ലെന്നായിരുന്നു കെടുതികള്‍ നേരിട്ട് കണ്ട് വിലയിരുത്താന്‍ സംസ്ഥാനത്തെത്തിയ കേന്ദ്ര സംഘത്തിന്റെ തീരുമാനം.
എന്‍സിസിഎഫ് നിശ്ചയിച്ചിട്ടുള്ള മാനദണ്ഡപ്രകാരം സംസ്ഥാനത്തിന് ദുരിതാശ്വാസ സഹായം ലഭിക്കാന്‍ അര്‍ഹതയില്ലെന്നാണ് മന്ത്രിസഭാ സമിതി അറിയിച്ചത്. സംസ്ഥാനം സന്ദര്‍ശിച്ച കേന്ദ്ര സംഘത്തോടൊപ്പം ദുരിതബാധിത പ്രദേശങ്ങളിലെത്തിയ മാണി ദുരിതത്തെ കുറിച്ച് സംഘത്തെ ബോധ്യപ്പെടുത്തുകയും ചെയ്തിരുന്നു. വെറും സാങ്കേതിക കാരണം പറഞ്ഞാണ് സംസ്ഥാനത്തിന് സഹായം നിഷേധിച്ചിരിക്കുന്നതെന്ന് മാണി ചൂണ്ടിക്കാട്ടി.












Click it and Unblock the Notifications