പൊതു നിക്ഷേപം വര്‍ധിപ്പിക്കും
ദില്ലി: സാമ്പത്തിക മാന്ദ്യം നേരിടാന്‍ പൊതുനിക്ഷേപത്തെ പ്രോത്സാഹിപ്പിക്കുന്നതിന് സപ്തംബര്‍ 10 തിങ്കളാഴ്ച നടന്ന പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശസമിതിയുടെ യോഗത്തില്‍ ഏകദേശ ധാരണയായി. സാമ്പത്തിക പരിഷ്കരണപ്രക്രിയ മുന്‍കൂട്ടി നിശ്ചയിച്ച വേഗതയില്‍ തന്നെ നടത്താനും തീരുമാനിച്ചു.
സാമ്പത്തിക കമ്മി കുറയ്ക്കുക എന്നതാണ് പ്രധാനമെന്ന് യോഗത്തില്‍ തീരുമാനമായതായി ധനമന്ത്രി യശ്വന്ത് സിന്‍ഹ യോഗത്തിനു ശേഷം പറഞ്ഞു. സര്‍ക്കാര്‍ നിര്‍വഹിക്കേണ്ട സാമ്പത്തിക ബാധ്യതകളെ മുഴുവന്‍ കമ്മികുറയ്ക്കുക എന്ന ലക്ഷ്യത്തോടെയായിരിക്കും കാണുക. - യശ്വന്ത് സിഹ്ന പറഞ്ഞു. സമിതി പുന:സംഘടിപ്പിച്ചതിനു ശേഷം ആദ്യമായാണ് യോഗം ചേരുന്നത്.
പുതിയ നിക്ഷേപങ്ങള്‍ കൂടുതലായും സ്വകാര്യ മേഖലയില്‍ നിന്നാണ് വരുന്നതെന്നിരിക്കെ പരിഷ്കരണപ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്താന്‍ യോഗത്തില്‍ ധാരണയായി. അല്ലെങ്കില്‍ സ്വകാര്യമേഖലയില്‍ നിന്നുള്ള മൂലധനത്തിന്റെ വരവ് കുറയുമെന്നും യോഗം വിലയിരുത്തി.
സാമ്പത്തിക മാന്ദ്യം ഇല്ലാതാക്കണമെന്നും നിക്ഷേപകരുടെ നഷ്ടപ്പെട്ട ആത്മവിശ്വാസം തിരിച്ചുനല്കാന്‍ സാമ്പത്തിക വളര്‍ച്ചാനിരക്ക് കൂട്ടണമെന്ന നിര്‍ദേശത്തോടെ പ്രധാനമന്ത്രി വാജ്പേയിയാണ് യോഗം തുടങ്ങിവച്ചത്. സാമ്പത്തിക മാന്ദ്യത്തില്‍ നിന്ന് കരകയറാന്‍ പൊതുമേഖലാ സ്ഥാപനങ്ങളെ സ്വകാര്യവല്ക്കരിക്കുക, സര്‍ക്കാരിന്റെ വലിപ്പം കുറയ്ക്കുക, ജോലിക്ക് കൂലി ഭക്ഷണം എന്ന പദ്ധതി നടപ്പിലാക്കുക എന്നിങ്ങനെയുള്ള നിര്‍ദേശങ്ങളാണ് സാമ്പത്തികവിദഗ്ധര്‍ മുന്നോട്ട് വയ്ക്കുന്നതെന്നും യശ്വന്ത് സിന്‍ഹ പറഞ്ഞു.
സിന്‍ഹയ്ക്ക് പുറമെ കേന്ദ്രമന്ത്രിമാരായ മുരശൊലി മാരന്‍, സുരേഷ് പ്രഭു, ആസൂത്രണ കമ്മിഷന്‍ ഡെപ്യൂട്ടി ചെയര്‍മാന്‍ കെ.സി.പന്ത്, റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ബിമല്‍ ജലന്‍, പ്രമുഖ സാമ്പത്തിക വിദഗ്ധരായ കീര്‍ത്തി, പാരിക്, അമരിഷ് ബഗ്ചി, അസോക് ലാഹിരി, ആര്‍.കെ.പൂജാരി എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.












Click it and Unblock the Notifications