സെക്രട്ടറിയേറ്റിന് ചുറ്റും കുടിലുകള്‍ കെട്ടും: ജാനു
തിരുവനന്തപുരം: സപ്തംബര്‍ 18ന് മുമ്പ് ആദിവാസികളുടെ പ്രശ്നങ്ങള്‍ പരിഹരിച്ചില്ലെങ്കില്‍ സെക്രട്ടറിയേറ്റിന് നാല് വശത്തും കുടിലുകള്‍ കെട്ടുമെന്ന് ആദിവാസി നേതാവ് സി. കെ. ജാനു.
ഇത് ഒരു ഉപരോധമായി വളരാതെ നോക്കേണ്ടത് സര്‍ക്കാരാണെന്ന് സപ്തംബര്‍ 10 തിങ്കളാഴ്ച നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ജാനു മുന്നറിയിപ്പ് നല്‍കി. ഈ കുടിലുകളില്‍ പട്ടിണി കൊണ്ട് പൊറുതിമുട്ടുന്ന 1000ത്തോളം ആദിവാസികള്‍ താമസം തുടങ്ങും. ആദിവാസികളുടെ ഭൂമി പ്രശ്നത്തിന് തങ്ങളുടെ ആവശ്യമനുസരിച്ച് പരിഹാരം കണ്ടില്ലെങ്കില്‍ തിരുവനന്തപുരം നഗരത്തിലെമ്പാടും ആദിവാസി അഭയാര്‍ത്ഥി ക്യാമ്പുകളുടെ ഘോഷയാത്രയായിരിക്കുമെന്ന് അവര്‍ മുന്നറിയിപ്പ് നല്‍കി.
ഇതിന് മുന്നോടിയെന്നോണം സപ്തംബര്‍ 11 ചൊവാഴ്ച സെക്രട്ടറിയേറ്റ് മാര്‍ച്ച് നടത്തും. സപ്തംബര്‍ 12ന് കാഞ്ഞങ്ങാട് നിന്നും തിരിക്കുന്ന അവകാശ പുനസ്ഥാപന റാലി തലസ്ഥാനത്തെത്തുമ്പോള്‍ സമരം കൂടുതല്‍ ശക്തമാകും. കര്‍ണാടകത്തില്‍ നിന്നുള്ള ആദിവാസി നേതാവ് ജെ. പി. രാജുവും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
ഇന്ത്യയിലെമ്പാടും ആദിവാസികള്‍ തങ്ങളുടെ ഭൂമിയില്‍ നിന്നും ഒഴിപ്പിക്കപ്പെടുകയാണെന്ന് രാജു പറഞ്ഞു. കേരളത്തിലെ സമരം ചെയ്യുന്ന ആദിവാസികള്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാന്‍ കര്‍ണാടകത്തില്‍ നിന്നും തമിഴ്നാട്ടില്‍ നിന്നും കൂടുതല്‍ ആദിവാസികള്‍ എത്തും. കര്‍ണാടകത്തിലെ നാഗര്‍ഹോളയില്‍ രാജീവ്ഗാന്ധി ദേശീയപാര്‍ക്കിന് വേണ്ടി 800 ആദിവാസി കുടുംബങ്ങളെ കുടിയൊഴിപ്പിച്ചുവെന്ന് രാജു പറഞ്ഞു.












Click it and Unblock the Notifications