ആര്‍സിസി: തുടക്കം മുത്തുസ്വാമിയുടെ പരാതിയില്‍ നിന്ന്
തിരുവനന്തപുരം: ആര്‍സിസിയില്‍ ക്യാന്‍സര്‍ രോഗികളില്‍ മരുന്നുപരീക്ഷണം നടക്കുന്നതായ വാര്‍ത്ത പുറത്തുവന്നത് മുത്തുസ്വാമി ഗോപാലന്‍ എന്ന രോഗി സംസ്ഥാന മനുഷ്യാവകാശകമ്മീഷനില്‍ പരാതിയുമായി എത്തുന്നതോടെയാണ്.
തമിഴ്നാട്ടിലെ തിരുപ്പൂരിലുള്ള ഒരു തയ്യല്‍ക്കാരനാണ് 63കാരനായ മുത്തുസ്വാമി ഗോപാലന്‍. തൊണ്ടയില്‍ ക്യാന്‍സര്‍ ബാധയുണ്ടായതിനെ തുടര്‍ന്നാണ് ഗോപാലന്‍ ആര്‍സിസിയില്‍ ചികിത്സയ്ക്കെത്തിയത്. ശസ്ത്രക്രിയ മാത്രമേ പോംവഴിയുള്ളൂ എന്നായിരുന്നു ആര്‍സിസിയിലെ ഡോക്ടര്‍മാരുടെ വിലയിരുത്തല്‍. 2000 ജനവരി 18ന് ശസ്ത്രക്രിയയ്ക്കുള്ള ദിവസവും തീരുമാനിച്ചു.
പക്ഷെ ശസ്ത്രക്രിയയ്ക്ക് അഞ്ചു ദിവസം മുമ്പേ ഡോ. മനോജ് പാണ്ടെയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ ഗവേഷണസംഘം ഗോപാലന് പല മരുന്നുകളും നല്കി. മൂന്നു ദിവസം തുടര്‍ച്ചയായി എം4എന്‍, ജി4എന്‍ എന്നീ മരുന്നുകള്‍ 20 മില്ലിഗ്രാം വീതം കുത്തിവച്ചു. അതിനു ശേഷം അവര്‍ തൊണ്ടമുഴയില്‍ നിന്ന് ഒരു കഷണം എടുത്ത് പരീക്ഷണത്തിനയച്ചു.
എന്തിനാണ് ഈ കുത്തിവയ്പുകള്‍ എന്ന് ഞാന്‍ അവരോട് ചോദിച്ചു. ബോധം കെടുത്താനെന്നായിരുന്നു അവരുടെ മറുപടി. - മുത്തുസ്വാമി ഗോപാലന്‍ ഓര്‍മ്മിക്കുന്നു.
നേരത്തെ നിശ്ചയിച്ച പ്രകാരം തന്നെ ഗോപാലനെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. ശസ്ത്രക്രിയ കഴിഞ്ഞ ഗോപാലന്‍ നാട്ടിലേക്ക് മടങ്ങുകയും ചെയ്തു. പക്ഷെ ഗോപാലന്റെ കഴുത്തിലെ വേദന കൂടിക്കൂടി വരാന്‍ തുടങ്ങി. നാലു മാസത്തിനു ശേഷം തൊണ്ടയില്‍ മറ്റൊരു മുഴ കണ്ടതിനെ തുടര്‍ന്ന് ഗോപാലന്‍ വീണ്ടും ആര്‍സിസിയില്‍ എത്തി.
ഇത്തവണ ഡോ. വി.എന്‍. ഭട്ടതിരി എന്ന റേഡിയോ തെറാപ്പിയിലെ അസോസിയേറ്റ് പ്രൊഫസറുടെ അരികിലാണ് മുത്തുസ്വാമി ഗോപാലന്‍ എത്തിയത്. ഗോപാലന്റെ മെഡിക്കല്‍ രേഖകള്‍ പരിശോധിച്ച ഡോ. ഭട്ടതിരി അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിപ്പോയി. നിരോധിക്കപ്പെട്ട എം4എന്‍, ജി4എന്‍ എന്നീ മരുന്നുകള്‍ ഗോപാലനില്‍ പരീക്ഷച്ചതായി ഡോ.ഭട്ടതിരി കണ്ടെത്തി.
ഗോപാലന് പുറമെ 26 ക്യാന്‍സര്‍ രോഗികളില്‍ ഈ മരുന്നുകള്‍ പരീക്ഷിച്ചതായി പിന്നീട് തെളിഞ്ഞു. അമേരിക്കയില്‍ നിരോധിക്കപ്പെട്ട ഡൈഹൈഡ്രോ ഗ്വലാറെറ്റിക് ആസിഡ് എന്ന മരുന്നിന്റെ വകഭേദങ്ങളാണ് എം4എനും ജി4എനും. ഗോപാലനിലും മറ്റു രോഗികളിലും മരുന്നുകള്‍ പരീക്ഷിച്ചത് അമേരിക്കയിലെ ജോണ്‍സ് ഹോപ്കിന്‍സ് സര്‍വകലാശാലയുമായി ഉണ്ടാക്കിയ കരാറനുസരിച്ചാണെന്നും കരുതുന്നു.
മരുന്നു പരീക്ഷിക്കപ്പെട്ട രണ്ടു രോഗികള്‍ മരിച്ചു. പക്ഷെ മറ്റു ചില കാരണങ്ങളാലാണ് രോഗികള്‍ മരിച്ചതെന്നാണ് ആര്‍സിസി അധികൃതര്‍ വിശദീകരിക്കുന്നത്. എന്തായാലും ആര്‍സിസിയിലെ ക്യാന്‍സര്‍ മരുന്നു ഗവേഷണം നിരോധിച്ചുകൊണ്ട് കേന്ദ്രആരോഗ്യമന്ത്രാലയം ഉത്തരവിട്ടതായി ഒരു പ്രമുഖ ഡോട്ട്കോം കമ്പനി റിപ്പോര്‍ട്ട് ചെയ്തിരിക്കുകയാണ്. രണ്ടു ദിവസത്തിനകം ഉത്തരവ് ആര്‍സിസിയില്‍ എത്തുമെന്ന് പറയുന്നു.












Click it and Unblock the Notifications