ക്വറാസെ ഫിജി പ്രധാനമന്ത്രി
സുവ: ഫിജി വംശജനായ ലെയ്സെനിയ ക്വറാസെ ഫിജി പ്രധാനമന്ത്രിയായി ചുമതലയേറ്റു. സപ്തംബര്‍ 10 തിങ്കളാഴ്ച പ്രസിഡണ്ട് റതു ജോസെഫാ ഇലോയ്ലയാണ് ക്വറാസെയ്ക്ക് സത്യവാചകം ചൊല്ലിക്കൊടുത്തത്.
കഴിഞ്ഞ മെയില്‍ ഫിജിയില്‍ നടന്ന അട്ടിമറിയില്‍ ഇന്ത്യന്‍ വംശജനായ പ്രധാനമന്ത്രി മഹേന്ദ്ര ചൗധരി പുറത്തായിരുന്നു. അട്ടിമറി നേതാവ് ജോര്‍ജ് സ്പെയിറ്റിനെ ജയിലിലടയ്ക്കുകയും ചെയ്തു. തുടര്‍ന്ന് ക്വറാസെ കെയര്‍ടേക്കര്‍ പ്രധാനമന്ത്രിയായി. ക്വറാസെയുടെ കീഴിലുള്ള മന്ത്രിസഭാംഗങ്ങള്‍ ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്യുമെന്ന് കരുതുന്നു.
ഫിജിയില്‍ ഈയിടെ നടന്ന പൊതുതിരഞ്ഞെടുപ്പില്‍ ഒരു പാര്‍ട്ടിക്കും ഭൂരിപക്ഷം ലഭിച്ചിരുന്നില്ല. 71 അംഗ പാര്‍ലമെന്റില്‍ ക്വറാസെയും ഫിജിയന്‍ യുണൈറ്റഡ് പാര്‍ട്ടി 31 സീറ്റുകള്‍ നേടിയപ്പോള്‍ ചൗധരിയുടെ നേതൃത്വത്തിലുളള ഫിജി ലേബര്‍ പാര്‍ട്ടിക്ക് 27 സീറ്റുകളേ നേടാനായുള്ളൂ. തുടര്‍ന്ന് ക്വറാസെ ഒരു കൂട്ടുമന്ത്രിസഭ രൂപീകരിക്കാനുള്ള ശ്രമം തുടങ്ങിയിരുന്നു.
ക്വറാസെ പ്രധാനമന്ത്രിപദത്തിലെത്തിയതോടെ അട്ടിമറി നേതാക്കളുടെ പ്രധാനപ്പെട്ട ആവശ്യം നിറവേറിയിരിക്കുകയാണ്. രാജ്യത്ത് ഫിജി വംശജനായ പ്രധാനമന്ത്രി വേണമെന്നതായിരുന്നു സ്പെയിറ്റിന്റെ നേതൃത്വത്തിലുള്ള അട്ടിമറി നേതാക്കളുടെ ആവശ്യം.












Click it and Unblock the Notifications