ആശാ തോമസ് വ്യവസായ വകുപ്പ് ഡയറക്ടര്‍
തിരുവനന്തപുരം: കൊല്ലം ജില്ലാ കളക്ടറായിരുന്ന ആശാ തോമസിനെ തല്‍സ്ഥാനത്തു നിന്നും മാറ്റി വ്യവസായ വകുപ്പ് ഡയറക്ടറായി നിയമിച്ചു.
സപ്തംബര്‍ 12 ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭായോഗമാണ് ഈ തീരുമാനമെടുത്തതെന്ന് മുഖ്യമന്ത്രി എ. കെ. ആന്റണി അറിയിച്ചു. ഡോ. ജയതിലക് ആണ് പുതിയ കൊല്ലം കളക്ടര്‍.
ഫോറസ്റ് അഡീഷണല്‍ കണ്‍സര്‍വേറ്ററായ ടി. എം. മനോഹരനെ വൈദ്യുതി ബോര്‍ഡ് ചെയര്‍മാനായി നിയമിച്ചു. എംപ്ലോയ്മെന്റ് ആന്‍ഡ് ട്രെയിനിംഗ് ഡയറക്ടറായ ശ്രീനിവാസനെ സര്‍വേ ആന്‍ഡ് ലാന്‍ഡ് ഡയറക്ടറായി നിയമിച്ചു. കോഴിക്കോട് ഡെപ്യൂട്ടി കളക്ടറായ കെ. ശശിധരനെ എംപ്ലോയ്മെന്റ് ആന്‍ഡ് ട്രെയിനിംഗ് ഡയറക്ടറായി നിയമിക്കാനും മന്ത്രിസഭ തീരുമാനിച്ചു.
പൊതുചടങ്ങുകളില്‍ ഇനിമേല്‍ ഒന്നില്‍ക്കൂടുതല്‍ മന്ത്രിമാര്‍ പങ്കെടുക്കേണ്ടതില്ലെന്നും മന്ത്രിസഭായോഗത്തില്‍ തീരുമാനമായി. ഒംബുഡ്സ്മാന്‍ അംഗങ്ങളുടെ എണ്ണം ഒന്നായി കുറച്ച മന്ത്രിസഭാ തീരുമാനത്തിന്റെ ഓര്‍ഡിനന്‍സ് തയാറായിട്ടുണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചു. ആര്‍സിസിയിലെ പരീക്ഷണങ്ങള്‍ നിര്‍ത്തിവയ്ക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ ഉത്തരവൊന്നും സംസ്ഥാനത്തിന് കിട്ടിയിട്ടില്ല. മരുന്ന് പരീക്ഷണത്തെ കുറിച്ചുള്ള അന്വേഷണം അവസാന ഘട്ടത്തിലാണെന്നും ആന്റണി വ്യക്തമാക്കി.












Click it and Unblock the Notifications