വിമാനങ്ങള്‍ റാഞ്ചിയ വിവരം അറിയിച്ചിരുന്നു
വാഷിംഗ്ടണ്‍: വേള്‍ഡ് ട്രേഡ് സെന്ററിലും പെന്റഗണിലും ഇടിച്ചുതകര്‍ന്ന വിമാനങ്ങളിലെ യാത്രക്കാര്‍ സെല്‍ഫോണിലൂടെ തങ്ങളുടെ വിമാനം റാഞ്ചിയതായുള്ള വിവരം ബന്ധുക്കളെയും മറ്റും വിളിച്ചറിയിച്ചിരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
കത്തികളുമായാണ് തീവ്രവാദികള്‍ വിമാനം തട്ടിയെടുത്തതെന്ന് മരണത്തിന് ഏതാനും മുമ്പ് വിളിച്ച ഫോണ്‍ കോളുകളിലൂടെ യാത്രക്കാരില്‍ ചിലര്‍ ബന്ധുക്കളെ അറിയിച്ചിരുന്നു. വിമാനജീവനക്കാരില്‍ പലരെയും കത്തികൊണ്ട് കൊലപ്പെടുത്തുകയായിരുന്നു തീവ്രവാദികള്‍.
പെന്റഗണില്‍ ഇടിച്ച വിമാനത്തിലെ യാത്രക്കാരിയായിരുന്ന ഒരു ഉന്നതോദ്യോഗസ്ഥന്റെ ഭാര്യ ബാര്‍ബാറ ഒള്‍സണ്‍ വിമാനത്തില്‍ നിന്നും ഭര്‍ത്താവിനെ സെല്‍ഫോണില്‍ വിളിക്കുകയുണ്ടായി. തങ്ങള്‍ ഹൈജാക്ക് ചെയ്യപ്പെട്ടിരിക്കുകയാണെന്നും വിമാനറാഞ്ചികളുടെ കൈയില്‍ കത്തിയാണ് ആയുധമായുള്ളതെന്നും അവര്‍ ഫോണ്‍ സന്ദേശത്തില്‍ അറിയിച്ചു.
വേള്‍ഡ് ട്രേഡ് സെന്ററിനെ തകര്‍ത്ത വിമാനത്തിലെ യാത്രക്കാരനായിരുന്ന ഒരു വ്യവസായി ദുരന്തം സംഭവിക്കും മുമ്പ് രണ്ടു തവണ തന്റെ അഛനെ ഫോണില്‍ വിളിച്ചു. വിമാനത്തിലെ ജീവനക്കാരെ തീവ്രവാദികള്‍ കത്തികൊണ്ടു കുത്തിയെന്നും വിമാനം താഴേക്കു പോവുകയാണെന്നും ഫോണ്‍ സന്ദേശങ്ങളില്‍ പറഞ്ഞു.
വിമാനത്തിലുണ്ടായിരുന്ന ഒരു ജീവനക്കാരന്‍ അവസാന നിമിഷം ഒരു എമര്‍ജന്‍സി നമ്പറില്‍ വിളിച്ചതായും റിപ്പോര്‍ട്ടുണ്ട്. തന്റെ സഹപ്രവര്‍ത്തകരെ കുത്തിക്കൊന്നെന്നും വിമാനം ന്യൂയോര്‍ക്കിലേക്ക് കുതിക്കുകയാണെന്നുമായിരുന്നു ഫോണിലൂടെയുണ്ടായ അപായസൂചന.
വേള്‍ഡ് ട്രേഡ് സെന്റര്‍ തകര്‍ത്ത വിമാനത്തിലെ പൈലറ്റുമാര്‍ക്ക് തീവ്രവാദികള്‍ നിര്‍ദേശം നല്‍കുന്നത് ട്രാഫിക് കണ്‍ട്രോളര്‍മാര്‍ കേട്ടതായി ഒരു അമേരിക്കന്‍ പത്രം റിപ്പോര്‍ട്ട് ചെയ്തു. തങ്ങള്‍ക്ക് കൂടുതല്‍ പദ്ധതികളുണ്ട് എന്ന് തീവ്രവാദികള്‍ പറയുന്നത് ട്രാഫിക് കണ്‍ട്രോളര്‍മാര്‍ കേട്ടതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
പെന്‍സില്‍വാനിയയില്‍ തകര്‍ന്നുവീണ വിമാനത്തില്‍ നിന്നും വിമാനം റാഞ്ചിയ വിവരം അവസാനനിമിഷത്തില്‍ ലഭിച്ചിരുന്നു.












Click it and Unblock the Notifications