ആക്രമണത്തെ ലോകനേതാക്കള്‍ അപലപിച്ചു
ലണ്ടന്‍: അമേരിക്കയുടെ തന്ത്രപ്രധാനമായ സ്ഥാനങ്ങളില്‍ തീവ്രവാദികള്‍ ചൊവാഴ്ച നടത്തിയ ആക്രമണത്തെ ലോക നേതാക്കള്‍ അപലപിച്ചു.
യുഎന്‍ സെക്രട്ടറി ജനറല്‍ കോഫി അന്നന്‍, ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ, ബ്രിട്ടീഷ് പ്രധാനമന്ത്രി ജോണ്‍ മേജര്‍, റഷ്യന്‍ പ്രസിഡണ്ട് വ്ലാദിമിര്‍ പുട്ടിന്‍ എന്നിവര്‍ക്കൊപ്പം അമേരിക്കയുടെ എതിരാളികളായ ലിബിയന്‍ നേതാവ് മൗമ്മര്‍ ഗദ്ദാഫി, അഫ്ഘാനിസ്ഥാനിലെ താലിബാന്‍ ഭരണകൂടം, ഇറാനിലെ ഖാത്തമി ഭരണകൂടം എന്നിവയും ആക്രമണത്തെ അപലപിച്ചവരില്‍ ഉള്‍പ്പെടും.
ആസൂത്രണം ചെയ്ത് നടപ്പാക്കുന്ന തീവ്രവാദപ്രവര്‍ത്തനമാണിതെന്നും ഇതിനെതിരെ എല്ലാവരും പ്രതികരിക്കണമെന്നും കോഫി അന്നന്‍ പറഞ്ഞു. 21ാം നൂറ്റാണ്ടിനെ പടര്‍ന്നുപിടിച്ചിരിക്കുന്ന പ്ലേഗാണ് തീവ്രവാദമെന്നും ഇതിനെതിരെ പ്രവര്‍ത്തിക്കാന്‍ എല്ലാവരും ഒന്നിക്കണമെന്നും പുട്ടിന്‍ അഭ്യര്‍ത്ഥിച്ചു. അമേരിക്കയുടെയും ജനങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുന്നതായി ചൈനീസ് പ്രസിഡണ്ട് ജിയാംഗ് സെമിന്‍ പറഞ്ഞു. അമേരിക്കയിലേക്കുള്ള എല്ലാ വിമാനങ്ങളും ചൈന റദ്ദാക്കിയിട്ടുണ്ട്. തീര്‍ത്തും അവിശ്വസനീയമായ ഒരു പ്രവൃത്തിയാണിതെന്നായിരുന്നു പാലസ്തീന്‍ പ്രസിഡണ്ട് യാസര്‍ അറഫാത്തിന്റെ പ്രതികരണം.
ആക്രമണത്തെ ഇന്ത്യയും അപലപിച്ചു. അമേരിക്കന്‍ ജനതയുടെ ദുഃഖത്തില്‍ ഞങ്ങള്‍ പങ്കു ചേരുന്നു. തീവ്രവാദത്തെ ഇല്ലാതാക്കാന്‍ അമേരിക്കയോടും സമാനമനസ്കരായ മറ്റു രാജ്യങ്ങളോടുമൊപ്പം എന്നും ഇന്ത്യയുണ്ടാകും, വിദേശകാര്യമന്ത്രി ജസ്വന്ത് സിംഹ് പറഞ്ഞു.
ഇറ്റലി, റൊമാനിയ, പോളണ്ട്, വെനിസ്വേല, ബ്രസീല്‍, വടക്കന്‍ അയര്‍ലണ്ട്, ഫിന്‍ലാന്‍ഡ്, മെക്സിക്കോ, തായ്ലാന്‍ഡ്, യുഗോസ്ലാവ്യ, കോംഗോ റിപ്പബ്ലിക്ക്, ഫിലിപ്പൈന്‍സ്, കെനിയ, ലെബനന്‍, ദക്ഷിണാഫ്രിക്ക, കൊളംബിയ, സിംഗപ്പൂര്‍, ദക്ഷിണകൊറിയ, അല്‍ബേനിയ, ഡെന്‍മാര്‍ക്ക്, ജോര്‍ദാന്‍, പാകിസ്ഥാന്‍ തുടങ്ങിയ രാജ്യങ്ങളും ആക്രമണത്തെ അപലപിച്ചു.
എന്നാല്‍ ഗള്‍ഫ് മേഖലയിലെയും ആഫ്രിക്കയിലെയും ചില അറബ് സമൂഹം ആക്രമണം ആഘോഷിച്ചു. ആഘോഷിക്കാനായി പാലസ്തീനില്‍ ജനങ്ങള്‍ തെരിവുലിറങ്ങി. അമേരിക്കക്കെതിരായ ഗാനം സംപ്രേഷണം ചെയ്തുകൊണ്ടാണ് ഇറാഖി ടെലിവിഷന്‍ ആഘോഷിച്ചത്.












Click it and Unblock the Notifications