പാകിസ്ഥാനു മേല്‍ സമ്മര്‍ദ്ദം കൂടുന്നു
വാഷിംഗ്ടണ്‍: അമേരിക്കയില്‍ ആക്രമണത്തിന് നേതൃത്വം നല്‍കിയ സൗദി തീവ്രവാദി ഒസാമ ബിന്‍ലാദനാണെന്ന് മിക്ക തെളിവുകളും സൂചിപ്പിച്ചതോടെ പാകിസ്ഥാന് മേല്‍ അമേരിക്കന്‍ സമ്മര്‍ദ്ദം കൂടുന്നു.
ലാദനും കൂട്ടാളികള്‍ക്കും സംരക്ഷണം നല്‍കുന്നതിലും അഫ്ഗാനിസ്ഥാനിലെ താലിബാനെ പിന്തുണയ്ക്കുന്നതിലും നേരത്തെത്തന്നെ അമേരിക്ക പാകിസ്ഥാനെ നിശിതമായി വിമര്‍ശിച്ചതാണ്. പുതിയ സംഭവികാസങ്ങളില്‍ ലാദനെ വിട്ടുകിട്ടാന്‍ അമേരിക്ക പാകിസ്ഥാന്റെ മേല്‍ കൂടുതല്‍ സമ്മര്‍ദ്ദം ചെലുത്തുമെന്നാണ് കരുതുന്നത്.
വേള്‍ഡ് ട്രേഡ് സെന്ററിലും പെന്റഗണിലും നടന്ന ആക്രമണം സംബന്ധിച്ച അന്വേഷണവുമായി സഹകരിക്കാന്‍ താലിബാനോട് ആവശ്യപ്പെടാന്‍ അമേരിക്ക പാകിസ്ഥാനോട് നിര്‍ദേശിച്ചിട്ടുണ്ട്. ഇതിനായി ഒരു സൈനിക പ്രതിനിധി സംഘത്തെ അയക്കണമെന്ന് പ്രസിഡണ്ട് ജനറല്‍ പര്‍വേസ് മുഷാറഫിനോട് അമേരിക്ക ഇതിനകം തന്നെ ആവശ്യപ്പെട്ടുകഴിഞ്ഞു.
സപ്തംബര്‍ 13 വ്യാഴാഴ്ച ഇസ്ലാമാബാദിലെ അമേരിക്കന്‍ അംബാസഡര്‍ വെന്‍ഡി ചേമ്പര്‍ലെയ്ന്‍ പ്രസിഡണ്ട് മുഷാറഫിനെ കണ്ട് ചര്‍ച്ച നടത്തി. ചര്‍ച്ചയുടെ വിശദാംശങ്ങള്‍ ലഭ്യമായിട്ടില്ല. എന്നാല്‍ അമേരിക്കന്‍ സ്റേറ്റ് സെക്രട്ടറി കോളിന്‍ പവല്‍ മുന്നോട്ടുവച്ച പ്രശ്നങ്ങളാണ് അവര്‍ പ്രസിഡണ്ടുമായി ചര്‍ച്ച ചെയ്തതെന്ന് വിശ്വസിക്കുന്നു. പ്രസിഡണ്ട് ബുഷിന്റെ ഒരു സന്ദേശം അവര്‍ മുഷാറഫിന് കൈമാറിയിട്ടുണ്ടെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്.
പാകിസ്ഥാനെതിരെ നേരിട്ടുള്ള ആക്രമണം നടത്തുമോ എന്ന ലേഖകരുടെ ചോദ്യം അമേരിക്കന്‍ സ്റേറ്റ് സെക്രട്ടറി കോളിന്‍ പവല്‍ നിഷേധിച്ചു. എന്നാല്‍ തീവ്രവാദികള്‍ക്ക് അഭയസ്ഥാനം നല്‍കുന്ന രാജ്യങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് സപ്തംബര്‍ 12 ബുധനാഴ്ച വാര്‍ത്താലേഖരോട് അദ്ദേഹം പറഞ്ഞു.
അന്വേഷണത്തിന് മുഷാറഫ് ഇതിനകം തന്നെ എല്ലാ സഹകരണവും വാഗ്ദാനം ചെയ്തിട്ടുണ്ട്. ലോകസമൂഹത്തിനുതന്നെ ഭീഷണിയായി തീവ്രവാദം മാറിക്കഴിഞ്ഞുവെന്ന് മുഷാറഫ് ഒരു പ്രസ്താവനയില്‍ പറഞ്ഞു.












Click it and Unblock the Notifications