അമേരിക്ക: കേരളത്തിലെ വിനോദസഞ്ചാരത്തെ ബാധിക്കും
തിരുവനന്തപുരം: അമേരിക്കയിലെ വേള്‍ഡ് ട്രേഡ് സെന്ററില്‍ ഉണ്ടായ തീവ്രവാദി ആക്രമണം കേരളത്തിലെ വിനോദസഞ്ചാരമേഖലയെയും ബാധിച്ചു.
കോവളം, വര്‍ക്കല എന്നീ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ നിന്നും വിദേശ വിനോദസഞ്ചാരികള്‍ കൂട്ടത്തോടെ ഒഴിഞ്ഞുപോവുകയാണ്. അമേരിക്കയിലാണ് ആക്രമണം നടന്നതെങ്കിലും ജര്‍മ്മനി, ഇറ്റലി, ഫ്രാന്‍സ് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള വിനോദസഞ്ചാരികളും ഇന്ത്യ വിടുകയാണ്.
അമേരിക്കയിലെ സംഭവവികാസങ്ങള്‍ക്ക് ശേഷം കോവളത്ത് നിന്ന് മാത്രം ഏകദേശം 14 അമേരിക്കക്കാര്‍ കിട്ടിയ വിമാനങ്ങളില്‍ കയറി പോയിക്കഴിഞ്ഞു. ഇപ്പോള്‍ സീസണ്‍ അല്ലെങ്കിലും തിരക്കൊഴിവായതിനാല്‍ നിരവധി വിദേശികള്‍ കോവളത്തെത്തിയിരുന്നു. അഫ്ഗാനിസ്ഥാനില്‍ അമേരിക്ക ആക്രമണം നടത്തിയേക്കുമെന്ന് കരുതിയാണ് അമേരിക്കക്കാര്‍ ഇന്ത്യ വിടുന്നത്.
യുദ്ധം തുടങ്ങിക്കഴിഞ്ഞാല്‍ വിദേശത്ത് നില്‍ക്കുന്നത് അപകടമാണെന്ന് അവര്‍ കരുതുന്നു. അമേരിക്കയിലേക്ക് ഇപ്പോള്‍ വിമാനമില്ലാത്തതിനാല്‍ ഇറ്റലിയിലെത്താനാണ് അമേരിക്കന്‍ വിനോദസഞ്ചാരികളുടെ ശ്രമം. ചിലര്‍ ഇംഗ്ലണ്ടിലെ ഹീത്രു വിമാനത്താവളത്തിലെത്തിപ്പറ്റാനും ശ്രമം നടത്തുന്നു. ടിക്കറ്റ് ലഭിക്കാത്തത് ഇവരെ കൂടുതല്‍ ആശങ്കാകുലരാക്കുന്നു.
വിദേശ വിനോദസഞ്ചാരികള്‍ക്കായി വര്‍ക്കലയില്‍ ബുക്ക് ചെയ്തിരുന്ന മുറികളില്‍ ഏറെക്കുറെ എല്ലാം തന്നെ ടൂര്‍ ഓപ്പറേറ്റര്‍മാരുടെ നിര്‍ദേശപ്രകാരം റദ്ദാക്കിയിരിക്കുകയാണ്. ഒക്ടോബര്‍ മുതല്‍ സീസണ്‍ ആരംഭിക്കുന്നതിനാല്‍ ഇപ്പോള്‍ തന്നെ ബുക്കിംഗ് തുടങ്ങിയിരുന്നു. ഇവിടെ ഉണ്ടായിരുന്ന ഏഴ് അമേരിക്കക്കാര്‍ സപ്തംബര്‍ 13 വ്യാഴാഴ്ച സ്ഥലം വിട്ടു. അടുത്ത രണ്ട് മാസത്തേക്കെങ്കിലും ബുക്കിംഗ് ഒന്നും പ്രതീക്ഷിക്കേണ്ട. വര്‍ക്കലയില്‍ ആയുര്‍വേദ റിസോര്‍ട്ടില്‍ മാനേജരായ വിനോദ് പറഞ്ഞു.
വേള്‍ഡ് ട്രേഡ് സെന്ററില്‍ ആക്രമണമുണ്ടായപ്പോള്‍ തന്നെ വിനോദസഞ്ചാര കേന്ദ്രങ്ങളിലുള്ള അമേരിക്കക്കാര്‍ ആശങ്കാകുലരായിരുന്നു. കഴിയാവുന്ന രീതിയിലൊക്കെ അവര്‍ ജന്മനാടുമായി ബന്ധപ്പെടാന്‍ ശ്രമിച്ചുവരികയായിരുന്നു. ഇന്റര്‍നെറ്റിലൂടെയും ഫോണിലൂടെയും ഫാക്സിലൂടെയുമെല്ലാം അവര്‍ ബന്ധുക്കളെ കുറിച്ച് അറിയാന്‍ കിണഞ്ഞു പരിശ്രമിച്ചുവെന്ന് ഹോട്ടല്‍ ജീവനക്കാര്‍ പറയുന്നു.
കഴിഞ്ഞ വര്‍ഷം 2,09,893 വിദേശവിനോദസഞ്ചാരികളാണ് കേരളത്തിലെത്തിയത്. പല കേന്ദ്രങ്ങളിലും ഒക്ടോബര്‍ മുതല്‍ സീസണ്‍ ആരംഭിക്കുകയാണ്. അമേരിക്കന്‍ സംഭവവികാസങ്ങള്‍ ഒരു യുദ്ധത്തിലേക്ക് പരിണമിക്കുകയാണെങ്കില്‍ കേരളത്തിലെ വിനോദസഞ്ചാരമേഖലയില്‍ അതിന്റെ പ്രത്യാഘാതങ്ങളുണ്ടാവുമെന്ന് ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നു.












Click it and Unblock the Notifications