സമയം വേണമെന്ന് പാകിസ്ഥാന്‍
ഇസ്ലാമാബാദ്: അമേരിക്ക ആവശ്യപ്പെട്ട കാര്യങ്ങള്‍ പരിഗണിക്കാന്‍ സമയം ആവശ്യമാണെന്ന് പാകിസ്ഥാന്‍ അമേരിക്കയെ അറിയിച്ചു. വാഷിംഗ്ടണില്‍ ചര്‍ച്ചകള്‍ നടത്തിവരുന്ന പാകിസ്ഥാന്‍ ഇന്റലിജന്‍സ് വിഭാഗം മേധാവി ലഫ്റ്റനന്റ് ജനറല്‍ മെഹ്മൂദ് അഹ്മദാണ് സമയം വേണമെന്ന് ആവശ്യപ്പെട്ടത്.
സൗദി തീവ്രവാദി ഒസാമ ബിന്‍ ലാദന്‍ ഒളിച്ചു താമസിക്കുന്ന അഫ്ഗാനിസ്ഥാനെതിരെ നടപടികളെടുക്കാന്‍ അമേരിക്കന്‍ സ്റേറ്റ് സെക്രട്ടറി കോളിന്‍ പവല്‍ നേരിട്ടാണ് പാകിസ്ഥാനോട് ചില കാര്യങ്ങള്‍ ആവശ്യപ്പെട്ടത്. പാകിസ്ഥാനിലെ വ്യോമാതിര്‍ത്തി തുറന്നു തരിക, അഫ്ഗാനിസ്ഥാനിലേക്കുള്ള അതിര്‍ത്തി അടയ്ക്കുക, തീവ്രവാദ പ്രവര്‍ത്തനത്തിനുള്ള സഹായം നിര്‍ത്തുക എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.
പ്രസിഡണ്ട് പര്‍വേസ് മുഷാറഫ് പവലിന് എല്ലാ സഹകരണവും വാഗ്ദാനം ചെയ്തെങ്കിലും രാജ്യത്തിനകത്തു നിന്നും സുഹൃദ്സംഘടനകളില്‍ നിന്നും പാകിസ്ഥാന്‍ കനത്ത സമ്മര്‍ദ്ദം നേരിടുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഒസാമയെ തകര്‍ക്കാന്‍ പാകിസ്ഥാന്‍ അമേരിക്കയ്ക്ക് കൂട്ടു നില്‍ക്കരുതെന്ന് തീവ്രവാദ സംഘടനയായ ലഷ്കര്‍-ഇ-തോയ്ബ ഇതിനകം തന്നെ പാകിസ്ഥാനോടാവശ്യപ്പെട്ടിട്ടുണ്ട്.
അതിനിടെ അഫ്ഗാനിസ്ഥാനിലേക്കുള്ള അതിര്‍ത്തി അടയ്ക്കാന്‍ കഴിയില്ലെന്ന് പാകിസ്ഥാന്‍ അമേരിക്കയെ അറിയിച്ചതായി സിഎന്‍എന്‍ റിപ്പോര്‍ട്ടു ചെയ്തു. പകരം അതിര്‍ത്തില്‍ കാവല്‍ ശക്തമാക്കാമെന്നാണ് പാകിസ്ഥാന്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്.
അഫ്ഗാനിസ്ഥാനില്‍ നിലയുറപ്പിച്ചിട്ടുള്ള തീവ്രവാദസംഘങ്ങളെയെല്ലാം തുടച്ചു നീക്കാന്‍ അമേരിക്ക തയ്യാറെടുത്തുകഴിഞ്ഞുവെന്ന് പേരു വെളിപ്പെടുത്താനാഗ്രഹിക്കാത്ത വക്താക്കള്‍ പറയുന്നു.
സപ്തംബര്‍ 11 ചൊവാഴ്ച ന്യൂയോര്‍ക്കിലെ വേള്‍ഡ് ട്രേഡ് സെന്ററിലും വാഷിംഗ്ടണിലെ പെന്റഗണിലും നടന്ന വിമാനാക്രമണങ്ങള്‍ നടത്തിയത് ബിന്‍ ലാദന്റെ സംഘമാണെന്ന് അമേരിക്ക ഏതാണ്ട് സ്ഥിരീകരിച്ചിട്ടുണ്ട്. സ്റേറ്റ് സെക്രട്ടറി കോളിന്‍ പവല്‍ തന്നെ വ്യാഴാഴ്ച ഇക്കാര്യം തുറന്നു സമ്മതിച്ചു.
അതിനു ശേഷമാണ് അഫ്ഗാനിസ്ഥാനെതിരായ നടപടിക്ക് അമേരിക്ക പാകിസ്ഥാന്റെ മേല്‍ സമ്മര്‍ദ്ദം ചെലുത്താന്‍ തുടങ്ങിയത്. പവലുമായി നടത്തിയ ടെലിഫോണ്‍ സംഭാഷണത്തില്‍ തീവ്രവാദത്തിനെതിരായ എല്ലാ അമേരിക്കന്‍ ശ്രമങ്ങള്‍ക്കും മുഷാറഫ് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
അഫ്ഗാനിസ്ഥാനെതിരായ അമേരിക്കന്‍ നടപടിക്ക് പിന്തുണ നല്‍കാന്‍ മുഷാറഫിന് പ്രായോഗിക ബുദ്ധിമുട്ടുകള്‍ ഏറെയുണ്ട്. അഫ്ഗാനിസ്ഥാനിലെ താലിബാന്‍ ഭരണകൂടത്തെ അംഗീകരിച്ച ചുരുക്കം ചില രാജ്യങ്ങളിലൊന്നാണ് പാകിസ്ഥാന്‍. സൗദി അറേബ്യയും യുണൈറ്റഡ് അറബ് എമിറേറ്റ്സുമാണ് മറ്റു രാജ്യങ്ങള്‍. ബിന്‍ ലാദനെ സംരക്ഷിക്കുമെന്ന് താലിബാന്‍ ഉറപ്പിച്ചു പറയുന്ന സാഹചര്യത്തില്‍ പാകിസ്ഥാന്‍ അമേരിക്കയെ പിന്തുണച്ചാല്‍ അത് താലിബാനു തന്നെ എതിരാകും.
അതുപോലെ പാകിസ്ഥാനിലെ തീവ്രവാദ സംഘടനകളെ താലിബാന്‍ പിന്തുണയ്ക്കുന്നുണ്ട്. അതിനാല്‍ താലിബാനെതിരായ ഏതൊരു നടപടിയെയും ഈ തീവ്രവാദ സംഘടനകള്‍ എതിര്‍ക്കും. പാകിസ്ഥാന്‍ ഭരണകൂടത്തില്‍ ഏറെ സ്വാധീനം ചെലുത്തിയ ചരിത്രമുള്ള ഈ സംഘടനകളുടെ നിലപാട് ഒരു തീരുമാനമെടുക്കുന്നതില്‍ മുഷാറഫിന് ഏറെ ബുദ്ധിമുട്ടുണ്ടാക്കും. പാകിസ്ഥാന്‍ സര്‍ക്കാര്‍ അഫ്ഗാനിസ്ഥാനെതിരായ ആക്രമണത്തെ പിന്തുണച്ചാല്‍ അത് വഞ്ചനയാകും, അഫ്ഗാന്‍ ഡിഫന്‍സ് കൗണ്‍സില്‍ നേതാവ് മൗലാനാ സാമിയുള്‍ ഹഖ് പറയുന്നു.
ഇതിനു പുറമെ പാകിസ്ഥാന്‍ ഇന്റലിജന്‍സ് ഏജന്‍സിയായ ഐഎസ്ഐയും താലിബാനെ പിന്തുണയ്ക്കുന്നവരാണ്. താലിബാനെയും അഫ്ഗാനിസ്ഥാനെയും കുറിച്ച് മറ്റേതൊരു രാജ്യത്തേക്കാളും കൂടുതല്‍ അറിയുന്നത് ഐഎസ്ഐക്കാണ് എന്ന് വ്യക്തമാണ്.
അതേസമയം അമേരിക്കയെ പിന്തുണച്ചാല്‍ പാകിസ്ഥാന് സാമ്പത്തികമായി ഒട്ടേറെ പ്രയോജനങ്ങളുണ്ടാകുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. 1998ല്‍ അണുവിസ്ഫോടനം നടത്തിയതിനു ശേഷം ഏര്‍പ്പെടുത്തിയ ഉപരോധത്തില്‍ ഇളവു വരുത്തുന്നതു തന്നെയായിരിക്കും അതില്‍ പ്രധാനം.












Click it and Unblock the Notifications