ലാദനെ കൈമാറില്ല ;തിരിച്ചടിക്കും: താലിബാന്‍
കാബൂള്‍: യുഎസില്‍ നിന്നും കടുത്ത ആക്രമണം തങ്ങള്‍ പ്രതീക്ഷിക്കുന്നുണ്ടെന്നും ഇതിന് അതേ തോതില്‍ തിരിച്ചടിക്കുമെന്നും അഫ്ഗാനിസ്ഥാനിലെ താലിബാന്‍ നേതാക്കള്‍ പറഞ്ഞു. ബിന്‍ലാദനെ ഒരു കാരണവശാലും വിട്ടുകൊടുക്കുന്ന പ്രശ്നമില്ലെന്നും താലിബാന്‍ ഭരണകൂടം വ്യക്തമാക്കി.
ഞങ്ങളെ സംരക്ഷിക്കാന്‍ ഞങ്ങള്‍ എന്തു വിലകൊടുക്കാനും തയ്യാറാണ്. പ്രതികാരത്തിന് ഏതു വഴിയും തിരഞ്ഞെടുക്കാനും മടിക്കില്ലെന്നും താലിബാന്‍ നേതാവ് മുള്ള മൊഹമ്മദ് ഒമറിന്റെ വക്താവ് വാര്‍ത്താഏജന്‍സി എഎഫ്പിയോട് അഭിപ്രായപ്പെട്ടു.
താലിബാന്റെ നെടുങ്കോട്ടയായ ഖണ്ഡഹാറില്‍ നിന്നും ഉപഗ്രഹഫോണ്‍ വഴിയാണ് വക്താവ് എഎഫ്പിയുമായി ബന്ധപ്പെട്ടത്. ആക്രമണങ്ങള്‍ക്കുത്തരവാദികളെ കണ്ടു പിടിക്കാനുള്ള അന്വേഷണത്തില്‍ പ്രധാന സംശയം ലാദനാണെന്ന അമേരിക്കന്‍ വിദേശകാര്യസെക്രട്ടറി കോളിന്‍ പവലിന്റെ പ്രസ്താവനയ്ക്ക് പുറമെയാണ് താലിബാന്റെ ഈ വിശദീകരണം.
ആക്രമിക്കാന്‍ തീരുമാനിച്ച് കഴിഞ്ഞതായി അമേരിക്ക വ്യക്തമാക്കിക്കഴിഞ്ഞു-വക്താവ് അബ്ദുള്‍ ഹായി മുത്മെയ്ന്‍ പറഞ്ഞു. 1998ല്‍ ആഫ്രിക്കന്‍ രാജ്യങ്ങളിലെ അമേരിക്കന്‍ എംബസികളില്‍ തകര്‍ക്കപ്പെട്ടസംഭവത്തില്‍ ലാദന്റെ കയ്യുണ്ടെന്നാരോപിച്ച് അമേരിക്ക നിയന്ത്രിതമായ തോതില്‍ ക്രൂയിസ് മിസൈലുകള്‍ ഉപയോഗിച്ചാണ് അഫ്ഗാനിസ്ഥാനെ ആക്രമിച്ചത്. ഇക്കുറി ആക്രമണം അതിനേക്കാള്‍ കടുത്തതായിരിക്കുമെന്ന് ഞങ്ങള്‍ക്കുറപ്പുണ്ട്. - വക്താവ് പറഞ്ഞു.
അന്ന് ലാദന്‍ ഒളിച്ചിരിക്കുന്നതായി സംശയിക്കുന്ന ക്യാമ്പുകള്‍ക്ക് നേരെ മാത്രമായിരുന്നു ആക്രമണം. ഇക്കുറി അവര്‍ എല്ലായിടത്തും ആക്രമണം അഴിച്ചുവിടുമെന്നുറപ്പാണ്. സര്‍ക്കാരിനെയും താലിബാന്റെ മുഴുവന്‍ സംവിധാനങ്ങളെയും തകര്‍ക്കാന്‍ അവര്‍ ആഗ്രഹിക്കുന്നു. - താലിബാന്‍ വക്താവ് പറയുന്നു.
അമേരിക്കയുടെ കടുത്ത സമ്മര്‍ദ്ദമുണ്ടായിട്ടും ബിന്‍ ലാദനെ കൈമാറില്ലെന്ന് താലിബാന്‍ ഭരണകൂടം വ്യക്തമാക്കിക്കഴിഞ്ഞു. അമേരിക്കയില്‍ നടന്നതു പോലെ ഒരാക്രണത്തിന് ബിന്‍ ലാദന്‍ മുതിരില്ലെന്ന് താലിബാന്‍ നേതാവ് ഒമര്‍ വെള്ളിയാഴ്ച പ്രസ്താവനയില്‍ വ്യക്തമാക്കിയിരുന്നു.












Click it and Unblock the Notifications