ആക്രമിക്കാന്‍ ബുഷിന് പൂര്‍ണ അധികാരം
വാഷിംഗ്ടണ്‍: തീവ്രവാദികളെ ഇല്ലാതാക്കാന്‍ ഏതു ശക്തിയും പ്രയോഗിക്കാന്‍ അമേരിക്കന്‍ പ്രസിഡണ്ട് ജോര്‍ജ് ഡബ്ലിയു. ബുഷിന് പൂര്‍ണ അധികാരം. സപ്തംബര്‍ 14 വെള്ളിയാഴ്ച ചേര്‍ന്ന അമേരിക്കന്‍ പാര്‍ലമെന്റിന്റെ അടിയന്തിര യോഗമാണ് ബുഷിന് ഈ അധികാരം നല്‍കിയത്. ഇതിനു സമാനമായ മറ്റൊരു പ്രമേയം യുഎസ് സെനറ്റ് നേരത്തെ പാസ്സാക്കിയിരുന്നു.
സപ്തംബര്‍ 11 ചൊവാഴ്ച ന്യൂയോര്‍ക്കിലെ വേള്‍ഡ് ട്രേഡ് സെന്ററും വാഷിംഗ്ടണിലെ പെന്റഗണും ആക്രമിച്ച തീവ്രവാദികള്‍ക്കെതിരെ ആവശ്യമായ നടപടികളെടുക്കുന്നതിനും അതിനു വേണ്ട ശക്തികള്‍ ഉപയോഗിക്കുന്നതിനും ഈ പ്രമേയം ബുഷിന് അധികാരം നല്‍കും.
അതേസമയം പെന്‍സില്‍വാനിയയില്‍ തകര്‍ന്നു വീണ വിമാനത്തിന്റെയും പെന്റഗണിലേക്ക് ഇടിച്ചു കയറിയ വിമാനത്തിന്റെ ബ്ലാക്ക് ബോക്സുകള്‍ അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. പെന്‍സില്‍വാനിയയില്‍ നിന്ന് ഫ്ലൈറ്റ് ഡാറ്റാ റെക്കോര്‍ഡര്‍ നേരത്തെ കണ്ടെത്തിയിരുന്നു. വെള്ളിയാഴ്ച വൈകീട്ടോടെ അതേ വിമാനത്തിന്റെ വോയ്സ് ഡാറ്റാ റെക്കോര്‍ഡറും കണ്ടെത്തി. വെള്ളിയാഴ്ച തന്നെയാണ് പെന്റഗണില്‍ തകര്‍ന്നുവീണ വിമാനത്തിന്റെ ബ്ലാക്ക് ബോക്സ് കണ്ടെത്തിയത്. ഇവയില്‍ നിന്ന് ലഭിക്കുന്ന വിവരങ്ങള്‍ ആക്രമണം നടത്തിയത് ആരാണെന്നതിന് വ്യക്തമായ സൂചന നല്‍കുമെന്നാണ് ബുഷ് ഭരണകൂടം കരുതുന്നത്.
സൗദി ഇസ്ലാമിക തീവ്രവാദി ഒസാമ ബിന്‍ ലാദനാണ് ആക്രമണത്തിന് പിന്നിലെന്നു അമേരിക്ക ഇപ്പോഴും കരുതുന്നു. ലാദന്‍ ഒളിച്ചു താമസിക്കുന്ന അഫ്ഗാനിസ്ഥാനെ ആക്രമിക്കാനുള്ള എല്ലാ നടപടികളും അമേരിക്കന്‍ സൈന്യം തുടങ്ങിക്കഴിഞ്ഞു. ഇതിനുവേണ്ടി പാകിസ്ഥാനുമായി ബുഷ് ഭരണകൂടം നിരന്തരം ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണ്.












Click it and Unblock the Notifications