ഭാര്യമാരും കുട്ടികളുമായി ലാദന്‍ ഓടുന്നു...
ഇസ്ലാമാബാദ്: അമേരിക്ക തനിക്കെതിരെ ആക്രമണം നടത്തുമെന്ന് ഉറപ്പായതോടെ സൗദി ഇസ്ലാമിക തീവ്രവാദി ഒസാമ ബിന്‍ ലാദന്‍ സുരക്ഷിതകേന്ദ്രം തേടി പ്രയാണം തുടങ്ങിക്കഴിഞ്ഞു. ഭാര്യമാരും കുട്ടികളും അനുയായികളോടുമൊപ്പം ലാദന്‍ ഇപ്പോള്‍ താവളങ്ങള്‍ മാറിമാറിക്കൊണ്ടിരിക്കുകയാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.
അഫ്ഗാനിസ്ഥാനിലെ കാണ്ടഹാറിലെ സ്ഥിരം താവളത്തില്‍ നിന്ന് ലാദനും കൂട്ടരും മാറിക്കഴിഞ്ഞു. കാണ്ടഹാറില്‍ ഇപ്പോള്‍ ഒറ്റ അറബി പോലും ഇല്ലെന്നാണ് പാകിസ്ഥാന്‍ പത്രം ദി ന്യൂസ് വക്താക്കളെ ഉദ്ധരിച്ചുകൊണ്ട് റിപ്പോര്‍ട്ടു ചെയ്തത്. ഭാര്യമാരും കുട്ടികളുമായി ലാദന്‍ താവളങ്ങളിലേക്ക് കൂടുമാറിക്കൊണ്ടിരിക്കുയാണെന്നും പത്രം കൂട്ടിച്ചേര്‍ത്തു. ലാദന് ചുരുങ്ങിയത് നാല് ഭാര്യമാരും 25 കുട്ടികളും ഉണ്ടെന്നാണ് കരുതുന്നത്.
സപ്തംബര്‍ 11 ചൊവാഴ്ച ന്യൂയോര്‍ക്കിലും വാഷിംഗ്ടണിലും നടന്ന ആക്രമണങ്ങളുടെ ഉത്തരവാദിത്തം അമേരിക്ക ലാദനു മേല്‍ കെട്ടിവെക്കുന്നതിനു മുമ്പു തന്നെ ലാദന്‍ ഒളിത്താവളങ്ങളിലേക്ക് മാറിയിരുന്നു. ഇപ്പോള്‍ യുദ്ധം പ്രഖ്യാപിച്ചതോടെ അമേരിക്കന്‍ ചാരോപഗ്രഹങ്ങളുടെ കണ്ണ് വെട്ടിച്ച് ഒഴിഞ്ഞുമാറാനുള്ള തത്രപ്പാടിലാണ് അദ്ദേഹം.
1998ല്‍ നയ്റോബിയിലെ അമേരിക്കന്‍ എംബസി ബോംബ് വച്ചു തകര്‍ത്തപ്പോഴും ലാദനെത്തേടി അമേരിക്കന്‍ ചാരോപഗ്രഹങ്ങള്‍ പിന്നാലെയെത്തിയിരുന്നു. അഫ്ഗാനിലെ ഒരു ഒളിത്താവളത്തില്‍ ലാദന്റെ നീക്കം കണ്ടു പിടിച്ച ചാരോപഗ്രഹത്തിന്റെ നിര്‍ദ്ദേശമനുസരിച്ച് അമേരിക്ക ടോമഹാക്ക് ക്രൂയിസ് മിസൈല്‍ അയച്ചെങ്കിലും വാരകളുടെ വ്യത്യാസത്തില്‍ ലാദന്‍ രക്ഷപ്പെട്ടു.
ലാദനും കൂട്ടാളികളും ഇപ്പോള്‍ അഫ്ഗാനിസ്ഥാനിലെ ഏതോ വിജനപ്രദേശത്താണ് താവളമുറപ്പിച്ചിരിക്കുന്നതെന്ന് പാക് പത്രം റിപ്പോര്‍ട്ടു ചെയ്യുന്നു. മുമ്പും ആക്രമണഭീഷണിയുണ്ടായപ്പോള്‍ ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന സ്ഥലങ്ങള്‍ ലാദന്‍ ഉപേക്ഷിച്ചുപോവുക പതിവായിരുന്നു. സുരക്ഷ ഉറപ്പാക്കുന്നതോടൊപ്പം ആക്രമണത്തില്‍ ജനങ്ങള്‍ക്ക് ദുരന്തം ഉണ്ടാകരുതെന്ന് കൂടി കരുതിയാണ് ലാദന്‍ ഇങ്ങനെ ചെയ്തിരുന്നതെന്ന് അദ്ദേഹത്തിന്റെ അനുയായികള്‍ അവകാശപ്പെടുന്നു.
1979-89 കാലഘട്ടത്തില്‍ സോവിയറ്റ് യൂണിയനെതിരെ പോരാട്ടം നടത്തിയ അഫ്ഗാന്‍ തീവ്രവാദികളുടെ ഏതെങ്കിലും താവളത്തിലായിരിക്കും ലാദനെന്ന് കരുതുന്നു. ഈ താവളങ്ങള്‍ അന്ന് സോവിയറ്റ് സൈന്യം കണ്ടെത്തിയിരുന്നെങ്കിലും ആക്രമണത്തില്‍ അവര്‍ക്ക് കൂടുതല്‍ നാശനഷ്ടങ്ങള്‍ സംഭവിക്കുകയാണ് ചെയ്തത്. അവസാനം ഗത്യന്തരമില്ലാതെ സോവിയറ്റ് സൈന്യം പിന്തിരിയുകയായിരുന്നു. അഫ്ഗാനിസ്ഥാനിലെ മരുഭൂമിയും പര്‍വതങ്ങളും താഴ്വരകളുമെല്ലാം കീഴടക്കി ലാദനെ പിടികൂടാന്‍ അമേരിക്കക്ക് പ്രയാസമാകും എന്നു തന്നെയാണ് കണക്കുകൂട്ടലുകള്‍.
ലാദന് അഫ്ഗാനിസ്ഥാനില്‍ ഒട്ടേറെ ഒളിത്താവളങ്ങളുണ്ടെങ്കിലും അദ്ദേഹത്തിന്റെ ഭാര്യമാരും കുട്ടികളും കഴിയുന്ന കാണ്ടഹാറിലായിരുന്നു മിക്കപ്പോഴും ഉണ്ടാവുക. ജലാലാബാദിലുള്ള പരിശീലനക്യാമ്പിലും ഇദ്ദേഹം എത്താറുണ്ടായിരുന്നു. എന്നാല്‍ 1998ലെ അമേരിക്കന്‍ ക്രൂയിസ് മിസൈല്‍ ആക്രമണത്തില്‍ ഈ കേന്ദ്രം ഭാഗികമായി തകര്‍ന്നതായാണ് റിപ്പോര്‍ട്ടുകള്‍.












Click it and Unblock the Notifications