ഗുണ്ടാസംഘങ്ങളെ അമര്‍ച്ച ചെയ്യണം: മുഖ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് ഗുണ്ടാ മാഫിയാ സംഘങ്ങളെ അമര്‍ച്ച ചെയ്യാന്‍ ശക്തമായ നടപടികള്‍ കൈക്കൊള്ളണമെന്ന് മുഖ്യമന്ത്രി എ. കെ. ആന്റണി പൊലീസിന് കര്‍ശന നിര്‍ദേശം നല്‍കി.
സംസ്ഥാനത്ത് കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഗുണ്ടാസംഘങ്ങള്‍ അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുകയാണെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. സംസ്ഥാന പൊലീസ് സേനയുടെ പ്രവര്‍ത്തനം വിലയിരുത്തുന്നതിനായി സപ്തംബര്‍ 17 തിങ്കളാഴ്ച ചേര്‍ന്ന ഉന്നതതല യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഗുണ്ടാസംഘങ്ങള്‍ക്കെതിരെ നടപടിയെടുക്കുമ്പോള്‍ രാഷ്ട്രീയ ജാതിമത പരിഗണനകള്‍ കടന്നുവരാന്‍ പാടില്ലെന്നും മുഖ്യമന്ത്രി ഓര്‍മിപ്പിച്ചു. വ്യാജമദ്യ ഉല്‍പ്പാദനവും വില്‍പ്പനയും തടയുന്നതില്‍ പൊലീസ് കൂടുതല്‍ ജാഗരൂകരാകണം. ഇക്കാര്യത്തില്‍ എക്സൈസിന് പൂര്‍ണ സഹകരണം പൊലീസ് നല്‍കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ജനങ്ങളുടെ സ്വത്തിനും ജീവനും സംരക്ഷണം നല്‍കുക എന്ന പ്രാഥമിക കര്‍ത്തവ്യത്തില്‍ നിന്നും പൊലീസ് സേന യാതൊരു കാരണവശാലും പുറകോട്ട് പോകരുത്. മറ്റ് സംസ്ഥാനങ്ങളില്‍ കലാപങ്ങളുണ്ടാവുമ്പോള്‍ കേരളം കലാപ മുക്തമായത് പൊലീസ് സേനയുടെ സ്തുത്യര്‍ഹമായ പ്രവര്‍ത്തനം കൊണ്ടുകൂടിയാണെന്ന് ആന്റണി ചൂണ്ടിക്കാട്ടി.
പട്ടികജാതി പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്ക് നേരെയുള്ള ആക്രമണം തടയുന്നതിനും പൊലീസ് കൂടുതല്‍ ശ്രദ്ധ പതിപ്പിക്കണം. ദുര്‍ബല വിഭാഗങ്ങളുടെ പരാതികള്‍ കൂടുതല്‍ അനുഭാവത്തോടെ പരിഗണിക്കണമെന്നും ആന്റണി നിര്‍ദേശിച്ചു. ഡിജിപിമാര്‍ അടക്കമുള്ള നിരവധി ഉന്നത ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പങ്കെടുത്തു.












Click it and Unblock the Notifications