ആദിവാസികള്‍ക്ക് ഭൂമി നല്‍കുന്നത് എതിര്‍ത്തില്ല: മാണി
തിരുവനന്തപുരം: ആദിവാസികള്‍ക്ക് ഭൂമി നല്‍കുന്നതിനെ താന്‍ എതിര്‍ക്കുകയാണെന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്ന് റവന്യു മന്ത്രി കെ. എം. മാണി.
തനിക്കെതിരെ പ്രവര്‍ത്തിക്കുന്ന ചിലരാണ് ഇത്തരം ദുരുപദിഷ്ടമായ വാര്‍ത്തകള്‍ക്ക് പിന്നിലെന്ന് സപ്തംബര്‍ 17 തിങ്കളാഴ്ച മാണി ആരോപിച്ചു. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ താനുള്‍പ്പടെയുള്ള മന്ത്രിമാരും ചേര്‍ന്ന മന്ത്രിസഭായോഗമാണ് ആദിവാസികള്‍ക്ക് ഭൂമി നല്‍കാന്‍ തീരുമാനിച്ചതെന്ന് മാണി വ്യക്തമാക്കി.
കുടിയേറ്റ കര്‍ഷകരെയും തോട്ടമുടകളെയും സഹായിക്കാന്‍ താന്‍ ആദിവാസി ഭൂമി വിതരണത്തെ അട്ടിമറിക്കാന്‍ കൂട്ടുനില്‍ക്കുന്നുവെന്ന പ്രചരണം ദുഷ്ടലാക്കോടെയാണ്. ഭൂമിവിതരണത്തില്‍ റവന്യു വകുപ്പ് തന്നെ മുന്‍ കൈയെടുത്തിട്ടുണ്ട്. കളക്ടര്‍മാരുടെ റിപ്പോര്‍ട്ട് കിട്ടിയാലുടന്‍ ഭൂമി വിതരണം നടപ്പാക്കുമെന്നും മാണി വ്യക്തമാക്കി.
ഭൂമി നഷ്ടമായ എല്ലാ ആദിവാസി കുടുംബങ്ങള്‍ക്കും ഒരേക്കര്‍ ഭൂമി വീതം നല്‍കണമെന്ന തീരുമാനത്തില്‍ താന്‍ ഇപ്പോഴും ഉറച്ചുനില്‍ക്കുന്നു. മുമ്പ് ആദിവാസികളുടെ കൈവശമുണ്ടായിരുന്ന ഭൂമി രണ്ട് ഹെക്ടറില്‍ കൂടുതല്‍ കൈവശം വച്ചിട്ടുള്ള എല്ലാവരെയും സര്‍ക്കാര്‍ ഒഴിപ്പിക്കുമെന്നും മാണി വ്യക്തമാക്കി.












Click it and Unblock the Notifications