വെറ്റിലപ്പാറ പാലം പണിക്ക് നടപടി
തിരുവനന്തപുരം: തൃശൂര്‍ എറണാകുളം ജില്ലകളിലെ വിനോദസഞ്ചാര വാണിജ്യ വികസനത്തിന് ഏറെ സഹായകമാവുന്ന വെറ്റിലപ്പാറ പാലത്തിന്റെ പണിക്ക് നടപടികള്‍ കൈക്കൊള്ളുമെന്ന് വിനോദസഞ്ചാര മന്ത്രി കെ. വി. തോമസിന്റെ ഓഫീസില്‍ നിന്നും അറിയിച്ചു.
വെറ്റിലപ്പാറ പാലം പണിക്ക് അടിയന്തിര നടപടികള്‍ കൈക്കൊള്ളണമെന്ന് പി. ജെ. ജോയ് എംഎല്‍എ മന്ത്രിക്ക് നിവേദനം നല്‍കിയിരുന്നു. വെറ്റിലപ്പാറ പാലം യാഥാര്‍ത്ഥ്യമായാല്‍ വിനോദസഞ്ചാര കേന്ദ്രങ്ങളായ അതിരപ്പള്ളി, ഷോളയാര്‍, പെരിങ്ങല്‍കുത്ത്, ഏഴാറ്റുമുഖം, ഒലിവേലി, മലയാറ്റൂര്‍, കാലടി എന്നിവടങ്ങളിലേക്ക് നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും വേഗത്തില്‍ എത്തിച്ചേരാന്‍ കഴിയും.
പ്രസിദ്ധ വിനോദസഞ്ചാര കേന്ദ്രമായി മാറിക്കഴിഞ്ഞ അതിരപ്പള്ളിയിലേക്ക് എറണാകുളം ജില്ലയില്‍ നിന്നും വെറ്റിലപ്പാറ പാലത്തിലൂടെ എളുപ്പം പ്രവേശിക്കാനാകുമെന്ന് സപ്തംബര്‍ 17 തിങ്കളാഴ്ച മന്ത്രി പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. പാലം വന്നാല്‍ എറണാകുളം-അതിരപ്പള്ളി ദൂരത്തില്‍ 40 കിലോമീറ്റര്‍ കുറഞ്ഞുകിട്ടും. മുടീസ്, ഷേക്കല്‍ മുടി, വാല്‍പ്പാറ എന്നിവടങ്ങളില്‍ നിന്നും പാലത്തിലൂടെ സുഗന്ധദ്രവ്യങ്ങളും കാപ്പി, തേയില എന്നിവ കൊച്ചി വിപണിയില്‍ എളുപ്പം എത്തിക്കാനാകും.
കൊച്ചി തുറമുഖത്തിന്റെയും നെടുമ്പാശേരി വിമാനത്താവളത്തിന്റെയും വികസനത്തിനും പാലം ഉപകരിക്കും. മലയോര ഹൈവേയുടെ ഭാഗമായാണ് വെറ്റിലപ്പാറ പാലത്തെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. മൂന്നര കോടി രൂപയുടെ പദ്ധതി അടങ്കലിന് സര്‍ക്കാര്‍ അനുമതി നല്‍കിക്കഴിഞ്ഞു. പാലം പണി തുടങ്ങാന്‍ 90 ലക്ഷം രൂപ വേണമെങ്കിലും 50 ലക്ഷം രൂപ മാത്രമാണ് ഈ വര്‍ഷത്തെ ബജറ്റില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്.












Click it and Unblock the Notifications