അമേരിക്കയെ പിന്തുണയ്ക്കാന്‍ കാരണം ഇന്ത്യ: മുഷാറഫ്
ഇസ്ലാമാബാദ്: ഇന്ത്യയുടെ വിദേശനയങ്ങള്‍ കാരണമാണ് പാകിസ്ഥാന് അമേരിക്കയെ പിന്തുണക്കേണ്ടിവന്നതെന്ന് പാകിസ്ഥാന്‍ പ്രസിഡണ്ട് ജനറല്‍ പര്‍വേസ് മുഷാറഫ്. സപ്തംബര്‍ 16 ഞായറാഴ്ച ഇസ്ലാമാബാദില്‍ നടന്ന പാകിസ്ഥാന്‍ മാധ്യമ എഡിറ്റര്‍മാരുടെ യോഗത്തില്‍ വിശദീകരണ പ്രസംഗം നടത്തുകയായിരുന്നു മുഷാറഫ്.
ഇന്ത്യയുടെ വിദേശനയത്തില്‍ വന്ന വന്‍ മാറ്റം കാരണം അമേരിക്കയുടെ എല്ലാ ആവശ്യങ്ങളും പാകിസ്ഥാന് അംഗീകരിച്ചുകൊടുക്കേണ്ടിവന്നു, മുഷാറഫ് പറഞ്ഞു.
സപ്തംബര്‍ 11 ചൊവാഴ്ച അമേരിക്കയില്‍ നടന്ന ആക്രമണത്തെത്തുടര്‍ന്ന് ഇന്ത്യ അമേരിക്കക്ക് നിരുപാധിക പിന്തുണ പ്രഖ്യാപിച്ചു. അമേരിക്കന്‍ സൈനികര്‍ക്ക് ഇന്ത്യയില്‍ പ്രവേശിക്കാന്‍ സാധിക്കുകയാണെങ്കില്‍ ഇസ്രായേലും അവിടെയെത്തും. അത് പാകിസ്ഥാന്റെ സുരക്ഷക്ക് തന്നെ ഭീഷണിയാകും - മുഷാറഫ് എഡിറ്റര്‍മാരോട് പറഞ്ഞു. ഈ അവസരം ഇന്ത്യ മുതലെടുക്കാതിരിക്കാനാണ് പാകിസ്ഥാന്‍ താലിബാനെ തള്ളിപ്പറഞ്ഞതെന്നും മുഷാറഫ് കൂട്ടിച്ചേര്‍ത്തു.
കശ്മീരിലെ തീവ്രവാദ പ്രവര്‍ത്തനത്തിന് പിന്തുണ നല്‍കുന്ന കാര്യത്തില്‍ അമേരിക്ക ഇനി പാകിസ്ഥാനെ എതിര്‍ക്കില്ലെന്ന് ഉറപ്പുകിട്ടിയിട്ടുണ്ടെന്ന് മുഷാറഫ് പറഞ്ഞു. പാകിസ്ഥാനെ അമേരിക്ക ഭീകരരാജ്യമായി പ്രഖ്യാപിക്കുകയില്ല. കശ്മീര്‍ മുജാഹിദ്ദീനുകളെ തീവ്രവാദികളെന്നും വിളിക്കില്ല. ഉഭയകക്ഷിചര്‍ച്ചകളില്‍ അമേരിക്ക ഇനി അതിര്‍ത്തി തീവ്രവാദ പ്രശ്നം ഉയര്‍ത്തില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മുഷാറഫ് തന്റെ നടപടികള്‍ വിശദീകരിക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും പാകിസ്ഥാനിലെ ജനങ്ങള്‍ അമേരിക്കയെ പിന്തുണയ്ക്കാനുള്ള തീരുമാനത്തില്‍ ക്ഷുഭിതരാണ് എന്ന് റിപ്പോര്‍ട്ടുകളുണ്ട്.


Click it and Unblock the Notifications