യുഎസ് സൈനിക തന്ത്രജ്ഞര്‍ പാകിസ്ഥാനില്‍
ഇസ്ലാമാബാദ്: അഫ്ഗാനിസ്ഥാനെതിരെ ഉണ്ടാകാനിടയുള്ള യുദ്ധത്തിന്റെ സ്ഥിതിഗതികള്‍ നിരീക്ഷിക്കാന്‍ അമേരിക്കയുടെ 50ഓളം സൈനിക തന്ത്രജ്ഞര്‍ പാകിസ്ഥാനിലെത്തി.
ഇവരില്‍ മിക്കവരും കഴിഞ്ഞ വ്യാഴാഴ്ചയും വെള്ളിയാഴ്ചയുമായിത്തന്നെ പാകിസ്ഥാനിലെത്തിയിട്ടുണ്ട്. ഈ സമയത്തായിരുന്നു പാകിസ്ഥാനിലെ വിമാനത്താവളം അഞ്ചു മണിക്കൂറോളം അടച്ചിട്ടത് എന്നു കരുതുന്നു.
സ്ഥിതിഗതികള്‍ നിരീക്ഷിക്കുന്നതോടൊപ്പം അഫ്ഗാനിസ്ഥാനെതിരെ യുദ്ധം ഉണ്ടാവുകയാണെങ്കില്‍ അതില്‍ സഹകരിപ്പിക്കേണ്ട പാകിസ്ഥാന്‍ സൈനികോദ്യോഗസ്ഥര്‍ ആരൊക്കെയാണെന്നും സംഘം കണ്ടെത്തും. അഫ്ഗാനിസ്ഥാനിലേക്ക് ഏതു തരം സൈന്യത്തെയാണ് അയക്കേണ്ടതെന്ന കാര്യത്തെക്കുറിച്ചും ഇവര്‍ അന്വേഷണം നടത്തും.
ഇവരില്‍ ചിലര്‍ പാകിസ്ഥാനിലെ തെക്കുപടിഞ്ഞാറന്‍ പട്ടണമായ ക്വെട്ടയിലും വടക്കു പടിഞ്ഞാറന്‍ നഗരമായ പെഷവാറിലും പര്യടനം നടത്തിക്കഴിഞ്ഞു. ഈ രണ്ടു നഗരങ്ങളും അഫ്ഗാനിസ്ഥാന്റെ അതിര്‍ത്തിയിലാണ് സ്ഥിതി ചെയ്യുന്നത്.
ഈയാഴ്ച അമേരിക്കന്‍ ഇത്തരത്തിലുള്ള ഒരു സംഘം കൂടി പാകിസ്ഥാനിലെത്തും. അഫ്ഗാനിസ്ഥാനിലെ താലിബാന്‍ ഭരണകൂടത്തിനും ഒസാമ ബിന്‍ ലാദനുമെതിരായ പോരാട്ടത്തില്‍ പാകിസ്ഥാന്‍ അമേരിക്കക്ക് പിന്തുണ പ്രഖ്യാപിച്ച സാഹചര്യത്തിലാണിതെന്ന് അമേരിക്കന്‍ സ്റേറ്റ് സെക്രട്ടറി കോളിന്‍ പവല്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.












Click it and Unblock the Notifications