ദുഃഖസൂചകമായി ഇന്ത്യയില്‍ മൗനമാചരിച്ചു
ദില്ലി: തീവ്രവാദത്തിനെതിരെ അമേരിക്ക നടത്തുന്ന പോരാട്ടത്തില്‍ ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചുകൊണ്ടും അമേരിക്കയില്‍ നടന്ന തീവ്രവാദ ആക്രമണത്തില്‍ മരിച്ചവര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ചുകൊണ്ടും ഇന്ത്യയില്‍ സപ്തംബര്‍ 18 ചൊവാഴ്ച രണ്ടു മിനിറ്റ് നേരം മൗനമാചരിച്ചു. രാവിലെ 10.30നാണ് രാജ്യമാസകലം മൗനമാചരിച്ചത്.
സപ്തംബര്‍ 18 ഐക്യദാര്‍ഢ്യദിനമായി പ്രഖ്യാപിച്ചുകൊണ്ട് മൗനമാചരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അഭ്യര്‍ത്ഥിച്ചിരുന്നു. സര്‍ക്കാര്‍ ഓഫീസുകള്‍, സ്വകാര്യ സ്ഥാപനങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങി സമൂഹത്തിന്റെ വിവിധ മേഖലകളിലുള്ള ആളുകള്‍ ഇതില്‍ പങ്കുകൊണ്ടു.
ചൊവാഴ്ച ചേര്‍ന്ന കേന്ദ്ര മന്ത്രിസഭയും രണ്ടു മിനിറ്റു നേരം മൗനമാചരിച്ചു. ലോക്സഭാ സ്പീക്കര്‍, ലോക്സഭയിലെ ഉദ്യോഗസ്ഥര്‍ എന്നിവരും പങ്കുകൊണ്ടു. ദില്ലിയില്‍ രാവിലെ 10.30ന് എല്ലാ വാഹനങ്ങളും നിലച്ചു.
തീവ്രവാദത്തിനെതിരായ പോരാട്ടത്തില്‍ എല്ലാ ഇന്ത്യക്കാരനും പങ്കാളികളാണെന്നും രാജ്യത്തു നിന്നും ലോകത്തു നിന്നും തീവ്രവാദത്തെ തുടച്ചു നീക്കാന്‍ നമ്മള്‍ പ്രതിജ്ഞാബദ്ധരാണന്നും പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയി സന്ദേശത്തില്‍ പറഞ്ഞു.












Click it and Unblock the Notifications