വിമാനയാത്രക്കാരെ ഉപദ്രവിക്കരുത്: മന്ത്രി
തിരുവനന്തപുരം: കേരളത്തിലെ വിമാനത്താവളത്തങ്ങളില്‍ വന്നിറങ്ങുന്ന യാത്രക്കാരെ കസ്റംസ് സെന്‍ട്രല്‍ എക്സൈസ് ഉദ്യോഗസ്ഥര്‍ പീഡിപ്പിക്കുന്നതായി പരാതിയുണ്ടെന്ന് സഹകരണ മന്ത്രി എം. വി. രാഘവന്‍.
ലഗേജ് പരിശോധനയും മറ്റുമുള്ള നടപടിക്രമങ്ങള്‍ പാലിക്കണം. പക്ഷേ അത് വിലപിടിപ്പുള്ള സാധനങ്ങള്‍ വാരിവലിച്ചിട്ടും കേടുവരുത്തിയും ആകരുതെന്ന് രാഘവന്‍ അഭിപ്രായപ്പെട്ടു. തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലെ കാര്‍ഗോ വിഭാഗത്തില്‍ ഏര്‍പ്പെടുത്തിയ പുതിയ സംവിധാനങ്ങള്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
യാത്രക്കാരെ ചൂഷണം ചെയ്യാത്ത രീതിയില്‍ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് കൊണ്ടുപോകാന്‍ കസ്റംസ് ഉദ്യോഗസ്ഥര്‍ ശ്രദ്ധിക്കണം. വിമാനത്താവളത്തിന്റെ വികസനം സംസ്ഥാനത്തിനും തിരുവനന്തപുരം നഗരത്തിനും അത്യാവശ്യമാണെന്നും രാഘവന്‍ പറഞ്ഞു.
എക്സ്റേ യൂണിറ്റിന്റെയും ശീതികരണ സംഭരണിയുടെയും ഉദ്ഘാടനം മന്ത്രി നിര്‍വഹിച്ചു. വെയ് ബ്രിഡ്ജ് മേയര്‍ ജെ. ചന്ദ്രയും കാര്‍ഗോ ട്രാക്കിംഗ് വി. എസ്. ശിവകുമാര്‍ എംപിയും ഉദ്ഘാടനം ചെയ്തു.
ഇന്റര്‍നെറ്റിലൂടെ ചരക്കുകളുടെ വിശദവിവരങ്ങള്‍ അറിയുവാനുള്ള സൗകര്യം കാര്‍ഗോ ട്രാക്കിംഗ് സംവിധാനത്തിലൂടെ നടപ്പാക്കിയിട്ടുണ്ട്. വെബ്സൈറ്റിലൂടെ ചരക്ക് നീക്കത്തിന്റെ പുരോഗതി അറിയാന്‍ കഴിയും.
65 ലക്ഷം രൂപ മുതല്‍മുടക്കിലാണ് പുതിയ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുള്ളത്. എക്സ്റേ സംവിധാനത്തിലൂടെ ചരക്കുകള്‍ തുറന്നുനോക്കാതെ തന്നെ പരിശോധന നടത്താമെന്നുള്ളതിനാല്‍ ഇതിനുള്ള കാലതാമസം ഒഴിവാകും.












Click it and Unblock the Notifications