ആദിവാസികള്‍ അഭയാര്‍ത്ഥി ക്യാമ്പുകള്‍ തുടങ്ങി
തിരുവനന്തപുരം: സംസ്ഥാനത്തെ സെക്രട്ടേറിയറ്റിനു മുന്നില്‍ ആദിവാസികള്‍ അഭയാര്‍ത്ഥി ക്യാമ്പുകള്‍ തുടങ്ങി. പ്രകടനമായി എത്തിയ ആദിവാസികള്‍ സെക്രട്ടേറിയേറ്റിനു മുന്‍പില്‍ കുടിലുകള്‍ കെട്ടി.
കഴിഞ്ഞ ഒരു മാസമായി വിവിധ ആവശ്യങ്ങളുന്നയിച്ച് സമരം നടത്തുന്ന ദളിത് ആദിവാസി ആക്ഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തിലാണ് ക്യാമ്പുകള്‍ തുറന്നത്.
ഇതിനകം തന്നെ ഏഴ് ക്യാമ്പുകള്‍ തുറന്നു കഴിഞ്ഞെന്നും ബാക്കിയുള്ളവയുടെ പണി പൂര്‍ത്തിയായി വരികയാണെന്നും പൊലീസ് പറഞ്ഞു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ആദിവാസികള്‍ സെക്രട്ടേറിയറ്റിനു മുന്നിലേക്കി എത്തിക്കൊണ്ടിരിക്കുകയാണ്. ഇവര്‍ എത്തുന്നതോടെ സെക്രട്ടേറിയറ്റിന് മുന്‍ഭാഗം ആദിവാസികള്‍ ഏതാണ്ട് കൈയടക്കുമെന്നു തന്നെയാണ് കരുതുന്നത്.
ഓരോ ആദിവാസി കുടുംബങ്ങള്‍ക്കും അഞ്ചേക്കര്‍ ഭൂമി നല്‍കിയില്ലെങ്കില്‍ തിരുവനന്തപുരം നഗരത്തിന്റെ വിവിധ ഭാഗങ്ങള്‍ പിടിച്ചെടുക്കുമെന്ന് ആദിവാസി ആക്ഷന്‍ കൗണ്‍സില്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു.
ആദിവാസികളുടെ സമരം കണക്കിലെടുത്ത് സെക്രട്ടേറിയറ്റിനു ചുറ്റും സുരക്ഷാസംവിധാനം ശക്തമാക്കിയിട്ടുണ്ട്. എന്നാല്‍ പ്രശ്നത്തിന്റെ വൈകാരികത കണക്കിലെടുത്ത് പൊലീസ് നിയന്ത്രണം പാലിക്കുകയാണെന്ന് ഔദ്യോഗിക വക്താക്കള്‍ അറിയിച്ചു.
സി.കെ. ജാനു നേതൃത്വം നല്‍കുന്ന സംസ്ഥാന പ്രചരണ ജാഥ രണ്ടു ദിവസം മുമ്പ് തിരുവനന്തപുരത്തെത്തിയിരുന്നു. സപ്തംബര്‍ 18 ചൊവാഴ്ചയായിരുന്നു ആദിവാസികള്‍ ക്യാമ്പുകള്‍ തുറക്കാന്‍ ഉദ്ദേശിച്ചിരുന്നതെങ്കിലും ഒരു ആദിവാസി നേതാവിന്റെ മരണം മൂലം ബുധനാഴ്ചയിലേക്ക് മാറ്റുകയായിരുന്നു. തുടര്‍ന്ന് ചൊവാഴ്ച രാത്രി മുതല്‍ ആദിവാസികള്‍ സെക്രട്ടേറിയറ്റിനുമുന്നില്‍ തടിച്ചുകൂടി ക്യാമ്പുകള്‍ കെട്ടാന്‍ തുടങ്ങി.
സംസ്ഥാനത്തെ ആദിവാസി പ്രവര്‍ത്തകര്‍ക്കു പുറമെ കര്‍ണാടകം, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്ന് സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് വളണ്ടിയര്‍മാര്‍ എത്തിയിട്ടുണ്ട്.












Click it and Unblock the Notifications