കേരള ചരിത്ര ഗവേഷണ കൗണ്‍സില്‍ പിരിച്ചുവിടും
തിരുവനന്തപുരം: കഴിഞ്ഞ ഇടതുമുന്നണി സര്‍ക്കാര്‍ രൂപം നല്‍കിയ കേരളാ ചരിത്ര ഗവേഷണ കൗണ്‍സില്‍ (കെസിഎച്ച്ആര്‍) പിരിച്ചുവിടാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു.
കൗണ്‍സിലിന്റെ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തലാക്കിയ ശേഷം കേരള ഗസറ്റിയേഴ്സിനെ പുനരുജ്ജീവിപ്പിച്ച് ചരിത്രഗവേഷണ കൗണ്‍സില്‍ നടത്തിവന്ന പ്രവര്‍ത്തനങ്ങള്‍ ഏല്‍പ്പിക്കുമെന്ന് സപ്തംബര്‍ 19 ബുധനാഴ്ച നടന്ന മന്ത്രിസഭായോഗ തീരുമാനങ്ങള്‍ വിശദീകരിക്കവെ മുഖ്യമന്ത്രി എ. കെ. ആന്റണി അറിയിച്ചു.
കഴിഞ്ഞ സര്‍ക്കാര്‍ കൗണ്‍സിലിനെ ദുരുപയോഗം ചെയ്തുവെന്ന് ആന്റണി പറഞ്ഞു. ഇടതുമുന്നണി സര്‍ക്കാര്‍ ദുരുദ്ദേശത്തോടെ ഉണ്ടാക്കിയതാണ് ചരിത്രഗവേഷണ കൗണ്‍സില്‍ എന്നും ആന്റണി വ്യക്തമാക്കി. ഇടുക്കി, വയനാട്, കാസര്‍ഗോഡ് ജില്ലകളില്‍ കേന്ദ്രസഹായത്തോടെ നഴ്സിംഗ് സ്ക്കൂളുകള്‍ തുടങ്ങാനും മന്ത്രിസഭായോഗം തീരുമാനിച്ചതായി മുഖ്യമന്ത്രി അറിയിച്ചു.
ഹഡ്കോയ്ക്ക് നല്‍കാനുള്ള കുടിശികയില്‍ 33. 15 കോടി രൂപ നല്‍കാന്‍ തീരുമാനമായി. ഇതോടെ മാര്‍ച്ച് മാസം മുതല്‍ നിലച്ചുപോയ ഹഡ്കോ സഹായം കിട്ടുമെന്നാണ് പ്രതീക്ഷയെന്ന് ആന്റണി പറഞ്ഞു. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ മൈത്രി ഭവന പദ്ധതിയില്‍ വ്യാപകമായ ക്രമക്കേടുണ്ടായിട്ടുണ്ട്. ഇതിനെ കുറിച്ച് ധനകാര്യ വകുപ്പിലെ പരിശോധനാ വിഭാഗം പ്രാഥമിക അന്വേഷണം നടത്തും. ഇത് സംബന്ധിച്ച് പ്രത്യേക ഓഡിറ്റ് നടത്താന്‍ അക്കൗണ്ടന്റ് ജനറലിനോട് നിര്‍ദേശിക്കാനും തീരുമാനമായതായി മുഖ്യമന്ത്രി അറിയിച്ചു.
വൈദ്യുതി, വിനോദസഞ്ചാരം, ആരോഗ്യം തുടങ്ങി നിരവധി മേഖലകളിലെ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിനായി ഒരു അടിസ്ഥാന സൗകര്യ നിയമത്തിന് രൂപം നല്‍കും. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ അടിസ്ഥാന സൗകര്യമേഖലയില്‍ സ്വകാര്യ പങ്കാളിത്തം ഉറപ്പാക്കുവാന്‍ വേണ്ടിയാണിതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. അടുത്ത വര്‍ഷം ആദ്യം കൊച്ചിയില്‍ ആഗോള നിക്ഷേപ സമ്മേളനം (ഗ്ലോബല്‍ ഇന്‍വസ്റ്മെന്റ് മീറ്റ്) വിളിച്ചുചേര്‍ക്കുന്നതിന് വ്യവസായ വകുപ്പിനെ ചുമതലപ്പെടുത്താനും മന്ത്രിസഭായോഗം തീരുമാനിച്ചു.
പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി കേരളത്തില്‍ നിന്നുള്ള എംപിമാരുടെ സമ്മേളനം നവംബര്‍ രണ്ടിന് തിരുവനന്തപുരത്ത് ചേരും. പാര്‍ലമെന്റില്‍ ഉന്നയിക്കേണ്ട കേരളത്തിന്റെ പ്രശ്നങ്ങള്‍ യോഗത്തില്‍ ചര്‍ച്ച ചെയ്ത് തീരുമാനിക്കും. യുജിസി അംഗീകാരവും സാമ്പത്തിക സഹായവും ലഭിക്കത്തക്ക രീതിയില്‍ കണ്ണൂര്‍ സര്‍വകലാശാല സിന്‍ഡിക്കേറ്റ് പിരിച്ചുവിട്ട് മഹാത്മാഗാന്ധി സര്‍വകലാശാല സിന്‍ഡിക്കേറ്റിന്റെ മാതൃകയില്‍ പുതിയ സിന്‍ഡിക്കേറ്റ് രൂപീകരിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.












Click it and Unblock the Notifications