കശ്മീരില്‍ പണിമുടക്ക് പൂര്‍ണം
ശ്രീനഗര്‍: യുഎസിനെ പിന്തുണക്കാനുള്ളപാക്കിസ്ഥാന്‍ സര്‍ക്കാരിന്റെ തീരുമാനത്തെ എതിര്‍ക്കുന്ന പാക്കിസ്ഥാനികളോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് സപ്തംബര്‍ 21 വെള്ളിയാഴ്ച ജമ്മു കശ്മീരില്‍ തീവ്രവാദി സംഘടനകള്‍ ആഹ്വാനം ചെയ്ത പണിമുടക്ക് ജനജീവിതത്തെ ബാധിച്ചു.
ശ്രീനഗറിലും കശ്മീരിലെ മറ്റ് നഗരങ്ങളിലും പണിമുടക്ക് പൂര്‍ണമായിരുന്നു. കടകളും സ്കൂളുകളും ബാങ്കുകളും വാണിജ്യ സ്ഥാപനങ്ങളും അടഞ്ഞുകിടന്നു. ശ്രീനഗറിലെ ചില ഭാഗങ്ങളില്‍ അക്രമസംഭവങ്ങളുണ്ടായി.
ജയിഷെ-ഇ-മുഹമ്മദ്, അല്‍-ബദാര്‍ മുജാഹിദ്ദീന്‍, ഹര്‍ക്കത്ത്-ഉള്‍-മുഹാജിദ്ദീന്‍, ജമായത്ത്-ഉള്‍-മുജാഹിദ്ദീന്‍ എന്നീ സംഘടനകളാണ് പണിമുടക്കിന് ആഹ്വാനം ചെയ്തത്. ദുക്തറാന്‍-ഇ-മിലത് എന്ന വനിതാ സംഘടനയും പണിമുടക്കിനെ പിന്തുണച്ചു.
അതേ സമയം ആള്‍ പാര്‍ട്ടി ഹുറിയത്ത് കോണ്‍ഫറന്‍സ് പണിമുടക്കിനെ പിന്തുണക്കരുതെന്ന് മുസ്ലിങ്ങളോട് ആവശ്യപ്പെട്ടിരുന്നു. യുഎസിന് പിന്തുണ നല്‍കിയ പാക്കിസ്ഥാന്‍ സര്‍ക്കാരിന്റെ തീരുമാനം ശരിയാണെന്നതാണ് ഹുറിയത്തിന്റെ നിലപാട്.












Click it and Unblock the Notifications