കെപിസിസി പട്ടിക പ്രസിദ്ധീകരിച്ചു
ദില്ലി: വിവാദങ്ങള്‍ക്കറുതി വരുത്തി കെപിസിസി ഭാരവാഹികളുടെ പട്ടിക പ്രസിദ്ധീകരിച്ചപ്പോള്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ. കരുണാകരന്റെ കടുത്ത നിലപാടിന് വിജയം. കരുണാകരന്‍ ആവശ്യപ്പെട്ടതുപോലെ ഔദ്യോഗിക നിര്‍ദ്ദേശമായ പി.സി. ചാക്കോയെ മാറ്റി പി.പി. തങ്കച്ചനെ വൈസ് പ്രസിഡണ്ടായി നിയമിച്ചുകൊണ്ടാണ് സപ്തംബര്‍ 20 വ്യാഴാഴ്ച പട്ടിക പുറത്തിറങ്ങിയത്.
രണ്ടാമത്തെ വൈസ് പ്രസിഡണ്ട് എം.ഐ. ഷാനവാസാണ്. പി.പി. തങ്കച്ചന്‍ ഐ ഗ്രൂപ്പിനെയും ഷാനവാസ് എ ഗ്രൂപ്പിനെയും പ്രതിനിധീകരിക്കുന്നു. കെപിസിസി പ്രസിഡണ്ട് കെ. മുരളീധരന്‍ ദിവസങ്ങള്‍ക്കു മുമ്പു സമര്‍പ്പിച്ച പട്ടിക ചാക്കോയുടെ പേരില്‍ത്തട്ടി വിവാദത്തില്‍പ്പെടുകയായിരുന്നു. പിന്നീട് കോണ്‍ഗ്രസ് പ്രസിഡണ്ട് സോണിയാഗാന്ധിയുടെ നിര്‍ദ്ദേശ പ്രകാരം പുതിയ പട്ടിക നല്‍കുകയും ചെയ്തു. ആദ്യ പട്ടിക നല്‍കി ഏതാണ്ട് ഒരു മാസത്തിനു ശേഷമാണ് പട്ടിക പ്രസിദ്ധീകരിച്ചത്.
14 ജനറല്‍ സെക്രട്ടറിമാരും 17 ജോയിന്റ് സെക്രട്ടറിമാരും 39 പിസിസി എക്സിക്യൂട്ടീവുകളും 39 എഐസിസി അംഗങ്ങളും പിസിസിയിലേക്കുള്ള 20 പ്രത്യേക ക്ഷണിതാക്കളും 12 തിരഞ്ഞെടുപ്പു കമ്മിറ്റി അംഗങ്ങളും ഉള്‍പ്പെട്ട പട്ടികയാണ് സോണിയാഗാന്ധി പ്രഖ്യാപിച്ചത്. ഐ ഗ്രൂപ്പില്‍ നിന്ന് അഞ്ചും എ ഗ്രൂപ്പില്‍ നിന്ന് ആറും മൂന്നാം ഗ്രൂപ്പില്‍ നിന്ന് രണ്ടും വയലാര്‍ രവി ഗ്രൂപ്പില്‍ നിന്നും ഒന്നും ജനറല്‍ സെക്രട്ടറിമാരാണുള്ളത്. ട്രഷററായി ഐ ഗ്രൂപ്പിലെ സി.എന്‍. ബാലകൃഷ്ണനെയാണ് നിയമിച്ചിരിക്കുന്നത്.
കരുണാകരന്റെ എതിര്‍പ്പിനെത്തുടര്‍ന്ന് വൈസ് പ്രസിഡണ്ട് സ്ഥാനം നഷ്ടമായ പി.സി. ചാക്കോയെ കെപിസിസി എക്സിക്യൂട്ടീവിലും കേരളത്തില്‍ നിന്നുള്ള എഐസിസി പട്ടികയിലും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
കെപിസിസി ഭാരവാഹികള്‍ക്കു പുറമെ ജില്ലാ അധ്യക്ഷന്മാരെയും പ്രഖ്യാപിച്ചിട്ടുണ്ട്. എറണകുളവും ആലപ്പുഴയും ഐ ഗ്രൂപ്പില്‍നിന്ന് മാറ്റി എ ഗ്രൂപ്പിനാണ് നല്‍കിയിരിക്കുന്നത്.












Click it and Unblock the Notifications