ശബരിമല തീര്‍ത്ഥാടകര്‍ക്ക് കൂടുതല്‍ സൗകര്യങ്ങള്‍
തിരുവനന്തപുരം: മണ്ഡല-മകരവിളക്ക് ഉത്സവത്തോടനുബന്ധിച്ച് ശബരിമലയിലെത്തുന്ന തീര്‍ത്ഥാടകര്‍ക്ക് കൂടുതല്‍ സൗകര്യങ്ങളേര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കി.
ശബരിമലയിലെ സൗകര്യങ്ങളെ പറ്റിയും സുരക്ഷയെ പറ്റിയും ചര്‍ച്ച ചെയ്യാന്‍ സപ്തംബര്‍ 20 വ്യാഴാഴ്ച ചേര്‍ന്ന ഉന്നതതല യോഗമാണ് ഇത് സംബന്ധിച്ച് തീരുമാനമെടുത്തതെന്ന് ദേവസ്വം മന്ത്രി ജി. കാര്‍ത്തികേയന്‍ വാര്‍ത്താലേഖകരെ അറിയിച്ചു. പമ്പ മുതല്‍ സന്നിധാനം വരെയുള്ള റോഡില്‍ കഴിഞ്ഞ വര്‍ഷം അപകടമുണ്ടായ ഭാഗത്ത് 600 മീറ്റര്‍ നീളത്തില്‍ സ്ഥിരം ബാരിക്കേഡ് നിര്‍മ്മിക്കും.
തിരക്ക് നിയന്ത്രിക്കാന്‍ ഈ ഭാഗത്ത് 24 മണിക്കൂറും പൊലീസ് സേനയുണ്ടാകും. മരക്കൂട്ടത്ത് അയ്യപ്പഭക്തര്‍ക്ക് വിശ്രമിക്കുന്നതിനായി താല്‍ക്കാലിക താവളം തയാറാക്കുമെന്നും മന്ത്രി അറിയിച്ചു. യാത്രയ്ക്കിടയില്‍ അവശരാകുന്ന ഭക്തരെ ഉദ്ദേശിച്ച് അപ്പാച്ചിമേട്ടില്‍ ഓക്സിജന്‍ പാര്‍ലര്‍ സ്ഥാപിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
അയ്യപ്പസേവാസംഘത്തിന്റെ സഹകരണത്തോടെ പമ്പയില്‍ തീവ്ര പരിചരണ വിഭാഗം (ഐസിയു) സ്ഥാപിക്കും. പത്തനംതിട്ട ജില്ലാ ആശുപത്രിയിലും ഐസിയു സ്ഥാപിക്കും. റാന്നി, ളാഹ, പമ്പ, കോഴഞ്ചേരി എന്നീ സ്ഥലങ്ങള്‍ കേന്ദ്രീകരിച്ച് സഞ്ചരിക്കുന്ന വൈദ്യസഹായ യൂണിറ്റുകള്‍ (എംഎംയു) പ്രവര്‍ത്തിക്കാന്‍ വേണ്ട നടപടിയെടുക്കുമെന്നും കാര്‍ത്തികേയന്‍ അറിയിച്ചു.
ശബരിമല വികസനത്തിനായി കൂടുതല്‍ വനഭൂമി ലഭ്യമാക്കാന്‍ വേണ്ട ശ്രമങ്ങള്‍ നടന്നുവരികയാണ്. പമ്പയിലെ പാര്‍ക്കിംഗ് പ്രശ്നത്തിന് പരിഹാരം കണ്ടെത്താന്‍ കൂടുതല്‍ സ്ഥലം കിട്ടിയേ മതിയാവൂ. വിദഗ്ധമായ ഒരു ട്രാഫിക് മാനേജ്മെന്റ് ഇക്കാര്യത്തില്‍ ആവശ്യമാണ്. ഇത് സംബന്ധിച്ച് പഠനം നടത്തുന്നതിന് ഒരു ഏജന്‍സിയെ നിയമിക്കുന്ന കാര്യം പരിഗണിക്കുമെന്നും കാര്‍ത്തികേയന്‍ വ്യക്തമാക്കി.












Click it and Unblock the Notifications