കുട്ടികളുടെ ജഡം കിണറ്റില്‍; അമ്മയെ രക്ഷിച്ചു
തലശ്ശേരി: കണ്ണൂര്‍ ജില്ലയിലെ പാനൂരില്‍ മൂന്നു കുഞ്ഞുങ്ങളുടെ ജഡം കിണറ്റില്‍ നിന്ന് കണ്ടെടുത്തു. കിണറിനകത്ത് മോട്ടോറിന്റെ പൈപ്പില്‍ പിടിച്ചു നില്‍ക്കുകയായിരുന്ന അമ്മയെ നാട്ടുകാര്‍ രക്ഷപ്പെടുത്തി.
കണ്ണൂര്‍ ജില്ലയിലെ പാനൂരില്‍ കടവത്തൂര്‍ മീത്തലെ മണ്ണിക്കണ്ടി ഷരീഫിന്റെ മക്കളായ ഷഫാഖ് അബ്ദുള്ള (എട്ട്), ഷഫ്ക്കത്ത് മുബഷര്‍ (അഞ്ച്), ഷഹ്ദാദ് (ഒമ്പതു മാസം) എന്നിവരുടെ മൃതദേഹമാണ് കിണറ്റില്‍ നിന്ന് കണ്ടെടുത്തത്. ഇവരുടെ അമ്മ സലീനയെ (28) കിണറ്റില്‍ നിന്ന് നാട്ടുകാര്‍ രക്ഷപ്പെടുത്തി. മൂന്നു മക്കളെയുമെടുത്ത് സലീന കിണറ്റില്‍ ചാടിയതാണെന്ന് കരുതുന്നു. സലീനയുടെ ഭര്‍ത്താവ് ഷരീഫ് ഗള്‍ഫിലാണ്.
സപ്തംബര്‍ 21 വെള്ളിയാഴ്ച രാവിലെ മൂത്ത കുട്ടി മറ്റുള്ളവരെ കാണാതെ കരഞ്ഞതിനെത്തുടര്‍ന്നാണ് നാട്ടുകാര്‍ കിണര്‍ പരിശോധിച്ചത്. അപ്പോള്‍ ഷഹ്ദാദിന്റെ മൃതദേഹം വെള്ളത്തിനു മുകളില്‍ പൊങ്ങിക്കിടക്കുകയായിരുന്നു. സലീന മോട്ടോര്‍ പൈപ്പില്‍ പിടിച്ചു നില്‍ക്കുന്നതായും കണ്ടു.
തുടര്‍ന്ന് ഷരീഫിന്റെ അനുജന്‍ യൂനസ് കിണറിലിറങ്ങി സലീനയെയും ഷഹ്ദാദിന്റെ മൃതദേഹവും പുറത്തെത്തിച്ചു. ഏറെ നേരം കിണറില്‍ മുങ്ങിയ ശേഷം മറ്റു രണ്ടു കുട്ടികളുടെയും മൃതദേഹം കണ്ടെത്തി. മരിച്ച ഷഫാക്ക്, ഷഫ്ക്കത്ത് എന്നിവര്‍ കടവത്തൂര്‍ അല്‍ഹുദാ സ്കൂളിലെ വിദ്യാര്‍ത്ഥികളാണ്. സലീന ഇപ്പോള്‍ അബോധാവസ്ഥയില്‍ തലശേരി ഇന്ദിരാജി സഹകരണ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നു.












Click it and Unblock the Notifications