ലാദന്‍ രാജ്യം വിടണമെന്ന് മതപണ്ഡിതര്‍
കാബൂള്‍: അഫ്ഗാന്‍ ജനതയുടെ മേല്‍ അമേരിക്കന്‍ ആക്രമണം ആസന്നമായിരിക്കുന്ന പശ്ചാത്തലത്തില്‍ സൗദി തീവ്രവാദി ഒസാമ ബിന്‍ ലാദന്‍ രാജ്യം വിടണമെന്ന് മുസ്ലിം പണ്ഡിതര്‍ നിര്‍ദ്ദേശിച്ചു. എന്നാല്‍ അവസാന തീരുമാനം താലിബാന്‍ പരമോന്നത നേതാവ് മുല്ല മൊഹമ്മദ് ഒമറിന്റേതാണെന്നും പണ്ഡിതര്‍ വിലയിരുത്തി.
രാജ്യം വിടാന്‍ ലാദന് സമയപരിധിയൊന്നും നിര്‍ദ്ദേശിച്ചിട്ടില്ല. മുല്ല ഒമര്‍ മതപണ്ഡിതരുടെ നിര്‍ദ്ദേശം സ്വീകരിക്കുമെന്ന് ഒരു താലിബാന്‍ മന്ത്രി പറഞ്ഞു. എന്നാല്‍ ഒസാമയ്ക്ക് ധാരാളം ശത്രുക്കളുള്ളതിനാല്‍ രാജ്യം വിടാന്‍ കുറച്ചു സമയമെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മറ്റുള്ളവരെപ്പോലെ ലാദന് റോഡില്‍ ചെന്ന് നിന്ന് ഒരു ടാക്സി കൈകാട്ടി നിര്‍ത്തി യാത്ര ചെയ്യാനാകില്ല, അദ്ദേഹം ചൂണ്ടിക്കാട്ടി.
അഫ്ഗാനിസ്ഥാനെ ആക്രമിക്കാന്‍ തുനിഞ്ഞാല്‍ അമേരിക്കക്കെതിരെ വിശുദ്ധയുദ്ധം പ്രഖ്യാപിക്കുമെന്നും സപ്തംബര്‍ 20 വ്യാഴാഴ്ച കാബൂളില്‍ യോഗം ചേര്‍ന്ന മതപണ്ഡിതര്‍ മുന്നറിയിപ്പു നല്‍കി. ആക്രമണത്തിന് അമേരിക്കയെ സഹായിക്കുന്ന മുസ്ലിമിന് അയാള്‍ അഫ്ഗാന്‍കാരനായാലും വധശിക്ഷ നല്കണമെന്നും യോഗം അഭിപ്രായപ്പെട്ടു. അമേരിക്കയില്‍ നടന്ന ആക്രമണത്തെക്കുറിച്ച് ഐക്യരാഷ്ട്രസഭ നിഷ്പക്ഷമായ അന്വേഷണം നടത്തണമെന്നും പണ്ഡിതര്‍ ആവശ്യപ്പെട്ടു.
അമേരിക്ക നിരാകരിച്ചു
എന്നാല്‍ മതപണ്ഡിതരുടെ തീരുമാനത്തില്‍ അമേരിക്ക അതൃപ്തി പ്രകടിപ്പിച്ചു. ഒസാമയെ രാജ്യം വിട്ടുപോകാന്‍ അനുവദിക്കുന്നത് അമേരിക്കയുടെ ആവശ്യത്തിന് നിരക്കുന്നതല്ല. ഒരു സുരക്ഷിത സ്ഥാനത്തു നിന്ന് മറ്റൊരു സുരക്ഷിതസ്ഥാനത്തേക്കുള്ള മാറ്റം മാത്രമാണിത്. ഞങ്ങള്‍ ആവശ്യപ്പെടുന്നത് നടപടിയാണ് - ഒരു വൈറ്റ് ഹൗസ് വക്താവ് പറഞ്ഞു.
ഒസാമയുടെ അല്‍ക്വയിദ സംഘടനയ്ക്ക് നേതൃത്വം നല്‍കുന്നവരെയെല്ലാം അധികൃതര്‍ക്ക് കൈമാറണമെന്നാണ് പ്രസിഡണ്ട് ജോര്‍ജ് ബുഷ് ആവശ്യപ്പെട്ടിരിക്കുന്നത്. അതുപോലെ അ്ഗാനിസ്ഥാനിലെ തീവ്രവാദ കേന്ദ്രങ്ങളെല്ലാം അടച്ചുപൂട്ടുകയും വേണം. അമേരിക്ക ഇപ്പോഴും ഇതേ ആവശ്യത്തില്‍ ഉറച്ചു നില്‍ക്കുന്നു - വക്താവ് വ്യക്തമാക്കി.
അതിനിടെ അഫ്ഗാനിസ്ഥാനെതിരെ അമേരിക്ക സൈനികനടപടി ശക്തമാക്കുകയാണ്. ഒട്ടേറെ പോര്‍വിമാനങ്ങളും കരസേന ബറ്റാലിയനുകളും പടക്കപ്പലുകളും അഫ്ഗാനെ കേന്ദ്രീകരിച്ച് പുറപ്പെട്ടുകഴിഞ്ഞിട്ടുണ്ട്.












Click it and Unblock the Notifications