ആദിവാസികള്‍ക്ക് അഞ്ചേക്കര്‍ നല്‍കാനാവും
തിരുവനന്തപുരം: ഓരോ ആദിവാസി കുടുംബത്തിനും അഞ്ചേക്കര്‍ ഭൂമി നല്‍കാനാവില്ലെന്ന് സര്‍ക്കാര്‍ പറയുന്നുണ്ടെങ്കിലും സര്‍ക്കാരിന്റെ കൈയില്‍ആദിവാസികള്‍ക്ക് അര്‍ഹതപ്പെട്ട ഭൂമി അതിലും കൂടുതലുണ്ടെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
സംസ്ഥാനത്തുള്ള 70, 000 ആദിവാസി കുടുംബങ്ങളില്‍ 45, 000 കുടുംബങ്ങള്‍ക്കും സ്വന്തമായി ഭൂമിയില്ല. ഇത്രയും കുടുംബങ്ങള്‍ക്ക് അഞ്ചേക്കര്‍ ഭൂമി വീതം നല്‍കുന്നതിന് രണ്ടര ലക്ഷം ഭൂമി ആവശ്യമാണ്. സര്‍ക്കാരിന്റെ കൈയില്‍ 10 ലക്ഷത്തോളം ഏക്കര്‍ ഭൂമിയുണ്ടെന്നാണ് ആദിവാസി നേതാക്കള്‍ പറയുന്നത്.
സര്‍ക്കാര്‍ ആദിവാസി മേഖലകളിലും വനഭൂമിയിലും നടപ്പാക്കിയ ചില പദ്ധതികളില്‍ തന്നെ ആദിവാസികള്‍ക്ക് നല്‍കാനുള്ള ഭൂമിയുണ്ട്. ഈ പദ്ധതികള്‍ ഒന്നും തന്നെ ആദിവാസികള്‍ക്ക് ഗുണം ചെയ്തില്ലെന്ന് മാത്രമല്ല അവവരുടെ ഭൂമി നഷ്ടമാവുകയും ചെയ്തു. സുഗന്ധഗിരി പദ്ധതിയുടെ കീഴില്‍ 4150 ഏക്കര്‍ ഭൂമിയുണ്ട്. പ്രിയദര്‍ശിനി പദ്ധതി പ്രകാരം 2804 ഏക്കറും വയനാട്ടിലെ പൂക്കോട്ട് ഡയറി ഫാമില്‍ 1540 ഏക്കറും ഭൂമിയുണ്ട്. വല്ലച്ചിറ കൂട്ടുകൃഷി പദ്ധതിയില്‍ 300ഏക്കറും അട്ടപ്പാടി ഫാമിംഗ് സൊസൈറ്റിയുടെ കീഴില്‍ 2600 ഏക്കറും വനം വകുപ്പിന്റെ കീഴില്‍ 4381 ഏക്കറും ചീങ്ങേരി പദ്ധതിയുടെ കീഴില്‍ 526 ഏക്കറും ഭൂമിയുണ്ട്.
പൂട്ടിപ്പോയ മാവൂര്‍ ഗ്വാളിയോര്‍ റയോണ്‍സിന് ഈറ്റ വെട്ടാന്‍ നല്‍കിയിരുന്നത് 70,000 ഏക്കറാണ്. ഫാക്ടറി പൂട്ടിപ്പോയ സ്ഥിതിക്ക് ഇതും ആദിവാസി കുടുംബങ്ങള്‍ക്ക് നല്‍കാവുന്നതേയുള്ളുവെന്ന് സമരം നടത്തുന്നവര്‍ പറയുന്നു.
ആദിവാസികള്‍ക്ക് നല്‍കുന്ന ഭൂമി അന്യാധീനപ്പെട്ടുപോകുന്നത് തടയുന്നതിനുള്ള ഓര്‍ഡിനന്‍സ് സപ്തംബര്‍ 25ന് മുമ്പ് പുറത്തിറക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. എന്നാല്‍ 1999ല്‍ തയാറാക്കിയ നിയമത്തിലെ ഒരു വകുപ്പിനെ അടിസ്ഥാനമാക്കിയാണ് ഈ ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നത്.
എന്നാല്‍ 1975ല്‍ അച്യുതമേനോന്‍ മന്ത്രിസഭ രൂപം നല്‍കിയ ആദിവാസി ഭൂനിയമം ഭൂമി കൈമാറ്റ നിയന്ത്രണവും അന്യാധീനപ്പെട്ട ഭൂമി തിരിച്ചെടുക്കലും വ്യവസ്ഥ ചെയ്യുന്നുണ്ട്. 1999ല്‍ രൂപം നല്‍കിയ പുതിയ നിയമത്തില്‍ അന്യാധീനപ്പെട്ട ആദിവാസി ഭൂമി എന്നുള്ള പരാമര്‍ശം മാറ്റിക്കളയുകയും ഭൂമി കൈമാറ്റ നിയന്ത്രണവും തിരിച്ചെടുക്കലും എന്നു തിരുത്തി 1975ലെ നിയമം അട്ടിമറിക്കുകയും ചെയ്തു. ആദിവാസികളുടെ എതിര്‍പ്പിനെ തുടര്‍ന്ന് 1999ലെ ഓര്‍ഡിനന്‍സ് നിയമവിരുദ്ധമാണെന്ന് ഹൈക്കോടതി വിധിച്ചിരുന്നു. 1975ലെ നിയമം തന്നെ നടപ്പാക്കിയാല്‍ മതിയെന്നാണ് ആദിവാസികളുടെ ആവശ്യം.
1960 ജനവരി ഒന്ന് മുതല്‍ ആദിവാസികള്‍ക്ക് നഷ്ടപ്പെട്ട ഭൂമി തിരിച്ചു പിടിക്കുന്നതിനും ഭാവിയില്‍ ഇത്തരത്തിലുള്ള അന്യാധീനം തടയുന്നതിനും 1975ലെ നിയമം കുറച്ചെങ്കിലും സഹായകമായിരുന്നു എന്നാണ് ആദിവാസികള്‍ക്ക് വേണ്ടി വാദിക്കുന്നവര്‍ പറയുന്നത്.












Click it and Unblock the Notifications