ഉന്നത ഉദ്യോഗസ്ഥരുടെ എണ്ണം കൂടുതല്‍
തിരുവനന്തപുരം: സംസ്ഥാനത്ത് ചെലവ് ചുരുക്കാനായി നിയമനനിരോധനവും തസ്തിക വെട്ടിച്ചുരുക്കലും തുടങ്ങാന്‍ സര്‍ക്കാര്‍ ആലോചിക്കുമ്പോള്‍ ഉന്നത ഉദ്യോഗസ്ഥരുടെ എണ്ണം കൂടുതലെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.
30 വര്‍ഷം കൊണ്ട് സംസ്ഥാന സര്‍വീസിലെ ഐഎഎസ്, ഐപിഎസ്, ഐഎഫ്എസ് ഉദ്യോഗസ്ഥരുടെ എണ്ണം ക്രമാതീതമായി വര്‍ധിച്ചിട്ടുണ്ട്. 1970ല്‍ ഒരു പൊലീസ് ഐജി മാത്രമാണ് സംസ്ഥാനത്തുണ്ടായിരുന്നത്. ഇന്ന് ഏഴായി ഉയര്‍ന്നു. പോരാത്തതിന് ഡിജിപിമാരും അഡീഷണല്‍ ഡിജിപിമാരും നാല് വീതമാണുള്ളത്.
സംസ്ഥാനത്തെ കാടിന്റെ വിസ്തൃതി വര്‍ധിച്ചിട്ടില്ലെങ്കിലും ഫോറസ്റ് സര്‍വീസ് (ഐഎഫ്എസ്) ഉദ്യോഗസ്ഥരുടെ എണ്ണം അമ്പരപ്പിക്കുന്ന രീതിയിലാണ് കൂടിയിട്ടുള്ളത്. 1970ല്‍ സംസ്ഥാനത്താകെ ഉണ്ടായിരുന്ന ഐഎഫ്എസ് ഉദ്യോഗസ്ഥരുടെ എണ്ണം 11 ആയിരുന്നു. ഇപ്പോഴത് 63 ആയിട്ടാണ് ഉയര്‍ന്നിരിക്കുന്നത്.
പല വകുപ്പുകളിലും സെക്രട്ടറിമാരുടെ ഒരു കളി തന്നെയാണ്. സെക്രട്ടറിയെ കൂടാതെ അവരെ സഹായിക്കാന്‍ അഡീഷണല്‍ സെക്രട്ടറിമാരും ഡെപ്യൂട്ടി സെക്രട്ടറിമാരും അണ്ടര്‍ സെക്രട്ടറിമാരും ഉണ്ട്. 1970ല്‍ ഇവരുടെ എണ്ണം 126 ആയിരുന്നു. ഇപ്പോള്‍ വിവിധ വകുപ്പുകള്‍ക്ക് 467 സെക്രട്ടറിമാരുണ്ട്.
നിയമന നിരോധനത്തിന് ശുപാര്‍ശ ചെയ്യുന്ന ആസൂത്രണ ബോര്‍ഡോ മാറിമാറി വന്ന സര്‍ക്കാരുകളോ ഇതിനെ കുറിച്ച് ചിന്തിച്ചിട്ടില്ലെന്ന് വേണം കരുതാന്‍. ഉന്നത ഉദ്യോഗസ്ഥര്‍ പലരും 15, 000 രൂപയോ അതിന് മുകളിലോ ശമ്പളം വാങ്ങുന്നവരാണ്.
അധികാര വികേന്ദ്രീകരണത്തിന്റെ ഭാഗമായി ഉദ്യോഗസ്ഥരുടെ പുനര്‍വിന്യാസത്തിന് കഴിഞ്ഞ സര്‍ക്കാര്‍ ശ്രമിച്ചപ്പോള്‍ സെക്രട്ടറിയേറ്റിലെ അധികാര ശീതളഛായയുടെ സുഖമേറ്റ ഉന്നത ഉദ്യോഗസ്ഥര്‍ അതിനെ തുരങ്കം വയ്ക്കുകയായിരുന്നു എന്ന് പറയപ്പെടുന്നു. ഇക്കഴിഞ്ഞ ആസൂത്രണ ബോര്‍ഡ് യോഗവും ഉദ്യോഗസ്ഥരുടെ പുനര്‍വിന്യാസത്തിന് നിര്‍ദേശം നല്‍കിയിരുന്നു. തങ്ങളുടെ നില ഭദ്രമാക്കി ക്ലാര്‍ക്കുമാരെയും അസിസ്റന്റുമാരെയും തലസ്ഥാന നഗരത്തിന് പുറത്തേക്ക് തട്ടാന്‍ ഉന്നത ഉദ്യോഗസ്ഥര്‍ ശ്രമം തുടങ്ങിയിട്ടുണ്ടത്രെ.












Click it and Unblock the Notifications