കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാഷ്ട്രീയം ചരമക്കുറിപ്പെഴുതിയ ചരിത്രഗവേഷണ കൗണ്‍സില്‍

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: എന്തിനും ഏതിനും രാഷ്ട്രീയം കലര്‍ത്തുന്ന കേരളത്തില്‍ രാഷ്ട്രീയം തന്നെയാണ് ചരിത്ര ഗവേഷണ കൗണ്‍സിലിന്റെ പിരിച്ചുവിടലിന് കാരണമായതെന്ന് പറയപ്പെടുന്നു.

കെസിഎച്ച്ആറിനെ മാര്‍ക്സിസ്റ് ചരിത്രകാരന്മാരുടെ താവളമാക്കിയെന്ന ആരോപണത്തെ ഡയറക്ടര്‍ ചെറിയാന്‍ നിഷേധിച്ചു. ദേശീയ ചരിത്ര ഗവേഷണ കൗണ്‍സില്‍ അധ്യക്ഷനായ എം. ജി. എസ്. നാരായണന് ചേരുന്നതല്ല ഇത്തരം ആരോപണങ്ങളെന്ന് സപ്തംബര്‍ 22 ശനിയാഴ്ച ചെറിയാന്‍ വ്യക്തമാക്കി.

കൗണ്‍സിലില്‍ അംഗമാകാനായി എം. ജി. എസ്. നാരായണനെ മാര്‍ച്ച് 10നും 13നും ക്ഷണിച്ചിരുന്നു. എന്നാല്‍ എം ജി എസ് ക്ഷണം സ്വീകരിക്കുകയോ നിരസിക്കുകയോ ചെയ്തതായി അറിയിച്ചില്ല. ചെറിയാന്‍ തന്നെ അയച്ച ഇ-മെയിലിനും എം ജി എസ് മറുപടി നല്‍കിയില്ല. ഇക്കാര്യത്തില്‍ എന്ത് വിശദീകരണവും ഫോണ്‍ വഴി നല്‍കാന്‍ തയാറാണ് എന്ന് വിശദീകരിച്ചുകൊണ്ടാണ് താന്‍ ഇ-മെയില്‍ അയച്ചതെന്നും ചെറിയാന്‍ വ്യക്തമാക്കി.ചില വ്യക്തിപരമായ കാരണങ്ങളാല്‍ ചരിത്രഗവേഷണ കൗണ്‍സിലില്‍ ചേരാനാവില്ലെന്ന് പ്രൊഫ. ശ്രീധരമേനോന്‍ അറിയിച്ചിരുന്നതായും ചെറിയാന്‍ പറഞ്ഞു.

എല്‍ഡിഎഫ് സര്‍ക്കാര്‍ ഇറങ്ങിപ്പോകുന്നതിന് മുമ്പ് അടിച്ച ഒരു ആപ്പാണ് കെസിഎച്ച്ആര്‍. കേരളത്തിലെ എല്ലാ സര്‍വകലാശാലകളും വിവിധ വകുപ്പുകളുടെ കീഴില്‍ ചരിത്രഗവേഷണം നടത്തുന്നുണ്ട്. അതൊന്നും പോരാഞ്ഞിട്ട് സര്‍ക്കാരിന്റെ കൈയില്‍ കാശില്ലാത്ത സമയത്ത് ഇങ്ങനെയൊരു വെള്ളാനയെ ഉണ്ടാക്കിയതിന്റെ ഉദ്ദേശ്യം വേറെ എന്തോ ആണ്. ചരിത്രഗവേഷകനായ പ്രൊഫ. എ. ശ്രീധരമേനോന്‍ മലയാളം ഇന്ത്യാ ഇന്‍ഫോയോട് പറഞ്ഞു.

താന്‍ കൗണ്‍സിലില്‍ അംഗമാകാതിരുന്നതിന് കാരണം അത് മാര്‍ക്സിസ്റ് പാര്‍ട്ടി ഉണ്ടാക്കിയ മാര്‍ക്സിസ്റുകാര്‍ക്ക് ഭൂരിപക്ഷമുള്ള ഒരു കൗണ്‍സില്‍ ആയതുകൊണ്ടാണെന്നും ശ്രീധരമേനോന്‍ വ്യക്തമാക്കി. കഴിഞ്ഞ അഞ്ച് വര്‍ഷമായി മാര്‍ക്സിസ്റ് പാര്‍ട്ടി എന്നെ ദ്രോഹിക്കുന്നു. അവര്‍ക്ക് ഞാന്‍ ചരിത്രകാരനല്ല, വെറും ഗൈഡ് എഴുത്തുകാരന്‍ മാത്രമാണ്. കൗണ്‍സിലില്‍ മാര്‍ക്സിസ്റുകാരെ കുത്തിനിറച്ചിട്ട് ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍ വേണ്ടി എന്നെയും എം ജി എസിനെയും ക്ഷണിച്ചതാണ്. കൗണ്‍സില്‍ അധ്യക്ഷനായ കെ. എന്‍. പണിക്കര്‍ തന്നെ പറയുന്നു അദ്ദേഹം ഒരു മാര്‍ക്സിസ്റുകാരനാണെന്ന്, അപ്പോള്‍ പിന്നെ ചരിത്രഗവേഷണം എങ്ങനെ വസ്തുനിഷ്ഠമാകും? ശ്രീധരമേനോന്‍ ചോദിക്കുന്നു.

അതേ സമയം ചരിത്രഗവേഷണ കൗണ്‍സില്‍ പിരിച്ചുവിടാനുള്ള തീരുമാനം ജനാധിപത്യവിരുദ്ധവും അക്കാദമിക്ക് സ്വാതന്ത്യ്രത്തിന്മേലുള്ള കടന്നുകയറ്റവുമാണെന്ന് സക്കറിയ, ബി. രാജീവന്‍, കെ. ജി. ശങ്കരപ്പിള്ള, ആര്‍. നന്ദകുമാര്‍, കെ. ഗോപിനാഥന്‍, ഡോ. വി. സി. ഹാരീസ്, ഡോ. ടി. കെ. രാമചന്ദ്രന്‍, കെ. എന്‍. ഷാജി എന്നിവര്‍ മുഖ്യമന്ത്രിക്ക് നല്‍കിയ നിവേദനത്തില്‍ പറഞ്ഞു.സര്‍ക്കാര്‍ തീരുമാനത്തിനെതിരെ ഒരു ദേശീയ കണ്‍വെന്‍ഷന്‍ നടത്താനും തങ്ങള്‍ തീരുമാനിച്ചിട്ടുണ്ടെന്ന് ഇവര്‍ മുഖ്യമന്ത്രിയെ അറിയിച്ചു. കേരളത്തിനകത്തും പുറത്തുമുള്ള ചരിത്രഗവേഷകരും സാമൂഹ്യപ്രവര്‍ത്തകരും കണ്‍വെന്‍ഷനില്‍ വച്ച് സര്‍ക്കാര്‍ തീരുമാനത്തിനെതിരായി കര്‍മ്മപരിപാടി ആസൂത്രണം ചെയ്യും.

ആഗോളവല്‍ക്കരണവും ഭരണകൂടവും എന്ന വിഷയത്തെ അധികരിച്ച് ഒരു സംയുക്ത ചര്‍ച്ച സംഘടിപ്പിക്കാന്‍ സമ്മതിച്ചുകൊണ്ട് ആസ്ത്രേലിയയിലെ ലാത്രോബ് സര്‍വകലാശാല അയച്ച കത്ത് കൗണ്‍സിലിന് കിട്ടുന്നത് സപ്തംബര്‍ 19 ബുധനാഴ്ചയായിരുന്നു. അന്ന് ചേര്‍ന്ന മന്ത്രിസഭായോഗമാണ് കൗണ്‍സില്‍ പിരിച്ചുവിടാനുള്ള തീരുമാനമെടുത്തതും.

തിരുവിതാംകൂറിലെ സ്വാതന്ത്യ്രസമരസേനാനിയായിരുന്ന ബാരിസ്റര്‍ ജി. പി. പിള്ളയുടെ മകളെ കണ്ട് അദ്ദേഹത്തിന്റെ വമ്പിച്ച പുസ്തകശേഖരം കൗണ്‍സിലിന് നല്‍കാന്‍ സമ്മതിപ്പിച്ചതും സപ്തംബര്‍ 19 ബുധനാഴ്ചയായിരുന്നു. കെസിഎച്ച്ആര്‍ ഡയറക്ടറായ ഡോ. പി. ജെ. ചെറിയാന്‍ തന്നെ നേരിട്ട് ചെന്നായിരുന്നു പുസ്തകങ്ങള്‍ കൈമാറുവാന്‍ അഭ്യര്‍ത്ഥിച്ചത്. ബ്രിട്ടീഷ് മ്യൂസിയത്തിന്റെ ഭാഗമായ ഇന്ത്യാ ഓഫീസ് ലൈബ്രറിയില്‍ നിന്നും കേരളത്തെ സംബന്ധിച്ചുള്ള രേഖകള്‍ ശേഖരിക്കാനും കെസിഎച്ച്ആര്‍ ശ്രമിച്ചുവരികയായിരുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X