മുല്ലപ്പെരിയാര്‍: സര്‍ക്കാരുകള്‍ക്ക് നോട്ടീസ്
ദില്ലി: മുല്ലപ്പെരിയാര്‍ ഡാമിലെ വെള്ളം തമിഴ്നാട്ടിലേക്ക് തിരിച്ചുവിടുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയിന്മേല്‍ കേന്ദ്രത്തിനും കേരള, തമിഴ്നാട് സര്‍ക്കാരുകള്‍ക്കും സുപ്രിം കോടതി നോട്ടീസയച്ചു.
വെള്ളം തിരിച്ചുവിടുന്നത് കേരളത്തിലെ വലിയൊരു ഭാഗം കൃഷിനിലങ്ങള്‍ ഉപയോഗശൂന്യമാവുന്നതിന് കാരണമാവുന്നു എന്ന് ചൂണ്ടിക്കാട്ടി മുല്ലപ്പെരിയാര്‍ പ്രകൃതി സംരക്ഷണസമിതിയാണ് ഹര്‍ജി സമര്‍പ്പിച്ചത്. ജസ്റിസ് എന്‍.സന്തോഷ് ഹെഡ്ഡെ, ജസ്റിസ് പി.വി.റെഡ്ഡി എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ചാണ് നോട്ടീസ് അയച്ചത്. മുല്ലപ്പെരിയാര്‍ ഡാമിന്റെ ഉയരം കൂട്ടുന്നതു തടയണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടു.
1886ലെ കരാര്‍ പ്രകാരം തമിഴ്നാട്ടിലെ രണ്ട് ജില്ലകള്‍ക്ക് വെള്ളം നല്‍കുന്നത് കേരളത്തിലെ വലിയൊരു വിഭാഗം കൃഷിനിലങ്ങള്‍ ഉപയോഗശൂന്യമാവുന്നതിനാണ് കാരണമാവുന്നത്. ഇത് സംസ്ഥാന ഖജനാവിന് വന്‍നഷ്ടമുണ്ടാക്കുന്നു. ഭരണഘടനാ നിര്‍ദേശങ്ങള്‍ക്ക് വിരുദ്ധമായതിനാല്‍ 1886ലെ കരാര്‍ പാലിക്കാന്‍ പാടില്ലെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.
ഭൂകമ്പ സാധ്യതയുള്ള പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഡാമില്‍ 1930 മുതല്‍ ചോര്‍ച്ചയുണ്ട്. ഡാമിനടുത്ത് താമസിക്കുന്ന ജനങ്ങളുടെ ജീവന്‍ രക്ഷിക്കുന്നതിന് റിസര്‍വോയറിലെ വെള്ളം പുറത്തേക്ക് വിട്ട് ഡാം തകര്‍ത്തുകളയണമെന്ന് ഹര്‍ജിയില്‍ ആവശ്യപ്പെട്ടു.












Click it and Unblock the Notifications