കൂടുതല്‍ ജഡങ്ങള്‍ കണ്ടെടുത്തു; മരണം 6,827 ആയി
ന്യൂയോര്‍ക്ക്: രക്ഷാപ്രവര്‍ത്തകര്‍ കൂടുതല്‍ മൃതദേഹങ്ങള്‍ കണ്ടെടുത്തതോടെ സപ്തംബര്‍ 11 ചൊവാഴ്ച അമേരിക്കയില്‍ ഉണ്ടായ തീവ്രവാദ ആക്രമണത്തില്‍ മരിച്ചവരുടെ എണ്ണം 6,827 ആയി ഉയര്‍ന്നു.
എന്നാല്‍ ദുരന്തത്തില്‍ മരിച്ച എല്ലാവരുടെ മൃതദേഹങ്ങള്‍ കണ്ടെടുക്കാന്‍ പ്രയാസമാണെന്ന് ന്യൂയോര്‍ക്ക് മേയര്‍ റൂഡി ഗ്വിലിയാനി വ്യക്തമാക്കി. ഇന്ത്യയുള്‍പ്പെടെയുള്ള 60ഓളം രാജ്യങ്ങളിലെ പൗരന്മാര്‍ വേള്‍ഡ് ട്രേഡ് സെന്റര്‍ തകര്‍ന്ന് മരിച്ചിട്ടുണ്ടെന്ന് അമേരിക്ക നേരത്തെ വ്യക്തമാക്കിയിരുന്നു.
മരിച്ചവരും കാണാതായവരുമായി 6.827 പേരുടെ പേരുവിവരങ്ങളാണ് ഇപ്പോള്‍ ന്യൂയോര്‍ക്ക് അധികൃതര്‍ക്ക് ലഭിച്ചിട്ടുള്ളത്. ഇതില്‍ 261 പേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തിട്ടുണ്ട്. 34 രക്ഷാപ്രവര്‍ത്തകരുള്‍പ്പെടെ 194 പേരുടെ മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞു.
പെന്റഗണില്‍ ഇതുവരെ 189 ആളുകളുടെ പേരുവിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്. ഇതില്‍ 117 മൃതദേഹങ്ങള്‍ കണ്ടെത്തുകയും 60 എണ്ണം തിരിച്ചറിയുകയും ചെയ്തതായി അധികൃതര്‍ അറിയിച്ചു. കാണാതായവര്‍ക്കുവേണ്ടി ഇപ്പോഴും തിരച്ചില്‍ തുടരുകയാണ്.
കാണാതായവരില്‍ തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയ നാലുവിമാനങ്ങളിലെ യാത്രക്കാരും ജോലിക്കാരുമായ 265 പേരും ഉള്‍പ്പെടും.












Click it and Unblock the Notifications