ചര്‍ച്ച പരാജയം; സമരം തുടരുമെന്ന് ജാനു
തിരുവനന്തപുരം: ആദിവാസികള്‍ക്ക് ഭൂമി നല്‍കുന്നത് സംബന്ധിച്ച് സര്‍ക്കാരും സമരം നടത്തുന്ന ആദിവാസി സംഘടനാ നേതാക്കളും തമ്മില്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു.
കഴിഞ്ഞ ചര്‍ച്ചയില്‍ നിന്നും സര്‍ക്കാര്‍ പിന്നോട്ട് പോയെന്ന് സമരസമിതി അധ്യക്ഷ ജാനുവും സര്‍ക്കാര്‍ കൂടുതല്‍ ഉദാരമായെന്ന് മുഖ്യമന്ത്രി എ. കെ. ആന്റണിയും സപ്തംബര്‍ 25 ചൊവാഴ്ച നടന്ന ചര്‍ച്ചയ്ക്ക് ശേഷം വാര്‍ത്താലേഖകരോട് പറഞ്ഞു. ആദിവാസികള്‍ക്ക് വിതരണം ചെയ്യാനായി 10, 000 ഏക്കര്‍ ഭൂമി ഉടന്‍ കണ്ടെത്തുമെന്ന് മുഖ്യമന്ത്രി ചര്‍ച്ചയില്‍ അറിയിച്ചു.
എന്നാല്‍ കഴിഞ്ഞ ചര്‍ച്ചയില്‍ ഇത് 15, 000 ഏക്കര്‍ ആണെന്ന് സര്‍ക്കാര്‍ പറഞ്ഞതായി ജാനുവും ചൂണ്ടിക്കാട്ടി. 1999ല്‍ ഇടതുമുന്നണി സര്‍ക്കാര്‍ പാസാക്കിയ ആദിവാസി വിരുദ്ധ നിയമത്തിനകത്തു നിന്നുകൊണ്ട് മാത്രമേ സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് തയാറായിട്ടുള്ളു എന്നുള്ളതുകൊണ്ട് സമരം ശക്തമായ രീതിയില്‍ തന്നെ തുടരുമെന്ന് ജാനു വ്യക്തമാക്കി. ചര്‍ച്ച പൂര്‍ത്തിയാകുന്നതിന് മുമ്പ് ജാനു ഹാളിന് പുറത്തിറങ്ങിപ്പോവുകയും ചെയ്തു.
എന്നാല്‍ ചര്‍ച്ചയില്‍ പങ്കെടുത്ത ചില ആദിവാസി സംഘടനകളുടെ പ്രതിനിധികള്‍ ആവശ്യപ്പെട്ടത് 1999ലെ നിയമം നടപ്പാക്കാനാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. 1975ലെ നിയമം നടപ്പാക്കണമെന്നും ആവശ്യമുയര്‍ന്നു. ഇപ്പോള്‍ 10, 000 ഏക്കര്‍ കണ്ടെത്തിയ ശേഷം ബാക്കി കണ്ടെത്തുന്നത് പിന്നീട് പരിഗണിക്കാമെന്നായിരുന്നും സര്‍ക്കാര്‍ നിലപാട്. ഇപ്പോള്‍ മുഴുവന്‍ ഭൂമിയും കണ്ടെത്തുന്നതിന് പ്രായോഗിക ബുദ്ധിമുട്ടുണ്ടെന്ന് ആന്റണി അറിയിച്ചു.
എന്നാല്‍ തങ്ങള്‍ക്ക് വേണ്ട ഭൂമി കണ്ടെത്തി വിവരങ്ങള്‍ നല്‍കിയിട്ടും സര്‍ക്കാര്‍ ഭൂമി നല്‍കാതെ ഒഴിഞ്ഞുമാറുകയാണെന്ന് ജാനു ആരോപിച്ചു. ഒരേക്കറില്‍ കുറയാതെ എല്ലാ ആദിവാസി കുടുംബങ്ങള്‍ക്കും ഭൂമി നല്‍കുമെന്ന പഴയ നിലപാടില്‍ തന്നെ സര്‍ക്കാര്‍ ഉറച്ചുനില്‍ക്കുകയായിരുന്നു. ഒരേക്കര്‍ എന്നത് കുറഞ്ഞ അളവാണ്. കൂടുതല്‍ ഉള്ള സ്ഥലങ്ങളില്‍ കൂടുതല്‍ കൊടുക്കാനും സര്‍ക്കാര്‍ തയാറാണ്- ആന്റണി വ്യക്തമാക്കി.
ആദിവാസികള്‍ക്കായി കഴിഞ്ഞ ചര്‍ച്ചയ്ക്ക് ശേഷം പ്രഖ്യാപിച്ച പരിപാടികള്‍ ഇക്കുറിയും മുഖ്യമന്ത്രി ആവര്‍ത്തിച്ചു. ആദിവാസി മേഖലകളിലെ ആശുപത്രികളിലെ ഡോക്ടര്‍മാരുടെ ഒഴിവ് നികത്തുന്നതിന് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തും. ആദിവാസി വിദ്യാലയങ്ങളിലെ ഒഴിവുകളും ഇത്തരത്തില്‍ നികത്തും. ആദിവാസി മേഖലകളില്‍ സഞ്ചരിക്കുന്ന വൈദ്യസഹായ കേന്ദ്രങ്ങള്‍ ആരംഭിക്കും. ആദിവാസി മേഖലകളില്‍ മരുന്നെത്തിക്കുന്നതിന് സര്‍ക്കാരിന്റെ സാമ്പത്തികബുദ്ധിമുട്ട് തടസമാവില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
അടുത്ത നിയമസഭാ സമ്മേളനത്തില്‍ കൊണ്ടുവരാന്‍ ഉദ്ദേശിക്കുന്ന കാര്‍ഷിക കടാശ്വാസ ബില്ല് ആദിവാസികള്‍ക്ക് കൂടി പ്രയോജനപ്പെടുത്തുമെന്നും ആന്റണി അറിയിച്ചു. ഇത്രയും നാളും സംയമനത്തോടെ നേരിട്ട ആദിവാസി സമരത്തെ ഇനി എങ്ങനെയായിരിക്കും സമീപിക്കുക എന്ന ചോദ്യത്തിന് ഞാന്‍ ആശ കൈവിട്ടിട്ടില്ല എന്നായിരുന്നു ആന്റണിയുടെ മറുപടി.
പത്തോളം ആദിവാസി സംഘടനകളുടെ നേതാക്കള്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. മുഖ്യമന്ത്രി അധ്യക്ഷനായി നടന്ന ചര്‍ച്ചയില്‍ ധനമന്ത്രി, പട്ടികജാതി പട്ടികവര്‍ഗ മന്ത്രി, വ്യവസായ മന്ത്രി, ആരോഗ്യമന്ത്രി, വനം മന്ത്രി തുടങ്ങിയവരും ചീഫ് സെക്രട്ടറി അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്തു.












Click it and Unblock the Notifications