സംസ്ഥാനത്ത് ബസ് സമരം പൂര്‍ണം
തിരുവനന്തപുരം: നികുതി വര്‍ദ്ധനയില്‍ പ്രതിഷേധിച്ച് ഓള്‍ കേരള ബസ് ഓപ്പറേറ്റേഴ്സ് ഓര്‍ഗനൈസേഷന്‍ സപ്തംബര്‍ 25 ചൊവാഴ്ച നടത്തുന്ന ബസ് സമരം പൂര്‍ണം. സംസ്ഥാനത്തെ എല്ലാ ജില്ലകളിലെയും മിക്കവാറും സ്വകാര്യ ബസ്സുകള്‍ റോഡിലിറങ്ങിയിട്ടില്ല.
50 ശതമാനം നികുതി വര്‍ദ്ധനവില്‍ പ്രതിഷേധിച്ചാണ് സംസ്ഥാനത്തെ 25,000ത്തോളംവരുന്ന ബസ്സുകള്‍ ചൊവാഴ്ച 24 മണിക്കൂര്‍ സൂചനാപണിമുടക്ക് നടത്തിയത്. നികുതി 80,000 രൂപയില്‍ നിന്ന് 1.20 ലക്ഷം രൂപയാക്കിയ സര്‍ക്കാര്‍ നടപടി പിന്‍വലിച്ചില്ലെങ്കില്‍ ഒക്ടോബര്‍ ഒന്നു മുതല്‍ അനിശ്ചിതകാല സമരം തുടങ്ങുമെന്ന് ഓര്‍ഗനൈസേഷന്‍ പ്രതിനിധി ഇ. ഗോപിനാഥന്‍ പാലക്കാട് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ മുന്നറിയിപ്പു നല്‍കി.
ബസ് സമരത്തെത്തുടര്‍ന്ന് യാത്രാക്ലേശം രൂക്ഷമായ സ്ഥലങ്ങളില്‍ കെഎസ്ആര്‍ടിസി കൂടുതല്‍ സര്‍വീസ് നടത്തി. സമാന്തര സര്‍വീസുകളെയും ടാക്സികളെയുമാണ് ഇവിടങ്ങളില്‍ ജനങ്ങള്‍ ആശ്രയിക്കുന്നത്. കൊച്ചിയില്‍ കെഎസ്ആര്‍ടിസി പ്രത്യേക ബോട്ട് സര്‍വീസ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ സമാന്തര സര്‍വീസുകള്‍ കൂടുതല്‍ പണം ഈടാക്കുന്നതായി നാട്ടുകാര്‍ പരാതിപ്പെടുന്നു.
കടലുണ്ടി അപകടത്തെത്തുടര്‍ന്ന് തീവണ്ടി ഗതാഗതം നിലച്ച മലബാര്‍ മേഖലയിലാണ് ബസ് സമരം മൂലം ജനങ്ങള്‍ ഏറെ ദുരിതമനുഭവിക്കുന്നത്. കെഎസ്ആര്‍ടിസി ചില റൂട്ടുകളില്‍ പ്രത്യേക സര്‍വീസ് നടത്തിയപ്പോള്‍ നിലവിലുള്ള സര്‍വീസുകള്‍ പലതും മുടങ്ങിക്കിടക്കുകയാണെന്ന് യാത്രക്കാര്‍ ആരോപിച്ചു. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഒട്ടേറെ കെഎസ്ആര്‍ടിസി ബസ്സുകള്‍ സ്പെയര്‍പാര്‍ട്സുകളില്ലാത്തതു കാരണം കട്ടപ്പുറത്തായത് യാത്രാദുരിതം വര്‍ദ്ധിപ്പിച്ചു.
നികുതി വര്‍ദ്ധനവ് ഒരു കാരണവശാലം പിന്‍വലിക്കില്ലെന്ന് ഗതാഗത മന്ത്രി കെ.ബി. ഗണേശ് കുമാര്‍ കൊച്ചിയില്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. ബസ്നിരക്ക് എത്ര വേണമെങ്കിലും വര്‍ദ്ധിപ്പിക്കുന്നതില്‍ ബസ്സുടമകള്‍ക്ക് സന്തോഷമാണുള്ളത്. എന്നാല്‍ നികുതി വര്‍ദ്ധിപ്പിക്കാന്‍ പാടില്ല. കേരളത്തിലെ ബസ്സുടമകള്‍ക്ക് വിവിധ സംഘടനകള്‍ ഉണ്ട്. അവയ്ക്കെല്ലാം വിവിധ ആവശ്യങ്ങളാണുന്നയിക്കാനുള്ളത്. ഇവയൊന്നും സര്‍ക്കാര്‍ അംഗീകരിക്കാന്‍ പോകുന്നില്ല - മന്ത്രി വിശദീകരിച്ചു.
സ്വകാര്യ ബസ്സുകള്‍ സമരം തുടരുകയാണെങ്കില്‍ കൊച്ചി ഉള്‍പ്പെടെയുള്ള നഗരങ്ങളില്‍ കെഎസ്ആര്‍ടിസി സ്ഥിരം സര്‍വീസുകള്‍ നടത്തുന്ന കാര്യം സര്‍ക്കാര്‍ പരിഗണിക്കുമെന്ന് മന്ത്രി പറഞ്ഞു. ദേശസാല്‍കൃത റൂട്ടുകളില്‍ ഘട്ടംഘട്ടമായി സ്വകാര്യ ബസ് സര്‍വീസുകളെ ഒഴിവാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.












Click it and Unblock the Notifications