കെസിഎച്ച്ആര്‍ പിരിച്ചുവിടല്‍ തീരുമാനം സ്റേ ചെയ്തു
കൊച്ചി: സംസ്ഥാന ചരിത്ര ഗവേഷണ കൗണ്‍സില്‍ (കെസിഎച്ച്ആര്‍) പിരിച്ചുവിടാനും കൗണ്‍സിലിന്റെ സ്വത്ത്വകകള്‍ ഗസറ്റിയര്‍ വകുപ്പിന് കൈമാറാനുമുള്ള സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം ഒരു മാസത്തേക്ക് ഹൈക്കോടതി സ്റേ ചെയ്തു.
കൗണ്‍സില്‍ ചെയര്‍മാന്‍ ഡോ.പി.ജെ.ചെറിയാന്‍, അംഗങ്ങളായ ഡോ.രാജന്‍ കുരിക്കള്‍, ഡോ.എം.ആര്‍.രാഘവവാര്യര്‍, ഡോ.കെ.എം.ഗണേഷ് എന്നിവര്‍ സമര്‍പ്പിച്ച ഹര്‍ജിയിന്മേല്‍ ജസ്റിസ് ജി.ശിവരാജനാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
സപ്തംബര്‍ 22ന് സര്‍ക്കാര്‍ കൈകൊണ്ട തീരുമാനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹര്‍ജി നല്‍കിയത്. 1955ലെ തിരുവിതാംകൂര്‍-കൊച്ചി ലിറ്റററി സയന്റിഫിക് ആന്റ് ചാരിറ്റബിള്‍ സൊസൈറ്റീസ് ആക്ട് പ്രകാരം സ്ഥാപിച്ച ചാരിറ്റബിള്‍ സൊസൈറ്റിയാണ് ചരിത്ര ഗവേഷണ കൗണ്‍സിലെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി. സൊസൈറ്റിയിലെ നാലില്‍ മൂന്ന് ഭാഗം അംഗങ്ങളുടെ പിന്തുണയുണ്ടെങ്കില്‍ മാത്രമേ കൗണ്‍സില്‍ പിരിച്ചുവിടാനാവുകയുള്ളൂവെന്നും സര്‍ക്കാരിന് കൗണ്‍സില്‍ പിരിച്ചുവിടാന്‍ അധികാരമില്ലെന്നും ഹര്‍ജിയില്‍ വ്യക്തമാക്കുന്നു.












Click it and Unblock the Notifications