വെള്ളാപ്പള്ളിക്കും പള്ളിക്കുമിടയില്‍ കുഴങ്ങുന്ന യുഡിഎഫ്
തിരുവനന്തപുരം: മദ്യനയത്തിന്റെ കാര്യത്തില്‍ കക്ഷത്തിലുള്ളത് പോകാതെ ഉത്തരത്തില്‍ ഇരിക്കുന്നത് എടുക്കാന്‍ ശ്രമിക്കുകയാണ് യുഡിഎഫ്.
കള്ള്ഷാപ്പുകള്‍ അബ്കാരികള്‍ക്ക് ലേലം ചെയ്ത് നല്‍കാന്‍ യുഡിഎഫ് തത്വത്തില്‍ തീരുമാനിച്ചതായിരുന്നു. എന്നാല്‍ അത് വ്യക്തമായി പറയാന്‍ പോലും പറ്റാത്ത സ്ഥിതിയിലാണ് യുഡിഎഫ് നേതൃത്വം. കള്ള്ഷാപ്പ് സഹകരണസംഘങ്ങള്‍ പിരിച്ചുവിടുന്ന കാര്യത്തില്‍ യുഡിഎഫ് അന്തിമ തീരുമാനം എടുത്തിട്ടില്ലെന്ന് മന്ത്രി ഹസന്‍ സപ്തംബര്‍ 25 ചൊവാഴ്ച വ്യക്തമാക്കിയിരിക്കുകയാണ്.എന്നാല്‍ കഴിഞ്ഞ യുഡിഎഫ് യോഗത്തില്‍ ഇക്കാര്യത്തില്‍ തീരുമാനമായി എന്നാണ് കണ്‍വീനര്‍ ഉമ്മന്‍ചാണ്ടി പറഞ്ഞത്.
അന്തിമ തീരുമാനമെടുത്തിട്ടില്ല എന്നു തന്നെയാണ് യുഡിഎഫ് നേതാക്കള്‍ ഞങ്ങളോട് പറഞ്ഞത്. കെപിസിസി നിര്‍വാഹക സമിതി കൂടി ഇക്കാര്യത്തില്‍ ചര്‍ച്ച ചെയ്യേണ്ടതുണ്ടെന്ന് ഉമ്മന്‍ചാണ്ടി വ്യക്തമാക്കിയിട്ടുണ്ട്- കേരളാ കാത്തലിക്ക് ബിഷപ്സ് കൗണ്‍സിലിന്റെ കീഴിലുള്ള മദ്യവിരുദ്ധ സമിതിയുടെ അധ്യക്ഷനും തിരുവനന്തപുരം ബിഷപ്പുമായ ഡോ. സൂസപാക്യം മലയാളം ഇന്ത്യാ ഇന്‍ഫോയോട് പറഞ്ഞു. സൂസപാക്യത്തിന്റെ നേതൃത്വത്തില്‍ മദ്യവിരുദ്ധ സമിതി പ്രവര്‍ത്തകര്‍ സപ്തംബര്‍ 24 തിങ്കളാഴ്ച യുഡിഎഫ് നേതാക്കളെ സന്ദര്‍ശിച്ചിരുന്നു.
എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെയും യുഡിഎഫിലെ ഘടകകക്ഷിയായ ജെഎസ്എസിന്റെയും സമ്മര്‍ദം മുറുകുമ്പോള്‍ കള്ള്ഷാപ്പുകള്‍ അബ്കാരികള്‍ക്ക് നല്‍കുമെന്ന് യുഡിഎഫ് പ്രഖ്യാപിക്കുന്നു. വിവിധ ക്രൈസ്തവ സഭകളും വി. എം. സുധീരനെ പോലെയുള്ള നേതാക്കളും ഈ നീക്കത്തെ എതിര്‍ക്കുമ്പോള്‍ പറഞ്ഞത് വിഴുങ്ങാനും യുഡിഎഫ് മടിക്കുന്നില്ല.
ഒരു സമുദായത്തിന്റെ പാരമ്പര്യ തൊഴിലിനെ തകര്‍ത്ത് അവരെ തെരുവിലിറക്കാനാണ് മദ്യവിരുദ്ധ സമിതി ശ്രമിക്കുന്നതെന്നാണ് വെള്ളാപ്പള്ളി നടേശന്റെ ആരോപണം. പള്ളികളില്‍ വിതരണം ചെയ്യുന്ന വീഞ്ഞില്‍ 17 ശതമാനം ആള്‍ക്കഹോള്‍ ഉള്ളപ്പോള്‍ കള്ളില്‍ അത് ഏഴ് ശതമാനം മാത്രമാണെന്ന് വെള്ളാപ്പള്ളി പറഞ്ഞു.
പള്ളികളില്‍ ആരും വീഞ്ഞ് കുടിച്ച് പൂസാകുന്നില്ല. ഏതാനും തുള്ളികള്‍ മാത്രമാണ് ആചാരത്തിന്റെ ഭാഗമായി പള്ളികളില്‍ വിതരണം ചെയ്യുന്നത്. അതൊരു ആഗോള ആചാരമാണ്. വീഞ്ഞ് ക്രിസ്തുവിന്റെ രക്തമാണെന്നാണ് വിശ്വാസം. ചില മരുന്നുകളില്‍ ആള്‍ക്കഹോള്‍ ചേര്‍ക്കുന്നുണ്ടല്ലോ. ഒരു ക്രിസ്ത്യാനിയും വീഞ്ഞ് ഒരു മദ്യമായി ഉപയോഗിക്കുന്നില്ല എന്ന് വെള്ളാപ്പള്ളി മനസിലാക്കണം. ഇങ്ങനെയൊക്കെ പറയുന്നത് അപഹാസ്യകരമാണ്- സൂസപാക്യം പറഞ്ഞു.
ക്രിസ്ത്യാനികളോട് അബ്കാരി ബിസിനസില്‍ നിന്നും മാറി നില്‍ക്കാന്‍ മദ്യവിരുദ്ധ സമിതി ആവശ്യപ്പെടുമോ?
തീര്‍ച്ചയായും. ഞങ്ങള്‍ അത് പരസ്യമായി തന്നെ ആവശ്യപ്പെടാന്‍ തയാറാണ്. സഭയുടെ പ്രധാന സ്ഥാനങ്ങള്‍ മദ്യവുമായി ബന്ധമുള്ളവര്‍ക്ക് നല്‍കരുതെന്ന് മെത്രാന്മാരുടെ സമ്മേളനത്തില്‍ തീരുമാനിച്ചിട്ടുണ്ട്. അത് ഘട്ടംഘട്ടമായി നടപ്പാക്കും.
കള്ള്ഷാപ്പ് സഹകരണസംഘങ്ങള്‍ പിരിച്ചുവിടുന്നതിനെ കുറിച്ച് പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ യുഡിഎഫ് ഒരു ഉപസമിതിയെ നിയോഗിച്ചിരുന്നു. എന്നാല്‍ സമിതിയുടെ പ്രവര്‍ത്തനം വിവിധ ഘടകകക്ഷികളുമായി നടത്തിയ ചര്‍ച്ചകളില്‍ മുട്ടി നില്‍ക്കുകയാണ്.
കള്ള്ഷാപ്പുകള്‍ അബ്കാരികള്‍ക്ക് നല്‍കുകയാണെങ്കില്‍ മദ്യവിരുദ്ധ സമിതിയുമായി ചേര്‍ന്ന് ഞങ്ങള്‍ പ്രക്ഷോഭം സംഘടിപ്പിക്കും. ഇത്തരമൊരു തീരുമാനം സര്‍ക്കാര്‍ എടുക്കുമെന്ന് തോന്നുന്നില്ല- കേരളാകാത്തലിക്ക് യൂത്ത് മൂവ്മെന്റ് സംസ്ഥാന പ്രസിഡന്റ് സണ്ണി കടുത്താഴം മലയാളം ഇന്ത്യാ ഇന്‍ഫോയോട് പറഞ്ഞു.
വെള്ളാപ്പള്ളി നടേശന്‍ മദ്യവിരുദ്ധ പ്രക്ഷോഭത്തെ വര്‍ഗീയവല്‍ക്കരിക്കാന്‍ ശ്രമിക്കുകയാണെന്ന് മലങ്കര മാര്‍ത്തോമ സഭയുടെ അധ്യക്ഷന്‍ ഡോ. ഫിലിപ്പോസ് മാര്‍ ക്രിസ്തോസം മെത്രാപ്പോലീത്തയും ആരോപിക്കുന്നു. വെള്ളാപ്പള്ളി മുഴുവന്‍ ഈഴവസമുദായത്തിന്റെയും പ്രതിനിധിയാണെന്ന് കരുതുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
എസ്എന്‍ഡിപി നേതൃത്വത്തിന്റെ നിര്‍ദേശമനുസരിച്ച് ഈഴവര്‍ യുഡിഎഫിന് വോട്ട് നല്‍കി അധികാരത്തിലെത്തിച്ചത് കള്ള്ഷാപ്പുകള്‍ അബ്കാരികള്‍ക്ക് നല്‍കുമെന്ന ഉറപ്പിന്മേലാണെന്നും ഇതില്‍ നിന്നും പുറകോട്ട് പോയാല്‍ യുഡിഎഫിന് തിരിച്ചടിയുണ്ടാകുമെന്നും വെള്ളാപ്പള്ളി മുന്നറിയിപ്പ് നല്‍കുന്നു. അതിനിടെയാണ് സമ്പൂര്‍ണ മദ്യനിരോധനമെന്ന് പ്രകടനപത്രികയില്‍ എവിടെയോ പറഞ്ഞിട്ടുള്ളത് യുഡിഎഫിന് തലവേദനയാകുന്നതും. എന്തായാലും കള്ളിന്റെ കാര്യത്തില്‍ വെള്ളാപ്പള്ളിക്കും പള്ളിക്കുമിടയില്‍ വെള്ളം കുടിക്കുകയാണ് യുഡിഎഫ്.












Click it and Unblock the Notifications