യുഎന്‍ ഓഫീസ് താലിബാന്‍ പിടിച്ചെടുത്തു
കാബൂള്‍: അഫ്ഗാനിസ്ഥാനിലെ കാണ്ടഹാറില്‍ പ്രവര്‍ത്തിച്ചിരുന്ന ഐക്യരാഷ്ട്ര സഭാ (യുഎന്‍) ഓഫീസ് താലിബാന്‍ ഭരണകൂടം പിടിച്ചെടുത്തു. വാര്‍ത്താവിനിമയ ബന്ധം വിച്ഛേദിക്കുകയും ചെയ്തിട്ടുണ്ട്. ജീവകാരുണ്യപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുന്ന ഗവണ്‍മെന്റേതര ഓഫീസുകളും പിടിച്ചെടുത്തിരിക്കുകയാണ.
ഉടന്‍തന്നെ ഉണ്ടായേക്കാവുന്ന അമേരിക്കന്‍ ആക്രമണം നേരിടുന്നതിന്റെ ഭാഗമായാണ് താലിബാന്‍ ഈ ഓഫീസുകള്‍ പിടിച്ചെടുത്തത്. യുദ്ധമുണ്ടായാല്‍ യുഎന്‍ ഓഫീസിലെ വാര്‍ത്താവിനിമയ ഉപകരണങ്ങള്‍ വിവരങ്ങള്‍ കൈമാറാന്‍ ഉപയോഗിക്കപ്പെട്ടേക്കും എന്ന സംശയത്തിലാണ് താലിബാന്‍ ഈ ഓഫീസുകള്‍ പിടിച്ചെടുത്ത് വാര്‍ത്താവിനിമയബന്ധങ്ങള്‍ വിച്ഛേദിച്ചതെന്ന് കരുതുന്നു.
പുറംലോകവുമായി ബന്ധപ്പെട്ടാന്‍ ഒരു ഹൈ ഫ്രീക്വന്‍സി റേഡിയോയെങ്കിലും പ്രവര്‍ത്തിപ്പിക്കാന്‍ അനുവദിക്കണമെന്ന് യുഎന്‍ താലിബാനോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. എന്നാല്‍ ഈ ആവശ്യത്തിന് താലിബാന്‍ വഴങ്ങിയിട്ടില്ല.
ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഓഫീസുകള്‍ പിടിച്ചെടുത്തതിനാല്‍ രാജ്യത്തെ ജീവകാരുണ്യപ്രവര്‍ത്തനങ്ങളെ അത് സാരമായി ബാധിച്ചിട്ടുണ്ടെന്ന് യുഎന്‍ വക്താവ് സ്റെഫാനി ബങ്കര്‍ പറഞ്ഞു.
ആഭ്യന്തര കലാപം രൂക്ഷം
അതിനിടെ അഫ്ഗാനിസ്ഥാന്റെ വടക്കന്‍ മേഖലയില്‍ താലിബാനും പ്രതിപക്ഷ സേനയും തമ്മില്‍ രൂക്ഷമായ പോരാട്ടം തുടരുകയാണെന്ന് റിപ്പോര്‍ട്ടുകളുണ്ട്. പോരാട്ടത്തിനൊടുവില്‍ വടക്കന്‍ പട്ടണമായ സാരിബസാറില്‍ നിന്ന് താലിബാന്‍ സേനയെ തുരത്തി പ്രതിപക്ഷം നിലയുറപ്പിച്ചിരിക്കുകയാണ്. താലിബാന്‍ ഈ വാര്‍ത്ത സ്ഥിരീകരിച്ചിട്ടുണ്ട്.
അമേരിക്കയുടെ സഹായത്തോടെയാണ് അഫ്ഗാന്‍ വിമതര്‍ ഇപ്പോള്‍ പോരാട്ടം നടത്തുന്നത്. മൂന്ന് വടക്കന്‍ ജില്ലകളിലും പ്രതിപക്ഷസേന ഇപ്പോള്‍ കനത്ത ആക്രമണം നടത്തിവരികയാണ്. ഇതില്‍ ഒരു ജില്ല താലിബാനില്‍ നിന്ന് പിടിച്ചെടുത്തിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.












Click it and Unblock the Notifications