സ്ഫോടനം: തീവണ്ടി പാളം തെറ്റി; 100 പേര്‍ക്ക് പരിക്ക്
ഗുവാഹത്തി: അസമില്‍ ബോഡോ തീവ്രവാദികള്‍ സ്ഫോടനം നടത്തിയതിനെത്തുടര്‍ന്ന് തീവണ്ടി പാളം തെറ്റി 100 പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരില്‍ 40 പേരുടെ നില ഗുരുതരമാണ്.
സപ്തംബര്‍ 25 ചൊവാഴ്ച രാത്രി ഏഴു മണിയോടടുത്ത് ബോംഗൈഗോണ്‍ ജില്ലയില്‍ ആണ് സംഭവം നടന്നത്. സ്ഫോടനത്തെത്തുടര്‍ന്ന് ദില്ലി-ഗുവാഹത്തി എക്സ്പ്രസിന്റെ പാര്‍സല്‍ വാനുള്‍പ്പെടെയുള്ള ഏഴു ബോഗികള്‍ പാളം തെറ്റി. രണ്ടു ബോഗികള്‍ക്ക് തീപിടിക്കുകയും ചെയ്തു. തീവണ്ടി ചെറിയൊരു പാലം കടക്കുമ്പോഴാണ് സ്ഫോടനം നടന്നത്. അപകടം നടക്കുമ്പോള്‍ തീവണ്ടിയില്‍ 1,500ഓളം യാത്രക്കാരുണ്ടായിരുന്നതായി പൊലീസ് പറഞ്ഞു.
കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ നടക്കുന്ന വലിയ തീവ്രവാദ ആക്രമണമാണിതെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ വര്‍ഷം പശ്ചിമ അസമില്‍ നടന്ന ഒരു സ്ഫോടനത്തില്‍ 11 സൈനികര്‍ മരിച്ചിരുന്നു. 1998 ഡിസംബര്‍ 31ന് ബ്രഹ്മപുത്ര മെയിലില്‍ സ്ഫോടനമുണ്ടായതിനെത്തുടര്‍ന്ന് 33 പട്ടാളക്കാരാണ് മരിച്ചത്.
നിരോധിക്കപ്പെട്ട തീവ്രവാദ സംഘടനയായ നാഷണല്‍ ഡെമോക്രാറ്റിക് ഫ്രണ്ട് ഓഫ് ബോഡോലാന്‍ഡ് (എന്‍ഡിഎഫ്ബി) ആണ് ആക്രമണത്തിന് പിന്നിലെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. ബോഡോ ഗോത്രവര്‍ഗക്കാര്‍ക്ക് സ്വതന്ത്ര രാജ്യം വേണമെന്നാവശ്യപ്പെട്ടാണ് ഭൂട്ടാന്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന എന്‍ഡിഎഫ്ബി തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്.












Click it and Unblock the Notifications